തൃശ്ശൂർ : തൃശ്ശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സി.ഐ. ജി. ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണ് സി.ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. സി.ഐ. കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്.ഐ. ടി.ആർ. ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്കെതിരേ നടപടി.
ക്രൈംബ്രാഞ്ച് എസ്.ഐ. ടി.ആർ. ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരിൽ നെടുപുഴ സി.ഐ. ടി.ജി. ദിലീപ്‌കുമാർ കള്ളക്കേസ് എടുക്കുകയായിരുന്നു. എന്നാൽ എസ്.ഐ. മദ്യപിച്ചിരുന്നില്ലെന്ന് അന്നുതന്നെ ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന ഇന്റലിജൻറ്‌സും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയ്ക്കെതിരേയുള്ള കേസ് കള്ളക്കേസാണ് എന്ന് തെളിഞ്ഞത്.
ജൂലായ് 30നായിരുന്നു സംഭവം. സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ ആമോദിന് വഴിയിൽ സഹപ്രവർത്തകന്റെ ഫോൺവിളിയെത്തി. തുടർന്ന് സമീപത്തെ മരക്കമ്പനിവളപ്പിലേക്ക് കയറി ഫോണിൽ സംസാരിച്ചു. ആ സമയത്ത് സി.ഐ. അവിടെയെത്തി മരക്കമ്പനിക്കുള്ളിൽക്കയറി. സി.ഐ. നടത്തിയ പരിശോധനയിൽ അവിടെ മദ്യക്കുപ്പികളും മറ്റും കണ്ടെത്തി. ഇതിന്റെ പേരിലാണ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ് എടുത്തത്. സ്വകാര്യ മിൽ ആയതിനാൽ ഇത് പൊതുസ്ഥലമെന്ന ഗണത്തിൽ വരുന്നില്ല. മാത്രമല്ല, മദ്യവും മറ്റും ഒരുക്കിയിരുന്നത് എസ്.ഐ. അല്ലെന്നും വ്യക്തമായിരുന്നു.
വൈകീട്ട് ആറേകാലോടെ കസ്റ്റഡിയിലെടുത്ത എസ്.ഐ.യെ പത്തേകാൽ വരെ സ്റ്റേഷനിൽ ഇരുത്തി. സംഭവസ്ഥലത്തുനിന്ന് തയ്യാറാക്കേണ്ട സീഷർമഹസർ സ്റ്റേഷനിൽ എത്തിയ ശേഷമാണ് തയ്യാറാക്കിയത്. മദ്യം കണ്ടെത്തിയതിന് 100 മീറ്ററോളം അകലെയാണ് എസ്.ഐ. നിന്നിരുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് കേസെടുക്കുകയും സസ്‌പെൻഷനുള്ള വഴിയൊരുക്കുകയും ചെയ്തത്.
ആമോദ് പോലീസിലെ ഉന്നതർക്കും മുഖ്യമന്ത്രിക്കും പോലീസ് കംപ്ളയിന്റ് അതോറിട്ടിക്കും നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയും കേസ് വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു.