Advertisment

ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ല

കാർഡ് ഉടമകൾക്ക് ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ ശേഖരിച്ചു വേണം, കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം (എൻഎഫ്എസ്) റേഷൻ നൽകാൻ.

New Update
kjhgfdsdfghjkjhuygtfrdtfgyh

തിരുവനന്തപുരം ∙സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ല. ഇപ്പോഴത്തെ കരാർ കാലാവധി അവസാനിക്കുന്ന 30നുശേഷം യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങുന്ന ഗുരുതര അവസ്ഥയാകും ഉണ്ടാകുക. കാർഡ് ഉടമകൾക്ക് ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ ശേഖരിച്ചു വേണം, കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം (എൻഎഫ്എസ്) റേഷൻ നൽകാൻ.

Advertisment

സംസ്ഥാനത്തെ 14,335 റേഷൻ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളുടെ 3 വർഷത്തെ പരിപാലനക്കരാറിനു സംസ്ഥാന സർക്കാരിനു വേണ്ടി സപ്ലൈകോയാണ് കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചത്. കരടു വ്യവസ്ഥകൾ സംബന്ധിച്ച് 8 കമ്പനികളുമായി പ്രീ ബിഡ് ചർച്ചകൾ നടന്നിരുന്നു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാൻ കമ്പനികൾ തയാറായില്ല.

ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണിക്കുമായി 2018 ഫെബ്രുവരിയിലാണ് ആദ്യം കരാർ ഒപ്പിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക്‌വെൽ ടെലിസിസ്റ്റംസ് എന്ന സ്വകാര്യ കമ്പനിയാണ് 51.16 കോടി രൂപയ്ക്ക് 5 വർഷത്തേക്കു കരാർ നേടിയത്. കരാറിന്റെ കാലാവധി കഴിഞ്ഞ മേയിൽ തീർന്നു. തുടർന്ന് 6 മാസത്തേക്കു കൂടി കരാർ നീട്ടി നൽകി.

പിഴത്തുക കൂടുതൽ കർശനമാക്കിയതാണ് ടെൻഡർ പരാജയപ്പെടാൻ കാരണമെന്നറിയുന്നു. 4 മണിക്കൂറിനകം യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണു വ്യവസ്ഥ. ശേഷമുള്ള ഓരോ മണിക്കൂറിനും 1000 രൂപ വീതമാണു പിഴ. ഇത് ഉയർത്തിയതിനൊപ്പം സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിച്ചില്ലെങ്കിൽ 5000 രൂപ വരെ പിഴയെന്ന പുതിയ വ്യവസ്ഥയും കമ്പനികൾക്കു സ്വീകാര്യമായില്ല. ഇ പോസ് സോഫ്റ്റ്‌വെയറുകൾ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് തയാറാക്കിയിട്ടുള്ളത്. ഇതിലെ പിഴവിനു തങ്ങൾ ഉത്തരവാദികളാകുന്നത് എങ്ങനെയെന്നാണ് കമ്പനികളുടെ ചോദ്യം. 

#e-pos-services-likely-to-end-in-ration-shops
Advertisment