ലണ്ടന്‍: അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിലുള്ള, രണ്ട് തവണ വധശ്രമത്തെ അതിജീവിച്ച മയക്കുമരുന്ന് തലവന്‍ യു.കെയില്‍ പിടിയില്‍. കൊളംബിയക്കാരനായ ലൂയിസ് ഗ്രിജാല്‍ബയാണ് (43) അറസ്റ്റിലായത്. രഹസ്യമായി നടത്തിയ വിദേശ യാത്രക്കിടെ ലണ്ടനില്‍ വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.
ലൂയിസ് ഗ്രിജാല്‍ബക്കെതിരെ കൊളംബിയയില്‍ കേസില്ലാത്തതിനാല്‍ ഇയാളെ സ്വന്തം രാജ്യത്ത് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍, കോസ്റ്റാ റിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് അമേരിക്കയില്‍ നിരവധി കേസുണ്ട്. ഇയാളെ പിടികൂടാന്‍ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു അമേരിക്കന്‍ ഏജന്‍സികള്‍.
രഹസ്യമായി വിദേശയാത്രകള്‍ നടത്തുകയാണ് ലൂയിസ് ഗ്രിജാല്‍ബയുടെ പതിവ്. ഇത്തവണ ഭാര്യയോടൊപ്പം യു.കെ യാത്രയും നടത്തിയിരുന്നു. ഇതിനിടെ ലണ്ടനില്‍ വെച്ച് ഇയാളുടെ ഭാര്യ ഒരുമിച്ചുള്ള ഒരു സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട അമേരിക്കന്‍ ഏജന്‍സി യു.കെ അധികൃതരുമായി ബന്ധപ്പെടുകയും ലണ്ടന്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് ലൂയിസ് ഗ്രിജാല്‍ബയെ പിടികൂടുകയുമായിരുന്നു.