പുതിയ നയന്‍താര ചിത്രത്തിന്‍റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ് നയന്‍താരയുടെ അടുത്തതായി വരാന്‍ പോകുന്ന ചിത്രം. തമിഴിലെ പ്രശസ്തനായ യൂട്യൂബര്‍ ഡ്യൂഡ് വിക്കിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിന്‍സ് പിക്ചേര്‍സിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ സെപ്തംബര്‍ 18ന് പുറത്തിറങ്ങി.
ആര്‍ഡി രാജശേഖരാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. സീൻ റോൾഡൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യോഗി ബാബു, ദേവ ദര്‍ശിനി, ഗൌരി കൃഷ്ണ, നരേന്ദ്ര പ്രശാന്ത് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജി മദന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍.
അതേ സമയം നയന്‍താര നായികയായി എത്തിയ ഷാരൂഖിന്റെ ജവാൻ ഓരോ ദിവസവും കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അത്ഭുതപ്പെടുത്തുന്ന വിജയമാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം ജവാൻ നേടിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നും ഉറപ്പ്. ഇന്നലെ മാത്രം ജവാൻ 59.15 കോടി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ നയന്‍താരയുടെ വേഷം നര്‍മദ എന്ന പൊലീസ് ഓഫീസറുടെതായിരുന്നു. മികച്ച പ്രകടനമാണ് നയന്‍താര നടത്തുന്നത് എന്നാണ് പ്രേക്ഷക വിലയിരുത്തല്‍. വളരെക്കാലത്തിന് ശേഷം ആക്ഷനും ഗ്ലാമറും ചേരുന്ന വേഷത്തിലാണ് ചിത്രത്തില്‍ നയന്‍താര എത്തിയത്.