കോവളം∙രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് ടൂറിസം സീസൺ അലകളുയർന്നപ്പോൾ ലൈഫ് ഗാർഡുകളുടെ എണ്ണം കുറഞ്ഞു. ഉള്ളവർക്ക് ജോലി സമ്മർദവും പിരിച്ചുവിടൽ ഭീഷണിയും എന്നു പരാതി. മുൻപ് നാൽപതോളം പേർ ഉണ്ടായിരുന്ന സ്ഥാനത്ത് എണ്ണം പകുതിയായി കുറഞ്ഞു. ഇതോടെ രണ്ടു പേർ ഡ്യൂട്ടി നോക്കിയിരുന്ന പോസ്റ്റുകളിൽ ഒരാൾ മാത്രമായി. ഏകനായി ഡ്യൂട്ടി നോക്കുന്ന ആളിന് ഉച്ച ഭക്ഷണം, പ്രാഥമികാവശ്യം എന്നിവക്കൊന്നും പോകാനാകാത്ത സ്ഥിതി.
60 വയസ്സ് പൂർത്തിയായി എന്ന പേരിലും മറ്റും ഡ്യൂട്ടിയിൽ നിന്നു പുറത്തായവരുടെ അഭാവമാണ് എണ്ണം ക്രമാതീതമായി കുറയാൻ കാരണം. പകരം ആളെ നിയമിക്കുന്നുമില്ല. ഉള്ളവർക്ക് അമിത ജോലിസമ്മർദമാണെന്നും അത്യാവശ്യത്തിനു പോലും അവധി ലഭിക്കാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. അവധി അപേക്ഷിച്ചാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ടെന്നും പരാതി ഉണ്ട്.
ജീവിതത്തിന്റെ നല്ലാകാലമത്രെയും ഈ ജോലിക്കായി നീക്കിവച്ചു പ്രായപരിധി പേരിൽ വെറും കയ്യോടെയാണ് തങ്ങൾ പിരിഞ്ഞു പോകുന്നതെന്നും ഇവർ പരാതിപ്പെട്ടു. ജീവൻ രക്ഷാ ഉപകരണങ്ങൾ എല്ലാം കാലഹരണപ്പെട്ടു. ആധുനിക രീതിയിലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ വേണമെന്നാണ് ആവശ്യം.