സര്‍വരാജ്യ തൊഴിലാളികളേ... സംഘടിക്കുവിന്‍; അറിയാം തൊഴിലാളിദിനം

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ദിനം 1923 മെയ് 1ന് ചെന്നൈയില്‍ ആഘോഷിച്ചു. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് ആദ്യ മെയ് ദിനാഘോഷം സംഘടിപ്പിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
58585888

അന്തര്‍ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളെ ഓര്‍ത്തുള്ള ആഘോഷമാണ് മെയ് ഒന്നിന് ലോകമെങ്ങും നടക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഓര്‍മിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്. മെയ് ദിനം തൊഴിലാളി ദിനമായി ആഘോഷിക്കാത്ത രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടനും. ഇവയൊഴികെ മിക്ക രാജ്യങ്ങളിലും തൊഴിലാളി ദിനമായാണ് മെയ് ഒന്ന് ആചരിക്കുന്നത്.

Advertisment

1886 മെയ് ഒന്നിന് പ്രാബല്യത്തില്‍ വരത്തക്കവിധം 8 മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് 1884ല്‍ ചിക്കാഗോയിലെ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ കമ്പനികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്. 1872ല്‍ കാനഡയില്‍ തൊഴിലാളികള്‍ നേടിയ വിജയമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. 

ഇതേത്തുടര്‍ന്ന് 1886ല്‍ ചിക്കാഗോയില്‍ സമരം നടന്നു. തുടര്‍ന്ന് കലാപവും. അതിന് ശേഷം 8 മണിക്കൂര്‍ ജോലി നിയമമാക്കിയ ഉത്തരവും ഇറക്കി. 1894ലും 1919ലും മെയ് ദിന കലാപങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ഓര്‍മ്മപുതുക്കലായാണ് മെയ് ഒന്നിന് മെയ് ദിനം ആഘോഷിക്കുന്നത്.

അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ചൂഷണത്തില്‍ നിന്ന് അവരെ സംരക്ഷിക്കാനുമായി ലോകമെമ്പാടും തൊഴിലാളി ദിനം ആഘോഷിക്കുന്നു. 

ഇന്ത്യയില്‍ തൊഴിലാളി ദിനം വിവിധ പേരുകളില്‍..

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ദിനം 1923 മെയ് 1ന് ചെന്നൈയില്‍ ആഘോഷിച്ചു. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് ആദ്യ മെയ് ദിനാഘോഷം സംഘടിപ്പിച്ചത്. പാര്‍ട്ടി നേതാവ് സഖാവ് ശിങ്കാരവേലര്‍ ഈ അവസരത്തില്‍ ആഘോഷിക്കാന്‍ രണ്ട് യോഗങ്ങള്‍ സംഘടിപ്പിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലാളി ദിനം വ്യത്യസ്ത പേരുകളില്‍ ആഘോഷിച്ചു. ഏറ്റവും ജനപ്രിയമായ പേര് മെയ് ദിനമാണ്. 

തൊഴിലാളി ദിനം ഹിന്ദിയില്‍ കംഗാര്‍ ദിന്, കന്നഡയില്‍ കാര്‍മിക ദിനചരണേ, തെലുങ്കില്‍ കാര്‍മിക ദിനോത്സവം, മറാത്തിയില്‍ കംഗര്‍ ദിവസ്, തമിഴില്‍ ഉഴൈപാലര്‍ ദിനം, മലയാളത്തില്‍ തൊഴിലാളി ദിനം, ബംഗാളിയില്‍ ഷ്രോമിക് ദിബോഷ് എന്നിങ്ങനെ അറിയപ്പെടുന്നു.