ന്യൂഡല്‍ഹി: ഇനി വിദേശത്തിരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അതിനൊടൊപ്പം നിത്യോപയോഗ സാധനങ്ങളും എത്തിക്കുകയും ചെയ്യാം. സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ വഴിയാണ് വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കായി ഭക്ഷണവും മറ്റ് സാധനങ്ങളും ഓഡര്‍ ചെയ്യാന്‍ സാധിക്കുന്നത്.
ഉത്സവ സീസണോടനുബന്ധിച്ച് പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണമാണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്. 27 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുന്നത്.
അമേരിക്ക, കാനഡ, ജര്‍മനി, യു കെ, ഓസ്‌ട്രേലിയ, യുഎഇ എന്നീ രാജ്യളിലുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യമൊരുക്കുന്നത്. പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ സ്വിഗ്ഗിയില്‍ ലോഗിന്‍ ചെയ്യാം.
ഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുക മാത്രമല്ല ക്വിക് കോമേഴ്‌സ് പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം. ഇത് നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു.പേയ്‌മെന്റ് നടത്താനും വളരെ സിമ്പിളാണ് ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്മെന്റ് നടത്താം.
ദീര്‍ഘ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന സ്വഗ്ഗി വ്യക്തമാക്കി. വിപുലമായ നെറ്റ്വര്‍ക്ക് ഉള്ളതിനാല്‍ വിശാലമായ സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് സ്വിഗ്ഗി വ്യക്തമാക്കി.