ഡൽഹി : ദേശീയ എൻജിനീയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനപരീക്ഷാ നടപടികൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉടൻ ആരംഭിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ (ജെഇഇ മെയിൻ) ആദ്യ സെഷൻ ജനുവരി മൂന്നാം ആഴ്ചയിലും രണ്ടാം സെഷൻ ഏപ്രിൽ രണ്ടാം ആഴ്ചയിലും നടക്കുമെന്നാണു വിവരം. ആദ്യ സെഷന്റെ റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും.
മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) മേയ് 5ന് ആകും നടക്കുക. റജിസ്ട്രേഷൻ ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണു വിവരം. ബിരുദ പ്രവേശന പരീക്ഷ (സിയുഇടി യുജി) നേരത്തേ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മേയ് 21നാണ് പരീക്ഷ ആരംഭിച്ചത്.
ജൂൺ പകുതിയോടെ തീർക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 2 തവണ നീട്ടിയതിനാൽ ജൂൺ 23നാണ് പരീക്ഷ പൂർത്തിയായത്. ജൂലൈ പകുതിയിലാണു ഫലമെത്തിയത്. ഈ പശ്ചാത്തലത്തിലാണു പരീക്ഷ നേരത്തേ ആരംഭിക്കാനുള്ള തീരുമാനം. മേയ് ആദ്യ ആഴ്ച ആരംഭിച്ചു ജൂൺ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കും.