ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന കമാന്‍ഡ് കേന്ദ്രമാണ് തലച്ചോര്‍. അതുകൊണ്ടു തന്നെ നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ദീര്‍ഘ നേരമുള്ള ഇരിപ്പ് തലച്ചോറിന്റെ മീഡിയല്‍ ടെംപറല്‍ ലോബിന് മാറ്റങ്ങള്‍ വരുത്താം. ഓര്‍മകളുണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് മുഖ്യ സ്ഥാനമുണ്ട്. ദീര്‍ഘനേരത്തെ ഇരിപ്പ് മേധാക്ഷയത്തിനും ഓര്‍മക്കുറവിനും കാരണമാകും. ഇതിനെ തടുക്കാന്‍ ദിവസവും 15 മുതല്‍ 30 വരെ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്.
മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്കുവീതം ദിവസം ഏഴു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം ലഭിക്കാറില്ലെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്‌മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്‌നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് ആവശ്യമാണ്.
നിരന്തരമായ സമ്മർദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗത്തെ ചുരുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ഈ പ്രദേശം ഓര്‍മ, പഠനം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവയിലൂടെയെല്ലാം സമ്മർദം നിയന്ത്രിച്ച്ു നിര്‍ത്തേണ്ടതാണ്.