Advertisment

പുതുതായി എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ സ്വാഗതമോതി കുവൈറ്റ്; തൊഴിലാളികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ കുവൈറ്റ് പ്രവേശനാനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിലും കുറവ് പേരാണ് ഗാര്‍ഹിക തൊഴിലുകള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയില്‍ നിന്നും തൊഴിലാളികളെത്തുന്നുണ്ടെങ്കിലും ആകെ ഗാര്‍ഹിക തൊഴിലാളികളുടെ 11 ശതമാനം മാത്രമാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

എത്യോപ്യ, നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ കരാര്‍ എന്ന് ഒപ്പിടുമെന്ന് വ്യക്തമല്ല.

ബംഗ്ലാദേശ് പുരുഷ ഗാര്‍ഹിക തൊഴിലാളികളെ മാത്രമാണ് കുവൈറ്റിലേക്ക് അയക്കുന്നത്. ഐവറി കോസ്റ്റ്, ബെനിന്‍, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നും ചെറിയ തോതില്‍ തൊഴിലാളികളെത്തുന്നുണ്ട്.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ അയക്കുന്ന രാജ്യം ഫിലിപ്പീന്‍സാണ്. എന്നാല്‍ ഏകീകൃത കരാറടക്കം പരിഹരിക്കപ്പെടാനുള്ള ചില പ്രശ്‌നങ്ങള്‍ ഫിലിപ്പീന്‍സുമായി നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2020 മാര്‍ച്ചിന് മുമ്പ് കുവൈറ്റും ഫിലിപ്പീന്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത് സ്തംഭിക്കുകയായിരുന്നു. ഇരുരാജ്യങ്ങളിലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ ഏറെക്കുറെ പറഞ്ഞു തീര്‍ത്തിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരാറുകള്‍ ഒപ്പിടാന്‍ സാധിച്ചില്ല.

2019 ഡിസംബര്‍ 28ന് ജീന്‍ലിന്‍ പഡേണല്‍ വിലവെന്‍ഡെ എന്ന ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളി കുവൈറ്റില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2020 ജനുവരി മൂന്നിന് ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നത് ഫിലിപ്പീന്‍സ് വിലക്കിയിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുശേഷം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

ജീന്‍ലിനെ കൊലപ്പെടുത്തിയ കുവൈറ്റ് വനിതയ്ക്ക് 2020 ഡിസംബര്‍ 30ന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയും ഫിലിപ്പീന്‍സ് ഇത് സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.

വധശിക്ഷയെ സ്വാഗതം ചെയ്ത് കുവൈറ്റിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും രംഗത്തെത്തിയിരുന്നു. കുവൈറ്റില്‍ നീതി ഉറപ്പാണെന്ന് ഇത് വ്യക്തമാക്കുന്നതായി റിക്രൂട്ട്‌മെന്റ് ഏജന്‍സി സെക്രട്ടറി പറഞ്ഞിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഫിലിപ്പീന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കി.

പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി 'ബെല്‍സലാമ' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഏവിയേഷന്‍ അധികൃതര്‍ വ്യാഴാഴ്ച അവതരിപ്പിച്ചിരുന്നു.

ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസൃതമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ‘ബെല്‍സലാമ’.

തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നത്, 14 ദിവസത്തെ ക്വാറന്റൈന്‍ ട്രാന്‍സിസ്റ്റ് രാജ്യത്തിന് പകരം കുവൈറ്റില്‍ ഏര്‍പ്പെടുത്തുന്നത് തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റെസിഡന്‍സി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ തൊഴിലാളിക്കും 270 കെ.ഡിയാണ് ഇതില്‍ ചെലവ് വരുന്നത്. പിസിആര്‍ പരിശോധന, ഭക്ഷണം, 14 ദിവസത്തെ ക്വാറന്റൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവാണിത്. എന്നാല്‍ തിരിച്ചെത്തിക്കല്‍ പദ്ധതിയില്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടുന്നില്ല.

എല്ലാ ഗാര്‍ഹിക തൊഴിലാളികളുടെയും കൈവശം തങ്ങള്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന അംഗീകൃത പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുവൈറ്റിലെത്തുമ്പോള്‍ വീണ്ടും പിസിആര്‍ പരിശോധന നടത്തും. ഫലം നെഗറ്റീവായാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.

ക്വാറന്റൈന്‍ പൂര്‍ത്തിയായതിന് ശേഷവും പിസിആര്‍ പരിശോധന നടത്തും. ഫലം നെഗറ്റീവായാല്‍ സ്‌പോണ്‍സറുടെ വീട്ടിലേക്ക് പോകാന്‍ സാധിക്കും. ഫലം പോസിറ്റീവായാല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ആരോഗ്യമന്ത്രാലയത്തിന് ആയിരിക്കും.

കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ കണക്കുകള്‍ (2020 ജൂണ്‍ വരെയുള്ളത്)

Advertisment