ഡെല്‍ഹി : ആദായ നികുതി പരിധി ഉയര്‍ത്തിയതും 36 മരുന്നുകളുടെ തീരുവ എടുത്തുകളഞ്ഞതും പോലുളള ജനപ്രിയ തീരുമാനങ്ങളെ ചുറ്റിപ്പറ്റിയാണ് കേന്ദ്ര ബജറ്റിനെ സംബന്ധിച്ച ചര്‍ച്ച. എന്നാല്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന സുപ്രധാനമായ തീരുമാനങ്ങളിലൊന്ന് ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതാണ്.
ആദായ നികുതി പരിധി ഉയര്‍ത്തിയ വമ്പന്‍ തീരുമാനം സൃഷ്ടിച്ച അമ്പരപ്പില്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മാത്രം. സ്വകാര്യവത്കരണത്തിനും, നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വന്‍തോതില്‍ അവസരം ഒരുക്കി നല്‍കുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാന്‍ അവതരിപ്പിച്ച എട്ടാമത്തെ ബജറ്റ്.
നിലവില്‍ 74 ശതമാനം മാത്രമായിരുന്ന ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപം 100 ശതമാനാക്കുന്ന വിപ്‌ളവകരമായ തീരുമാനമാണ് നിര്‍മലാ സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കഴിയുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ നിര്‍മല സീതരാമന്‍ നടത്തിയത്.
ഇപ്പോള്‍ ഇന്ത്യന്‍ വിദേശ സംയുക്ത സംരംഭകരാണ് ഇന്‍ഷുറന്‍സ് മേഖലയിലുളളത്. നേരിട്ടുളള നിക്ഷേപത്തിന്റെ പരിധി 100 ശതമാനമാകുന്നതോടെ വിദേശ കമ്പനികള്‍ക്ക് സ്വന്തമായി ഇന്‍ഷുറന്‍സ് സംരംഭങ്ങളില്‍ നിക്ഷേപം നടത്താം.
ഇത് ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ നിക്ഷേപത്തിന് അരങ്ങൊരുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മിലുളള മത്സരം പ്രീമിയം കൂടുന്നത് തടയാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സഹായകരമാകും.
പ്രീമിയം തുകയില്‍ അടക്കം മാറ്റം ഉണ്ടാകുന്നതും ആനുകൂല്യം വര്‍ദ്ധിക്കുന്നതും ജനങള്‍ക്ക് ഗുണകരമാണ്. അമേരിക്ക പോലുളള വികസിത രാജ്യങ്ങളിലേ പോലെ എല്ലാ പൌരന്മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാനും 100 ശതമാനം വിദേശ നിക്ഷപം അനുവദിക്കാനുളള നിര്‍ണ്ണായകമായ തീരുമാനം തുണക്കും.
2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി പുതിയ തീരുമാനം മാറുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയിലെ കുത്തകകളായ എല്‍.ഐ.സി, ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് ബജറ്റ് പ്രഖ്യാപനം വെല്ലുവിളി ഉയര്‍ത്തും.
കടുത്ത മത്സരത്തെ അതിജീവിക്കാന്‍ സജ്ജരാകുക എന്നതിനൊപ്പം ആകര്‍ഷകമായ പോളിസികള്‍ ആവിഷ്‌കരിക്കാനും ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുളള നടപടിക്രമം ലഘൂകരിക്കാനും നിര്‍ബന്ധിതമാകും.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചെങ്കിലും ചില വ്യവസ്ഥകളുമുണ്ടാകും. അതില്‍ പ്രധാനം പ്രീമിയം തുക രാജ്യത്ത് തന്നെ നിക്ഷേപം നടത്തണമെന്നതാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നതാണ് കേന്ദ്ര ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതില്‍ തുറന്നുകൊണ്ട് അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ആണവ നിലയങ്ങള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഈ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണന വ്യക്തമാക്കി.100 ഗിഗാ വാട്ട് ശേഷിയുളള ആണവ നിലയങ്ങള്‍ സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
പൊതു- സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായുളള ചില പ്രഖ്യാപനങ്ങളും ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയാണ്. പിപിപി മാതൃകയിലുളള അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും. 50 വര്‍ഷത്തെ കാലയളവ് കൊണ്ട് തിരിച്ചടക്കുന്ന പലിശരഹിത വായ്പ അനുവദിക്കുന്നതിനായി 1.5 ലക്ഷം കോടി രൂപയാണ് നീക്കി വയ്ക്കുക.