സേലം: തമിഴ്‌നാട്ടിലെ സേലത്ത് ഹൈവേയില്‍ റോഡ് നിര്‍മാണത്തിനിടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. സംഭവം വാഹന യാത്രക്കാര്‍ക്കിടയിലും പരിഭ്രാന്തി പരത്തി.
ചിന്നപ്പംപട്ടിയില്‍ നാലുവരി പാതയുടെ നിര്‍മാണം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പൊട്ടിത്തെറി നടന്നത്. റോഡില്‍ വെളുത്ത വരകള്‍ വരയ്ക്കാനായി എത്തിച്ചതായിരുന്നു സിലിണ്ടറുകള്‍.
ആദ്യം ട്രക്കില്‍ ചെറിയ തീ പടരുന്നത് കാണാം. പിന്നീട് ഒരാള്‍ ബക്കറ്റിലെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത് കാണാനാകും.
എന്നാല്‍, നിമിഷങ്ങള്‍ക്കകം സിലിന്‍ഡര്‍ സ്ഫോടനത്തെ തുടര്‍ന്ന് ട്രക്ക് പൊട്ടിത്തെറിച്ചു. വലിയ തീഗോളം രൂപപ്പെട്ട് ലോറി ഉയര്‍ന്നുപൊങ്ങി റോഡില്‍ പതിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.