അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷിചെയ്യാം വെണ്ട

Thursday, June 3, 2021

മഴക്കാലത്തും നല്ല വിളവ് നല്‍കുന്ന പച്ചക്കറിയും അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഇനവുമാണ് വെണ്ട. മേയ്, ജൂണ്‍ മാസങ്ങളാണ് വെണ്ടക്കൃഷിക്ക് ഏറ്റവും അനുയോജ്യം. ഗ്രോബാഗിലും നിലത്തുമെല്ലാം ഒരേ പോലെ വിളവും ലഭിക്കും. നിലത്ത് നടുമ്പോള്‍ ഇടയ്ക്ക് വെയില്‍ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം.

ഇപ്പോള്‍ വെണ്ട നട്ടാല്‍ കാലവര്‍ഷം ശക്തമാകുമ്പോഴേക്കും തൈ വലുതാവും. പിന്നീട് പെയ്യുന്ന ശക്തമായ മഴയെ അതിജീവിക്കുവാന്‍ ചെടിക്ക് ശക്തി ലഭിക്കുകയും മഴക്കാലത്തും നല്ല വിളവു ലഭിക്കുകയും ചെയ്യും. രണ്ടുമാസത്തിനകം ആദ്യ വിളവെടുക്കാമിപ്പോള്‍ കൃഷി തുടങ്ങിയാല്‍.

ഗ്രോബാഗ്/ചാക്ക് എന്നിവയിലെ കൃഷി രീതി

സാധാരണ ഗതിയില്‍ പറിച്ചു നടുന്ന വിളയല്ല വെണ്ട. മേല്‍ മണ്ണ്, ചകിരിച്ചോര്‍, കാലിവളം അല്ലെങ്കില്‍ ചൂട് കുറഞ്ഞ തണുത്ത കോഴിക്കാഷ്ടം/ മണ്ണിര കമ്പോസ്റ്റ് കുറച്ച് വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി എന്നിവയെല്ലാം കൂടി കൂട്ടിയിളക്കി ഗ്രോബാഗിന്റെ 70 % നിറയ്ക്കണം. തുടര്‍ന്ന് വെണ്ട വിത്ത് പാകാം. ഒരു മണിക്കൂര്‍ എങ്കിലും വിത്ത് വെള്ളത്തിലിട്ടു വെക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും. നടില്‍ മിശ്രിതം നിറയ്ക്കുന്ന സമയം ഉണങ്ങിയ കരിയില പൊടിച്ച് ഗ്രോബാഗിന്റെ പല ഭാഗങ്ങളിലായി ഇടുന്നതു മണ്ണ് വളക്കൂറുള്ളതാക്കാന്‍ സഹായിക്കും. ഒപ്പം മണ്ണില്‍ വായു സഞ്ചാരമുറപ്പാക്കാനുമിതു സഹായിക്കും.

വളപ്രയോഗം

എല്ലാതരം ജൈവവളങ്ങളും വിവിധഘട്ടത്തില്‍ നല്‍കാം. 15-20 ദിവസം കൂടുമ്പോഴെങ്കിലും ഏതെങ്കിലും രീതിയിലുള്ള വളപ്രയോഗം നടത്തണം. വളങ്ങള്‍ പരമാവധി പൊടി രൂപത്തിലും, കലക്കി ഒഴിക്കുവാന്‍ പറ്റുന്നവയുമാണ് നല്ലത്. കോഴിവളം, മണ്ണിര കമ്പോസ്റ്റ്, ചാരം എന്നിവയെല്ലാം ഉപയോഗിക്കാം.

×