ബെര്‍ലിന്‍: സിറിയക്കാരുടെ അഭയ അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. പതിമൂന്ന് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് പിന്നാലെ വിമതര്‍ സിറിയന്‍ തലസ്ഥാനം പിടിച്ചെടുത്തിരുന്നു.
പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. ഇതിനെതുടര്‍ന്നാണ് സിറിയക്കാരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.
സിറിയയിലെ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ 2015-ല്‍ അഭയാര്‍ഥികള്‍ വര്‍ധിച്ചതോടെ ജര്‍മ്മനി അവര്‍ക്ക് ആശ്രയമായിരുന്നു.
അഭയ അപേക്ഷകള്‍ പരിഗണിക്കില്ല
നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ സമൂഹമായി ഏകദേശം ഒരു ദശലക്ഷം സിറിയക്കാരാണ് ജര്‍മനിയിലുള്ളത്. സിറിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മാറുന്നത് വരെ അഭയ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ബെര്‍ലിന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് ഡെന്‍മാര്‍ക്ക് താത്ക്കാലികമായി നിര്‍ത്തി. നിലവിലുള്ള എല്ലാ സിറിയന്‍ അഭയ അപേക്ഷകളും കുടുംബ പുനരേകീകരണങ്ങളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ ആഭ്യന്തര മന്ത്രിയോട് നിര്‍ദ്ദേശിച്ചു
സിറിയക്കാരുടെ അഭയ അപേക്ഷകള്‍ ഇപ്പോള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് നോര്‍വീജിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
താത്ക്കാലികമായി നിര്‍ത്തിവയ്ക്കണം
9,000 സിറിയക്കാരുടെ അഭയ അപേക്ഷകള്‍ ഗ്രീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ ബ്രിട്ടനും അഭയ അപേക്ഷകളിലെ തീരുമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി. നവംബര്‍ അവസാനത്തോടെ 72,420 അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്.