/sathyam/media/media_files/SpNPyIhXpS49fBkcfmca.jpg)
ഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ് യുജി) സിലബസ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പ്രസിദ്ധീകരിച്ചു. നിലവിലെ പാഠഭാഗങ്ങളിൽ നിന്ന് 14 അധ്യായങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എൻസിഇആർടി ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠപുസ്തകങ്ങളിലെ 97 അധ്യായങ്ങളാണു നീറ്റിന്റെ അടിസ്ഥാന പാഠഭാഗമായി പരിഗണിച്ചിരുന്നത്.
എൻസിഇആർടി പാഠ്യപദ്ധതിയിൽ മാറ്റമുണ്ടായാലും നീറ്റ് സിലബസിനെ അതു ബാധിച്ചിരുന്നില്ല. അതേസമയം, എൻഎംസി പ്രസിദ്ധീകരിച്ച സിലബസിൽ പാഠഭാഗങ്ങൾ 83 അധ്യായമായി കുറഞ്ഞു. ഫിസിക്സിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ചില അധ്യായങ്ങളിൽ നിന്ന് ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയെന്നു മാത്രം. കെമിസ്ട്രി യിലാണ് ഏറ്റവുമധികം മാറ്റം വന്നിരിക്കുന്നത്. 8 അധ്യായങ്ങൾ പൂർണമായി ഒഴിവാക്കി. സുവോളജിയും ബോട്ടണിയും ഉൾപ്പെടുന്ന ബയോളജി പാഠഭാഗങ്ങളിൽ നിന്ന് 6 അധ്യായങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചില അധ്യായങ്ങളിൽ അധികഭാഗം ഉൾപ്പെടുത്തുകയും ചെയ്തു.
പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) നീറ്റ് വിജ്ഞാപന സമയത്തു സിലബസും പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഇതിനു മുൻപ് എൻഎംസി സിലബസ് പ്രസിദ്ധീകരിച്ചതോടെ വിദ്യാർഥികൾ ആശയക്കുഴപ്പത്തിലാണ്. എൻടിഎ നടത്തിയിരുന്ന പരീക്ഷ എൻഎംസി ഏറ്റെടുക്കുമോയെന്ന ചോദ്യം ഉയർന്നെങ്കിലും ഇതിനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ.
സ്കോറിങ് ഇനി എളുപ്പമല്ല
ഇനോർഗാനിക് കെമിസ്ട്രിയിലെ അധ്യായങ്ങളാണു ഭൂരിഭാഗവും കുറച്ചത്. ഈ വിഭാഗത്തിൽ 4 അധ്യായങ്ങൾ മാത്രമായി ചുരുങ്ങും. ഓർഗാനിക് കെമിസ്ട്രിയുടെ പ്രാധാന്യം കെമിസ്ട്രിയിൽ വർധിക്കും. താരതമ്യേന എളുപ്പമായ ഇനോർഗാനിക് കെമിസ്ട്രിയുടെ പ്രാധാന്യം കുറയുന്നതോടെ പരീക്ഷയിൽ സ്കോർ ഉയർത്താൻ കൂടുതൽ അധ്വാനിക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ.