സൗദിയിലെ അരാംകോ കേന്ദ്രങ്ങളിലെ ആക്രമണം ; സൗദിയ്ക്ക് പിന്തുണയുമായി കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 17, 2019

കുവൈറ്റ് : സൗദിയിലെ അരാംകോ കേന്ദ്രങ്ങളിലെ ആക്രമണത്തില്‍ അപലപിച്ച് കുവൈറ്റ്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തന്നതിനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് കുവൈറ്റിന്റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗനീം വ്യക്തമാക്കി.

സൗദിയുടെ അരാംകോ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ നല്‍കിയത് ഇറാനെന്ന് വ്യക്തമാക്കി യെമന്‍ അറബ് സഖ്യസേന രംഗത്തെത്തിയിട്ടുണ്ട്‌. യെമനിലെ ഹൂതികള്‍ക്ക് ഇറാന്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സൗദിക്ക് പിന്തുണ നല്‍കുമെന്നും യെമനിലെ അറബ് സഖ്യസേന അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഇത്ര വലിയ ആക്രമണം നടത്താന്‍ അവര്‍ക്ക് സാധ്യമല്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഡ്രോണിന്റ ഉത്ഭവ സ്ഥാനത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. അന്വേഷണത്തിന് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണവും സൗദി വിദേശകാര്യ മന്ത്രാലയം തേടിയിട്ടുണ്ട്.

×