ഒരു ലക്ഷം ഏക്കറില്‍ സൗജന്യ കൃഷി സഹായങ്ങള്‍ നല്‍കുവാന്‍ ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭ ട്രസ്റ്റ്. കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൗജന്യമായി മരുന്നടിക്കാന്‍ പദ്ധതി

അടുത്ത നാല് മാസത്തിനുള്ളില്‍ കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ഒരു ലക്ഷം ഏക്കര്‍ കൃഷിയിടങ്ങളില്‍ സൗജന്യ കൃഷി സഹായങ്ങളുമായി ട്രസ്റ്റ് എത്തും. 

New Update
harihara puthra 1

കൊച്ചി:ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭ ട്രസ്റ്റ് ഒരു ലക്ഷം ഏക്കറില്‍ സൗജന്യ കൃഷി സഹായങ്ങള്‍ നല്‍കുവാന്‍ പദ്ധതിയൊരുക്കുന്നു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പായ ഫ്യുസലേജ് ഇന്നോവേഷന്‍സുമായി കൈകോര്‍ത്ത്, ആധുനിക സാങ്കേതികതയുടെ പ്രയോജനം കാര്‍ഷികമേഖലയിലേക്ക് എത്തിക്കുന്നതിനാണ് ട്രസ്റ്റ് ശ്രമിക്കുന്നത്. കൃഷിയിടങ്ങളില്‍  ഡ്രോണ്‍ ഉപയോഗിച്ച് സൗജന്യമായി മരുന്നടിക്കാനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം.

Advertisment

അടുത്ത നാല് മാസത്തിനുള്ളില്‍ കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ഒരു ലക്ഷം ഏക്കര്‍ കൃഷിയിടങ്ങളില്‍ സൗജന്യ കൃഷി സഹായങ്ങളുമായി ട്രസ്റ്റ് എത്തും. 

ട്രസ്റ്റ് പൂര്‍ണ ധനസഹായം നല്‍കികൊണ്ട്, കാര്‍ഷിക മേഖലയില്‍ ആവശ്യമായ സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും ഒരുക്കുകയും ആധുനിക കാര്‍ഷികമാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയിലേക്ക് ഫ്യുസലേജിന്റെ സഹായത്തോടെ പുതിയ പദ്ധതികള്‍ നടപ്പാക്കും. അര്‍ഹരായ കര്‍ഷകരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട വളം, ഉപകരണങ്ങള്‍, പരിപാലന സഹായം എന്നിവ ഉള്‍പ്പടെ സൗജന്യമായി നല്‍കും. 


കൂടാതെ ആദിവാസി സമൂഹത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനത്തെ വിപുലപ്പെടുത്താനും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലയ്ക്കലിലും ശബരിമല മേഖലയിലും ഉള്ള അനേകം ആദിവാസി കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ വര്‍ഷങ്ങളായി ട്രസ്റ്റ് നല്‍കുന്നുണ്ട്. ആലപ്പുഴ മുല്ലക്കല്‍  ആസ്ഥാനമായാണ് ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
 
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ കാര്‍ഷികമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംരംഭം കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പത്ത് നിലനിര്‍ത്താനും ആധുനികതയിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനും കഴിവുള്ളതാണെന്ന് ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അജയ് കുമാര്‍, ട്രസ്റ്റിമാരായ അനൂപ് കുമാര്‍, ഗിരീഷ്, ഫ്യുസലേജ് ഇന്നോവേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ അറിയിച്ചു.

സൗജന്യസേവനങ്ങള്‍ ഉടനെ തന്നെ  പ്രാവര്‍ത്തികമാക്കും. സേവനസംബന്ധമായ സംശയങ്ങള്‍ക്കും ബുക്കിങ്ങിനും +91 90742 97668 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭ ട്രസ്റ്റും ഫ്യുസലേജ് ഇന്നോവേഷന്‍സും ഒരു ലക്ഷം ഏക്കറില്‍ സൗജന്യ കൃഷി സഹായങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ധാരണാപത്രം കൈമാറുന്നു.

 

Advertisment