വാഷിംഗ്ടണ്‍: എണ്ണ, പ്രകൃതിവാതക ഖനനപദ്ധതി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബൈഡന്റെ നീക്കം. കടല്‍ തീരമേഖല സംരക്ഷണത്തിനുള്ള 1953 ലെ ഔട്ടര്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ് ലാന്‍ഡ്സ് ആക്ട് (ഒസിഎസ്എല്‍എ) പ്രയോജനപ്പെടുത്തിയാണ് ബൈഡന്‍ ട്രംപിന്റെ ഭാവിയിലെ തീരദേശ ഖനന വിപുലീകരണ പദ്ധതികള്‍ക്ക് തടയിടുന്നത്.
ഭാവിയിലെ എണ്ണ, വാതക ഖനനത്തില്‍ നിന്ന് 625 ദശലക്ഷം ഏക്കര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്.
ജനുവരി 20 ട്രംപ് പ്രസിഡന്റ് സ്ഥാനം ഏല്‍ക്കാനിരിക്കെ അദ്ദേഹത്തിന്റെ പ്രഥമ പരിഗണനകളില്‍ പെട്ട പദ്ധതിയാണ് ഫോസില്‍ ഇന്ധന വിപുലീകരണം. ഈ പദ്ധതികളെ സങ്കീര്‍ണ്ണമാക്കുന്ന താണ് വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ ഡ്രില്ലിംഗ് ചെയ്യുന്നത് നമുക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ക്ക് മാറ്റാനാവാത്ത നാശനഷ്ടമുണ്ടാക്കും, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിന്റെ ആവശ്യവുമില്ലെന്ന് ബെഡന്‍ പറഞ്ഞു.
വരാനിരിക്കുന്ന പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് ഈ തീരുമാനത്തെ അപമാനകരമായ രാഷ്ട്രീയ പ്രതികാര നടപടിയെന്നാണ് വിശേഷിപ്പിച്ചത്.
ഡ്രില്ലിംഗ് വര്‍ദ്ധിപ്പിക്കാനും ഗ്യാസ് വില കുറയ്ക്കാനും പ്രസിഡന്റ് ട്രംപിന് അധികാരം നല്‍കിയ അമേരിക്കന്‍ ജനതയോട് കൃത്യമായ രാഷ്ട്രീയ പ്രതികാരത്തിനായി രൂപകല്‍പ്പന ചെയ്ത അപമാനകരമായ തീരുമാനമാണിതെന്ന് ലെവിറ്റ് എക്സ്ല്‍ പോസ്റ്റ് ചെയ്തു.
കോണ്‍ഗ്രസും വരാനിരിക്കുന്ന ഭരണകൂടവും താങ്ങാനാവുന്ന ഊര്‍ജ്ജം, സര്‍ക്കാര്‍ വരുമാനം, ലോകമെമ്പാടുമുള്ള സ്ഥിരത എന്നിവയുടെ നിര്‍ണായക ഉറവിടമായി രാജ്യത്തിന്റെ വിശാലമായ തീരദേശ വിഭവങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണം എന്നാണ് അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് മൈക്ക് സോമര്‍സ് വാദിച്ചത്.