കൊച്ചി: നിര്‍മ്മിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ വിപണിയെ പ്രതിരോധിക്കാതെ അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് .അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി നടത്തിയ റിടെയില്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ചില്ലറവില്‍പന വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗുകമടക്കമുള്ള നൂതനസാങ്കേതികവിദ്യയാണ് ഇന്ന് ഓണ്‍ലൈന്‍ ചില്ലറ വില്‍പന രംഗത്തുള്ളത്.
ഇത്തരത്തില്‍ ടാര്‍ഗെറ്റാഡായ വിപണിയെ പ്രതിരോധിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അതിനെ ഉപയോഗപ്പെടുത്താന്‍ നോക്കണം. പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് എത്ര മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് ഈ മേഖല പരിശോധിക്കേണ്ടത്. ഏറ്റവുമധികം വാങ്ങല്‍ശേഷിയുള്ള വിപണിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള നിക്ഷേപ ഉച്ചകോടി നടത്തുന്നതിനു മുമ്പായി അതിന്റെ നിലമൊരുക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നമ്മുടെ നാട്ടുകാരായ നിക്ഷേപകര്‍ തന്നെയാണ് പ്രധാന സംഭാവന നല്‍കുന്നത്. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള നിയമനിര്‍മ്മാണം, ഭേദഗതി തുടങ്ങിയവ ആദ്യപടിയായി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.
വ്യവസായലോകം സര്‍ക്കാരില്‍ നിന്നെന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കുന്നതിനായാണ് 22 മുന്‍ഗണനാ മേഖലകളെ ഉള്‍പ്പെടുത്തി സമ്മേളനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രഖ്യാപനവും യാഥാര്‍ഥ്യവും തമ്മില്‍ എല്ലാ നിക്ഷേപസംഗമത്തിലും വലിയ അന്തരമുണ്ടാകും. ഇത് മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രഖ്യാപനം യാഥാര്‍ഥ്യബോധമുള്ളതാകണം.
പുതിയ വ്യവസായനയത്തെക്കുറിച്ചുള്ള വിശദമായ അവതരണം വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നടത്തി. ചില്ലറ മേഖലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളും ഭാവി പരിപാടികളും അദ്ദേഹം വിശദീകരിച്ചു.
കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എം ഡി എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
റിടെയില്‍ മേഖലയിലെ സാധ്യതകളും പ്രശ്‌നങ്ങളും വിശകലനം ചെയ്ത് പാനല്‍ ചര്‍ച്ചയും നടന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലുകളുടെ വികസനത്തില്‍ കൂടുതലായി പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇവി ചാര്‍ജ്ജിംഗ് സംവിധാനം കൊണ്ടു വരണം. പ്രാദേശിക ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രഡിറ്റേഷനടക്കമുള്ള കാര്യങ്ങള്‍ ആവശ്യമാണ്. പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമിടയിലെ ജിഎസ്ടി അന്തരം പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു.
വിവിധ റിടെയില്‍ മേഖലകളില്‍ നൂതനസാങ്കേതികവിദ്യ മൂലം വന്ന മാറ്റങ്ങളും അവയുടെ സാധ്യതകളും പ്രശ്‌നങ്ങളും പാനലിസ്റ്റുകള്‍ സദസിനു മുന്നില്‍ അവതരിപ്പിച്ചു.
അസ്വാനി ലച്മന്ദ്ദാസ് ഗ്രൂപ്പ് സിഎംഡി ദീപക് എല്‍ അസ്വാനി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് എം എ മെഹബൂബ്, മെഡിവിഷന്‍ സ്‌കാന്‍ ഡയറക്ടര്‍ ബെര്‍ളി സിറിയിക്, പോപ്പുലര്‍ മോട്ടോഴ്‌സ് എംഡി നവീന്‍ ഫിലിപ്, അമാല്‍ഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് പി കാമത്ത്, ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ആന്‍ഡ് നിറപറ ബിസിനസ് ഹെഡ് വരുണ്‍ ദാസ്, ഹീല്‍ ലൈഫ് സ്ഥാപകന്‍ രാഹുല്‍ മാമ്മന്‍, ഫ്രൂട്ടോമാന്‍സ് ഡയറക്ടര്‍ ടോം തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.