സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ' ദിൽ ബേചാരെ ' , സഞ്ജയ് ദത്തിന്റെ ' സഡക് 2 ' എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ - രാഘവാ ലോറൻസ് ചിത്രമായ ' ലക്ഷ്‍മി ബോംബും ' ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്.
ദീപാവലി വെടിക്കെട്ടായി നവംബർ 9 - നാണ് ചിത്രം ഒടിടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക. ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കയാണ്.
തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. കിയാരാ അദ്വാനിയാണ് നായിക.
ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന 'ലക്ഷ്മി ബോംബി' ലെ മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, എന്നിവരാണ്.
അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്‌മി ബോംബി' ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരാധകർ ആകാംഷയോടെ കാത്തിരിക്കയാണ്.
അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു . 'ലക്ഷ്‍മി ബോംബ് ' അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് .