വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ ഡോളറിനെ മാറ്റാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നും അല്ലെങ്കില്‍ അമേരിക്കന്‍ വിപണിയോട് ഗുഡ്‌ബൈ പറയേണ്ടിവരുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയത്.
അമേരിക്കന്‍ ഡോളറിന്റെ പങ്ക് ആഗോള വ്യാപാരത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യ, ചൈന, റഷ്യ, യു.എ.ഇ., ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.
അതേസമയം അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ബ്രിക്‌സ് സംഖ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചര്‍ച്ചകളുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.