Advertisment

ആഗോള കമ്പനികള്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കേരളത്തെ തിരഞ്ഞെടുക്കുന്നതായി മന്ത്രി പി രാജീവ്. ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി

തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനുള്ള കരാര്‍ എട്ട് കമ്പനികള്‍ക്ക് കേരള വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി.

New Update
invest kerala

തിരുവനന്തപുരം: തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനുള്ള കരാര്‍ എട്ട് കമ്പനികള്‍ക്ക് കേരള വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി. ഇതില്‍ ഒരു കമ്പനി ആന്ധ്രാപ്രദേശില്‍ നിന്ന് പിന്‍മാറിയതാണ്. എല്ലാ കമ്പനികളുടെയും മൊത്തം നിക്ഷേപം 70 കോടി രൂപയാണ്. ആദ്യ ഘട്ടത്തില്‍ 700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

Advertisment

ധാരാളം ലോകോത്തര കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് കേരളത്തെ തെരഞ്ഞെടുക്കുന്നു എന്നത് കേരളം വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (കെഎല്‍ഐപി) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.
 
കേരളത്തില്‍ വ്യവസായം ആരംഭിക്കുന്നത് പ്രയാസകരമാണ് എന്നതില്‍ നിന്നും ഇവിടെ സംരംഭം തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത യൂണിറ്റുകൂടി പ്രവര്‍ത്തനം തുടങ്ങാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

 ലോകത്തിലാദ്യമായി ഐബിഎം രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എച്ച്‌സിഎല്‍ കൊച്ചിയില്‍ വികസന കേന്ദ്രം തുടങ്ങുകയും തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസ, ആരോഗ്യം, സാമൂഹ്യക്ഷേമം മേഖലകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായിക രംഗത്തും കേരളം മുന്നേറുന്നു എന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ള മനുഷ്യശേഷിയാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത.

 കണക്ടിവിറ്റി രംഗത്തും മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്തിനുള്ളത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ വളരെവേഗത്തിലും എളുപ്പത്തിലുമുള്ളതാണെന്നും ഏതാനും മിനിറ്റുകള്‍ക്കകം കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎല്‍ഐപി സിഇഒ കെ എസ് പ്രവീണ്‍ സ്വാഗതവും കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് നന്ദിയും പറഞ്ഞു. കെഎല്‍ഐപി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

എട്ട് കമ്പനികളില്‍ അഞ്ചെണ്ണം പാര്‍ക്കില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ബാക്കിയുള്ളവ പാര്‍ക്കില്‍ നിലവിലുള്ള ബില്‍റ്റ് അപ് ഏരിയയില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനികളുടെ നിര്‍മ്മാണ പ്ലാന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍പ്രോഡക്ട്‌സ്, സസ്‌കാന്‍ മെഡിടെക്, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ മോളിക്യുലാര്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, ഹനുമത് ഏജന്‍സീസ്, ആല്‍വര്‍‌സ്റ്റോണ്‍ എന്നീ അഞ്ച് കമ്പനികള്‍ക്ക് 700 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയും. ലോക്‌സൈം മെഡിടെക്, ജിനാലക്‌സ് ഓസിയേറ്റ്‌സ്, എലിമന്‍ മെഡിക്കല്‍ ഡിവൈസസ് എന്നീ മൂന്ന് കമ്പനികളാണ് പാര്‍ക്കില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്.

Advertisment