/sathyam/media/media_files/67fN979Hqj2V5skHdp2E.jpg)
തിരുവനന്തപുരം: ലോകം മുഴുവൻ ലൈവായി കണ്ട നിയമസഭ കൈയാങ്കളി കേസിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് തുടരന്വേഷണം നടത്തിക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ട പരീക്ഷണമായോ എന്നാണ് നിയമവൃത്തങ്ങൾ സംശയിക്കുന്നത്. തുടരന്വേഷണം പൂർത്തിയായയെന്നും മുൻ അന്വേഷണത്തിലേതിൽ കൂടുതലായി ഒന്നും കണ്ടെത്താനായില്ലെന്നുമുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്. പി കെ. സജീവ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ ആരെയും പുതുതായി പ്രതി ചേർത്തിട്ടില്ല. പക്ഷേ, മുൻ സ്പീക്കർ എൻ. ശക്തൻ അടക്കം ഏഴ് പേരുടെ ശക്തമായ മൊഴികൾ പുതിയ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.
മന്ത്രി ശിവൻ കുട്ടി അടക്കം പ്രതികളായ കേസിൽ പ്രതികൾ ചെയ്ത കുറ്റത്തെ കൂടുതൽ ശക്തമാക്കുന്ന മൊഴികളാണ് തുടരന്വേഷണത്തിലൂടെ കോടതിയിലെത്തിയത്. ഇത് കേസിനെ കൂടുതൽ ശക്തമാക്കാനേ ഉപകരിക്കൂ എന്നാണ് നിയമവിദ്ഗദ്ധർ പറയുന്നത്. ഫലത്തിൽ കേസ് ദുർബലമാക്കാൻ നടത്തിയ തുടരന്വേഷണം വിനയായി മാറി. അനൂപ് ജേക്കബ്, സെൽവരാജ്, എ.റ്റി. ജോർജ്ജ്, തേറമ്പിൽ രാമകൃഷ്ണൻ, കെ. സി. ജോസഫ്, പി. സി. ജോർജ്ജ് എന്നിവരുടെ മൊഴികളാണ് പുതുതായി കോടതിയിലെത്തിയത്.
2015 മാർച്ച് 12ന് സഭ പിരിഞ്ഞ ശേഷവും പ്രതിപക്ഷ സാമാജികരായ ഇടത് എം. എൽ. എ മാർ സഭയിൽ നിന്ന് പോയിരുന്നില്ല. ഡയസിലേക്ക് കയറുന് ഹാഫ് ഡോറിലും സഭയുടെ ഡയസിലും പ്രതിപക്ഷ അംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ ഡയസിന് ഇടതു വശത്തുളള വാതിലിലൂടെ കയറാൻ ശ്രമിച്ചപ്പോൾ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തന്നെ തടഞ്ഞെന്നും ശക്തൻ മൊഴി നൽകി. സ്പീക്കറുടെ ഡയസിൽ കടക്കാൻ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ സെക്രട്ടറി, സ്പീക്കർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ, ചെയർമാൻ പാനലിലുളള മൂന്ന് സാമാജികർ എന്നിവർക്കാണ് അനുമതി ഉള്ളത്. ഇതിന് വിരുദ്ധമായി ഇടത് എം. എൽ.എമാർ ഡയസിൽ അതിക്രമിച്ച് കടന്ന് തന്റെ കസേര, ഫയലുകൾ മൈക്ക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചു. വാച്ച് ആന്റ് വാർഡിന്റെ സഹായത്തോടെ താൻ സഭയിൽ എത്തിയപ്പോൾ ഇവയൊന്നും ഡയസിൽ ഇല്ലാതിരുന്നു. വാച്ച് ആൻഡ് വാർഡ് ആത്മ സംയമനം പാലിച്ചത് കൊണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഇവരുടെ സേവനം പ്രശംസനീയമാണെന്നും ശക്തൻ മൊഴി നൽകി.
ജമീലാപ്രകാശം ഗീത ഗോപി എന്നിവർ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ആക്രമിക്കാൻ ഭരണപക്ഷ ബഞ്ചിൽ എത്തിയപ്പോൾ ശിവദാസൻ നായർ, വാഹീദ്, ജോർജ്ജ് എന്നിവർ കൈകൾ കൂട്ടിപിടിച്ച് നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കുകയായിരുന്നതായി സെൽവരാജ് മൊഴി നൽകി. ഇടത് എം.എൽ. എമാരെ ഭരണപക്ഷം ആക്രമിക്കുന്നത് കണ്ടില്ലെന്ന് അന്ന് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് മൊഴി നൽകി. ജമീലാ പ്രകാശം ശിവദാസൻ നായരുടെ കൈയ്യിൽ കടിച്ചതായും, ശിവൻകുട്ടി ഭരണ പക്ഷ ബെഞ്ചുകളിലൂടെ ഓടി നടന്നശേഷം ഉയർന്ന രക്തസമ്മർദ്ദം കാരണം ബോധം കെട്ട് വീണതായും പി. സി. ജോർജ്ജ് മൊഴി നൽകി. ധനമന്ത്രി കെ. എം. മാണിയെ ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞ തനിക്കെതിരെ കെ. കെ. ലതിക പരാതി നൽകി തന്നെ പ്രതിയാക്കിയതായി എ.റ്റി. ജോർജ്ജ് മൊഴി നൽകി.
പൊതുജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണമാണ് സഭയിൽ നടന്നതെന്നും സഭാംഗമെന്ന നിലയിലും മുൻ സ്പീക്കർ എന്നനിലയിലും അപമാനം തോന്നിയതായും തേറമ്പിൽ രാമകൃഷ്ണൻ മൊഴി നൽകി. ഭരണപക്ഷ എം.എൽ.എമാർ ഒരു ഘട്ടത്തിലും പ്രതിപക്ഷ ബഞ്ചുകളിലേക്ക് പോയിരുന്നില്ലെന്നും 30 വർഷത്തെ സഭാപ്രവർത്തനത്തിൽ ഇത്രയും മോശം സമരം കണ്ടിട്ടില്ലെന്നും പ്രതിപക്ഷ എം.എൽ.എമാർ ഗൂഢാലോചനയുടെ ഭാഗമായാണ് സഭയിൽ തലേ ദിവസം തങ്ങിയതെന്നും കെ. സി. ജോസഫ് മൊഴി നൽകി. ശിവൻകുട്ടി മുണ്ടു മാടികുത്തി ഭരണപക്ഷ ബഞ്ചുകളിലൂടെ ഓടി നടന്ന ശേഷം ബോധം കെട്ട് വീഴുകയായിരുന്നെന്നും ജോസഫിന്റെ മൊഴിയിലുണ്ട്. ജമീലാപ്രകാശവും കെ.കെ. ലതികയും നൽകിയ പരാതികളിൽ അന്നത്തെ ഭരണപക്ഷ എം. എൽ.എഎമാർക്കെതിരെ കോടതി കേസ് എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ വിചാരണ നീട്ടുകയെന്ന ലക്ഷ്യത്തോടെ അന്നത്തെ യു.ഡി.എഫ് എം.എൽ.എമാരെക്കൂടി പ്രതികളാക്കാനുള്ള നീക്കമാണ് തുടരന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് നടത്തിയതെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇത്തരത്തിൽ ആരെയും കൂടുതൽ പ്രതിയാക്കാൻ വസ്തുതകളും തെളിവുകളുമില്ലെന്ന് കണ്ടെത്തിയതിലൂടെ നിയമസഭാ കൈയാങ്കളിക്കേസ് പുതിയൊരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.