ലുസാക്ക: മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്‍ പുതുവര്‍ഷം ആഘോഷിക്കാനായി തുറന്ന് വിട്ടത് 13 കുറ്റവാളികളെ.
ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം നടന്നത്. ആക്രമണം, കൊള്ള, മോഷണം തുടങ്ങിയ കേസുകളില്‍ കസ്റ്റഡിയില്‍ എടുത്ത 13 പേരെയാണ് തുറന്ന് വിട്ടത്.
എന്നാല്‍ പൊലീസുകാരന്‍ പ്രതീക്ഷിച്ച പോലെ സ്റ്റേഷന് പുറത്തിറങ്ങിയ കുറ്റവാളികള്‍ തിരിച്ച് വന്നില്ല.
സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികള്‍ രക്ഷപ്പെട്ടതോടെ ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടൈറ്റസ് ഫിരി എന്ന ഉദ്യോഗസ്ഥനാണ് പ്രതികളെ തുറന്ന് വിട്ടത്.
സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥന്‍ പാറാവ് ചുമതലയിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരില്‍ നിന്ന് ബലം പ്രയോഗിച്ച് താക്കോല്‍ വാങ്ങിയാണ് പ്രതികളെ തുറന്ന് വിട്ടത്.
സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സെല്ലും പുരുഷ സെല്ലിലും ഉണ്ടായിരുന്നവരേയാണ് ഉദ്യോഗസ്ഥന്‍ തുറന്ന് വിട്ടത്. പോയി പുതുവര്‍ഷം ആഘോഷിക്ക് എന്നുപറഞ്ഞായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി.
15 പേരായിരുന്നു കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 13 പേര്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബോധം വന്നതിന് പിന്നാലെ ചെയ്ത കാര്യം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥനും ഒളിവിലാണ്.