Advertisment

കെഎസ് യുഎമ്മിന്റെ 'ഹഡില്‍ ഗ്ലോബല്‍ 2024'  28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷകര്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ആറാം പതിപ്പിന്  28ന് കോവളത്ത് തുടക്കമാകും.

New Update
Pic 1

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ആറാം പതിപ്പിന്  28ന് കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം 28ന് വൈകിട്ട് നാലിന് കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനു മുന്‍പായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും.

Advertisment

ഡീപ്‌ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ നവംബര്‍ 30 വരെ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമായിരിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കുമെന്നും അനൂപ് അംബിക പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഹൈപവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍, നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി എന്നിവര്‍ ഉദ്ഘാടന സെഷനിലെ വിശിഷ്ടാതിഥികളാണ്.

Pic 2

എമര്‍ജിങ്‌ടെക് സോണ്‍, ഡീപ്‌ടെക് സോണ്‍ എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന എക്‌സ്‌പോയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് വേദിയാകും. വിജ്ഞാന സെഷനുകള്‍, ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, ഡീപ്‌ടെക് സ്റ്റുഡന്റ് ഇന്നൊവേഷന്‍സ് തുടങ്ങിയ പരിപാടികള്‍ ഡീപ്‌ടെക് സോണിന്റെ ഭാഗമായി നടക്കും. പ്രായോഗിക അനുഭവങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ഭാവിസാധ്യതകള്‍ മനസിലാക്കുന്നതിന് പരിപാടി അവസരമൊരുക്കും. ഊര്‍ജ്ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങള്‍ എമര്‍ജിങ് ടെക്‌നോളജി സോണില്‍ പ്രദര്‍ശിപ്പിക്കും.
           
കൃഷി, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തന്‍ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിള്‍ ചര്‍ച്ചകളും ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ഭാഗമായി നടക്കും. നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകളിലൂടെ (ജിസിസി) ലഭ്യമാകുന്ന ബിസിനസ് സാധ്യതകളെ കുറിച്ച് സംസാരിക്കും.

നിക്ഷേപകര്‍, ഫണ്ട് ഓഫ് ഫണ്ട് പ്രതിനിധികള്‍, മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് എന്നിവരുമായുള്ള റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ ധനകാര്യ മന്ത്രി കെ എന്‍. ബാലഗോപാല്‍ സംസാരിക്കും.

വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഡീപ്‌ടെക് ടാലന്റുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു സംസാരിക്കും.

ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ ഭാഗമാകും.

ആഗോള സാസ് ദാതാവായ സോഹോ കോര്‍പ്പറേഷന്റെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, പ്രമുഖ ചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍ മുഖ്യപ്രഭാഷകരാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ്, കെഎസ്‌ഐഡിസി എംഡി എസ്.ഹരികിഷോര്‍ എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടും.

ഗവേഷണ-വികസന സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍, ബഹിരാകാശ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയിലും പങ്കാളികള്‍ ഏര്‍പ്പെടും. വിവിധ സെഷനുകളിലായി ഓട്ടോണമസ് വെഹിക്കിള്‍സ്, ഗ്രീന്‍ ഹൈഡ്രജന്‍, ക്വാണ്ടം ടെക്‌നോളജീസ് തുടങ്ങിയ പ്രധാന വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാല്‍സ്റ്റോം, സ്വിറ്റ്‌സര്‍ലന്‍ഡ് കോണ്‍സല്‍ ജനറല്‍ ജോനാസ് ബ്രണ്‍ഷ്വിഗ്, യുകെ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്രൂപ്പ്‌സിഇഒ റിച്ചാര്‍ഡ് മക്കല്ലം, ഓസ്‌ട്രേലിയ കോണ്‍സല്‍ ജനറല്‍ സിലായ്‌സാക്കി, ഇന്ത്യയിലെ ചിലി ട്രേഡ് കമ്മീഷണര്‍ ജോര്‍ജ്ജ് ലയോള കാസ്‌ട്രോ എന്നിവര്‍ 'സ്‌കെയിലിംഗ് ഗ്ലോബലി-ദി കണ്‍ട്രി പെഴ്‌സ്‌പെക്റ്റീവ്' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ സെഷനില്‍ ഒത്തുചേരും.

28 ന് രാവിലെ 11 മുതല്‍ 'വളരുന്ന സാങ്കേതികവിദ്യകളും സാങ്കേതിക തരംഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണവും' എന്ന കേന്ദ്ര പ്രമേയത്തില്‍ നടക്കുന്ന സെഷനില്‍ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ (ഗ്രീന്‍ ഹൈഡ്രജന്‍-ഫ്യുവലിംഗ് ദി ഫ്യൂച്ചര്‍ വിത്ത് ക്ലീന്‍ എനര്‍ജി ഇന്‍ എഐ ഇറ), സൈജെനോം ലാബ്‌സ് സ്ഥാപകനും ചെയര്‍മാനുമായ സാം സന്തോഷ് (കേരള ജെനോമിക് ഡാറ്റ സെന്റര്‍-ആന്‍ ഓവര്‍വ്യൂ), കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എക്‌സ്റ്റേണല്‍ ലിങ്കേജ് ആന്‍ഡ് പ്രൊജക്ട്‌സ് ഡീന്‍ ഡോ. അലക്‌സ് ജെയിംസ് (ഗ്രഫീന്‍: അണ്‍ലോക്കിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ടെക്‌നോളജി ആന്‍ഡ്  ഇന്‍ഡസ്ട്രി), കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ (ഗ്രീന്‍ ഓപ്പണ്‍ ആക്‌സസ് രജിസ്ട്രി) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

28 ന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന 'ഇക്കണോമിക് ഡൈവേഴ്‌സിഫിക്കേഷന്‍ ത്രൂ പോര്‍ട്ട് ഡ്രിവണ്‍ ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്റേഴ്‌സ്: ദി വിഴിഞ്ഞം പോര്‍ട്ടല്‍' എന്ന സെഷനില്‍ വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, വിഴിഞ്ഞം പോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍, സിസ്റ്റംസ് ടെക്‌നോളജീസ് എംഡി അനില്‍ രാജ്, ഡിസിഎസ്എംഎടി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ പങ്കെടുക്കും.

വന്‍ വികസന, നിക്ഷേപ സാധ്യതകളുള്ള മൂന്ന് സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട റൗണ്ട് ടേബിള്‍ സമ്മേളനങ്ങളും ഹഡിലില്‍ നടക്കും. കാര്‍ഷിക മേഖല, ബഹിരാകാശ-പ്രതിരോധ മേഖല, സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുന്ന ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റേഴ്‌സ് (ജിസിസി) എന്നീ വിഷയങ്ങളിലാണ് റൗണ്ട് ടേബിളുകള്‍ നടക്കുക. നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക ചര്‍ച്ചയില്‍ ഈ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരും വിദഗ്ധരും ജിസിസിയില്‍ ഭാഗമാകും. ബഹിരാകാശ-പ്രതിരോധ വിദഗ്ധര്‍ ഈ മേഖലയിലെ സാധ്യതകള്‍ അവതരിപ്പിക്കും.

ഹഡില്‍ ഗ്ലോബലിലെ സംരംഭകര്‍, ഉപദേഷ്ടാക്കള്‍, നിക്ഷേപകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ സുഗമവും തടസ്സമില്ലാത്തതുമായ നെറ്റ് വര്‍ക്കിംഗിനായി പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ബിസിനസ് സഹകരണങ്ങളും ആശയങ്ങളുടെ കൈമാറ്റവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. വിവിധ സെഷനുകള്‍, വേദികള്‍, പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും എന്നിവ ഉള്‍പ്പെടെ ഹഡില്‍ ഗ്ലോബല്‍ 2024 നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ ഉണ്ട്. ഉപദേഷ്ടാക്കള്‍, നിക്ഷേപകര്‍, പ്രഭാഷകര്‍, എക്‌സിബിറ്റേഴ്‌സ്, സ്റ്റാര്‍ട്ടപ്പുകള്‍, അവരുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പ് നല്‍കും. പ്രതിനിധികള്‍ക്ക് നിക്ഷേപകരെയും ഉപദേഷ്ടാക്കളെയും കാണുന്നതിനുള്ള ടൈംസ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ്‌റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഎആര്‍-സിടിസിആര്‍ഐ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എന്‍ഐഇഎല്‍ഐടി), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), കേരള സ്‌പേസ് പാര്‍ക്ക് (കെ-സ്‌പേസ്), കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ), നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (കെഎസ്സിഎസ്ടിഇ-നാറ്റ്പാക്), ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്നിവ ഹഡില്‍ ഗ്ലോബല്‍-2024 ന്റെ പങ്കാളികളാണ്.

കെഎസ് യുഎം സീനിയര്‍ മാനേജര്‍ അശോക് പഞ്ഞിക്കാരന്‍, കെഎസ് യുഎം പിആര്‍ ആന്‍ഡ് മീഡിയ അസിസ്റ്റന്റ് മാനേജര്‍ അഷിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:  ംംം.വൗററഹലഴഹീയമഹ.രീ.ശി

Advertisment