നിങ്ങൾ എത്രത്തോളം ഉറങ്ങുന്നു അല്ലെങ്കിൽ ചർമ്മത്തെ പരിപാലിക്കുന്നു, ഉറക്കക്കുറവ്, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാം. നിർജ്ജലീകരണമാണ് മറ്റൊരു കാരണം. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലെങ്കിൽ കണ്ണുകൾക്ക് താഴെയുള്ള ചർമ്മം മങ്ങിയതും ചുളിവുകളുള്ളതുമാകുകയും കറുപ്പ് കൂടുതൽ പ്രകടമാകുകയും ചെയ്യും. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്.
കടകളിൽ നിന്ന് വാങ്ങുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. എന്നാൽ അവ വാങ്ങി പണം കളയുന്നതിനേക്കാൾ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാകും കൂടുതൽ നല്ലത്.
ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 96% വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒരു കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ 20 മിനുട്ട് നേരം വയ്ക്കുക. ഇത് കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും സഹായിക്കും.
ഗ്രീൻ ടീയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായകമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, തിളക്കം നൽകുകയും ചെയ്യുന്നു. കറുത്ത പാടുകൾ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ ബാഗ് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്. ഉരുളക്കിഴങ്ങിൽ അസെലൈക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തിൽ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങളോ നീരോ ഉപയോഗിക്കുന്നത് കറുത്ത പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ കുറയ്ക്കും.
തക്കാളി ജ്യൂസാണ് മറ്റൊരു ചേരുവക. ഒരു പഞ്ഞി എടുത്ത് തക്കാളി ജ്യൂസിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. തക്കാളിയിലെ ടാൻ നീക്കം ചെയ്യുന്നതിന് ഈ പാക്ക് സഹായകമാണ്. മാത്രമല്ല, തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.