അസര്‍ബൈജാന്‍: 38 പേരുടെ ജീവനെടുത്ത അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ദുരന്തത്തിനു പിന്നില്‍ റഷ്യ തന്നെയെന്ന് ആരോപിച്ച് അസര്‍ബൈജാന്‍.
തകര്‍ച്ചയിലേക്ക് വീഴുന്ന തരത്തില്‍ വിമാനത്തിനു കേടുപാടുകള്‍ ഉണ്ടാക്കിയത് റഷ്യയുടെ ഭാഗത്തുനിന്നുള്ള വെടിവെപ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു.
വിമാനാപകടത്തിന്റെ കാരണം മറച്ചുവക്കാനാണ് റഷ്യ ശ്രമിച്ചതെന്നും എത്രയും വേഗം ദുരന്തത്തില്‍ റഷ്യ കുറ്റസമ്മതം നടത്തണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
67 യാത്രക്കാരില്‍ 38 പേര്‍ കൊല്ലപ്പെട്ട അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ മറച്ചുവെക്കാന്‍ റഷ്യയിലെ ചില വൃത്തങ്ങള്‍ ശ്രമിച്ചതില്‍ തനിക്ക് ദുഖവും പ്രയാസവുമുണ്ട്.
പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളും ദുരന്തത്തിനു പിന്നാലെ സൃഷ്ടിക്കപ്പെട്ടെന്നും കാരണങ്ങളും തെറ്റുകളും മറച്ചുവക്കാനായി റഷ്യ തിടുക്കം കാട്ടുന്നതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അസര്‍ബൈജന്‍ പറയുന്നു.
റഷ്യ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാജ്യത്തിനും ഇരകളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും വിമാനം തകര്‍ത്തതിന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ അസര്‍ബൈജാന്‍ ക്രെംലിനിന് നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഞായറാഴ്ച പറഞ്ഞു.