കോട്ടയം: നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കണമെന്നും വികേന്ദ്രീയരീതിയില്‍ പരിശീലനം ലഭ്യമാക്കണമെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി തെള്ളകം എക്സ്‌കാലിബര്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എട്ടു മുതല്‍ 10 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ഗൈഡന്‍സ് നല്‍കി ഇഷ്ടമുള്ള തൊഴില്‍ മേഖല തെരഞ്ഞെടുക്കാനുള്ള ദിശാബോധം നല്‍കണം. പലമേഖലയിലും വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിദഗ്ധ പരിശീലനവും നൈപുണ്യവികസന പരിശീലനവും ഗുണമേന്മയോടെ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു. കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റ്റി.വി. വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ദേശീയ റബര്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി. അറുമുഖം, കെ.എ.എസ്.ഇ. ഫിനാന്‍സ് ഓഫീസര്‍ എം. എസ്. ലത എന്നിവര്‍ പ്രസംഗിച്ചു.
കെ.എ.എസ്.ഇ മാനേജര്‍ സുബിന്‍ ദാസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എച്ച്.എം. വിനുത, മാനേജര്‍ ആര്‍ അനൂപ്, അസിസ്റ്റന്റ് മാനേജര്‍ ആര്‍.കെ. ലക്ഷ്മിപ്രിയ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ജില്ലയില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന ചെറുതും വലുതുമായ പൊതു- സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് ഉച്ചകോടി നടത്തിയത്.