ബീജിങ്ങ്: ടെക് ലോകത്തെ ശതകോടീശ്വരന്മാരായ എലോണ്‍ മസ്‌കിന്റെയും ഇന്ത്യന്‍ വംശജനായ സംരംഭകന്‍ വിവേക് രാമസ്വാമിയുടെയും നേതൃത്വത്തില്‍ പുതിയ വകുപ്പുമായി ഗവണ്‍മെന്റിനെ മാറ്റിമറിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ചൈനയ്ക്ക് ഭീഷണിയാകുമെന്ന് ചൈനീസ് നയ ഉപദേഷ്ടാവ് ഷെങ് യോങ്‌നിയന്‍. കാര്യക്ഷമതയുള്ള യു.എസ് ഭരണസംവിധാനം ചൈനക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
''കൂടുതല്‍ കാര്യക്ഷമമായ യുഎസ് രാഷ്ട്രീയ സംവിധാനം ചൈനയുടെ നിലവിലെ സംവിധാനത്തില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചൈനക്ക് മാത്രമല്ല, യൂറോപ്പിനും ഇത് നേരിടേണ്ടിവരും,'' ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഷെന്‍ഷെന്‍ കാമ്പസിലെ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി ഡീന്‍ കൂടിയായ ഷെങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ബൈചുവാന്‍ ഫോറത്തില്‍ സംസാരിക്കവെ പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസില്‍ നടക്കുന്ന മാറ്റങ്ങളില്‍ നിന്നായിരിക്കാം ചൈനക്ക് ഏറ്റവും വലിയ സമ്മര്‍ദം നേരിടേണ്ടിവരിക. എന്നാല്‍, ഭരണസംവിധാനത്തില്‍ മസ്‌കിനെപോലുള്ള പ്രതിഭകള്‍ കൊണ്ടുവരുന്ന പരിഷ്‌കാരത്തെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുഎസിലേക്കുള്ള ചൈനയുടെ 427 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതിയില്‍ 60 ശതമാനം താരിഫുകള്‍ ചുമത്തുമെന്ന ഭീഷണിയുമായാണ് അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ട്രംപ് അധികാരത്തില്‍ എത്തുന്നത്.