ധാക്ക: ബംഗ്ലാദേശില്‍ പടര്‍ന്നുപിടിച്ച് ഡെങ്കിപ്പനി. മരണം 400-കടന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഡെങ്കിപ്പനിയെത്തുടര്‍ന്ന് 78,595 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.
നവംബര്‍ പകുതിയോടെ രാജ്യത്ത് 4,173 രോഗികള്‍ ചികിത്സയിലുണ്ട്. അവരില്‍ 1,835 പേര്‍ തലസ്ഥാനമായ ധാക്കയിലും 2,338 പേര്‍ മറ്റിടങ്ങളിലുമാണ്. താപനിലയും മണ്‍സൂണ്‍ കാലവും പനി പടരുന്നതിന് കാരണമായെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
'ഒക്ടോബറില്‍ പോലും മണ്‍സൂണ്‍ പോലെയുള്ള മഴയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു, ഇത് അസാധാരണമാണ്,' ജഹാംഗീര്‍നഗര്‍ സര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ കബീറുല്‍ ബാഷര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം രോഗാണുക്കളെ വഹിക്കുന്ന ഈഡിസ് ഈജിപ്റ്റി കൊതുകിന് വളരാനുള്ള അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരങ്ങളിലെ ജനസാന്ദ്രത രോഗത്തിന്റെ വ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. സാധാരണയായി ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത് ഡെങ്കി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്.
നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നല്‍കിയാല്‍ ഡെങ്കിപ്പനി മൂലമുള്ള മരണം ഒരുശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയുമെന്ന് ഡോ എബിഎം അബ്ദുള്ള പറഞ്ഞു.