15 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം നരേനും മീര ജാസ്മിനും ഒരുമിക്കുന്ന ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ചെമ്പകപൂവെന്തെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ജോ പോളിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കി. ഹരിചരൺ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അർജുൻ.ടി.സത്യൻ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു.
മീര ജാസ്മിൻ, നരേൻ എന്നിവരെക്കൂടാതെ ശ്വേതാ മേനോൻ, രമേഷ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ‘ക്വീൻ എലിസബത്തി’ൽ വേഷമിടുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.