കുവൈറ്റില്‍ പ്രവാസികള്‍ക്കടക്കം വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍; പലര്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖതയെന്ന് സര്‍വേ ഫലം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കടക്കം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കും.

വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ആദ്യ ഘട്ടത്തില്‍ സമൂഹത്തിലെ ഒന്നിലധികം വിഭാഗങ്ങള്‍ക്ക് നല്‍കാനായി ആരോഗ്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, മുതിര്‍ന്നവര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ളവര്‍ എന്നിവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കും.

ഫൈസറില്‍ നിന്ന് 10ലക്ഷം വാക്‌സിന്‍ ഡോസുകളും, മൊഡേണയുടെ 17 ലക്ഷം ഡോസുകളും, ഓക്‌സഫഡ്-അസ്ട്രാസെനെക്കയുടെ 30 ലക്ഷം ഡോസുകളും ഇറക്കുമതി ചെയ്യാനാണ് കുവൈറ്റ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന നിലയില്‍ 28 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയും. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശയില്ല. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം 2020 ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് കുവൈറ്റിലെ ജനസംഖ്യ 35 ലക്ഷം ആണ്. 18 വയസിന് മുകളിലുള്ള 32 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

28 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പലരും ഇത് സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. പ്രാദേശികപത്രം പതിനായിരം പേരില്‍ നടത്തിയ സര്‍വേയില്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് 46 ശതമാനം പേരും സ്വീകരിക്കുമെന്നും 39 ശതമാനം പേരും ഉറപ്പില്ലെന്ന് 15 ശതമാനം പേരും അഭിപ്രായം പങ്കുവച്ചു.

×