മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ വന്‍ തീപിടിത്തം. 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെയോടാണ് തീ പടര്‍ന്നത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഒരു വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നതായി മനില ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. എട്ട് മണിക്കൂറോളം തീ ആളിപ്പടര്‍ന്നെങ്കിലും ആളപായത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ ആറ് പേര്‍ മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളുണ്ട്.
തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്നിശമന സേനയെ സഹായിക്കാന്‍ ഫിലിപ്പീന്‍സ് വ്യോമസേന രണ്ട് വിമാനങ്ങളും ഫയര്‍ ബോട്ടുകളും വിന്യസിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി.
ഏകദേശം രണ്ടായിരത്തോളം കുടുംബങ്ങളെയാണ് തീപിടുത്തം ബാധിച്ചത്. തീ ആളിപ്പടര്‍ന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അവിടെയുള്ള മിക്ക വീടുകളും ലൈറ്റ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ആ പ്രദേശം തീപിടുത്തത്തിന് സാധ്യതയുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തീപിടിത്തത്തിന്റെ കൃത്യമായ കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.