കൊച്ചി: 25കോടിയുടെ മഹാഭാഗ്യം തേടി ഓണം ബമ്പർ വാങ്ങിക്കൂട്ടുകയാണ് മലയാളികൾ. ടിക്കറ്റ് വിൽപ്പന സർവകാല റെക്കോർഡിലാണ്. ഇതുവരെ വിറ്റത് 67ലക്ഷം ടിക്കറ്റ്. ഈ മാസം 20ന് നറുക്കെടുപ്പ് നടക്കുമ്പോഴേക്കും ടിക്കറ്റ് വിൽപ്പന 80ലക്ഷത്തിന് മുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 80 ലക്ഷം ടിക്കറ്റ് നാല് ഘട്ടങ്ങളിലായി അച്ചടിച്ചിട്ടുണ്ട്. ഇതും റെക്കോർഡാണ്. 90ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് അനുമതിയുള്ളത്. 125.54 കോടിയാണ് ഓണം ബമ്പറിന്റെ ആകെ സമ്മാനത്തുക. 5,34,670 സമ്മാനങ്ങളാണ് ആകെയുള്ളത്.
ഷെയറിട്ട് ടിക്കറ്റെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.നാലും അഞ്ചും ടിക്കറ്റ് ഒന്നിച്ചെടുക്കുന്നവരും പല കൂട്ടങ്ങളിൽ പങ്കാളികളായി പണം പിരിവിട്ട് ടിക്കറ്റ് എടുക്കുന്നവരും നിരവധിയാണ്. മൺസൂൺ ബമ്പർ പിരിവിട്ട് എടുത്ത ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഒന്നാം സമ്മാനം അടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഈ ട്രെന്റ്. കൂടാതെ തമിഴ് നാട്ടിൽ നിന്ന് കേരളാതിർത്തിയിൽ എത്തി ടിക്കറ്റ് വാങ്ങുന്നവരുമുണ്ട്. മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയ്ക്കെത്തിയ തമിഴ്നാട്ടുകാരന് ബമ്പറടിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിലും കേരളാ ലോട്ടറിയുടെ ഓണം ബമ്പർ ചർച്ചാവിഷയമായത്. അതിർത്തി ജില്ലകളിലെ തമിഴ്നാട്ടുകാർ കേരളത്തിലെത്തി ടിക്കറ്റെടുത്ത് മടങ്ങുന്നത് പതിവ് കാഴ്ചയാണ്. വിമാനത്താവളങ്ങളിലെ ലോട്ടറി കച്ചവടക്കാർക്കും ബമ്പർ വിൽപ്പനയിൽ കോളടിച്ചിരിക്കുകയാണ്.
80 ലക്ഷം ടിക്കറ്റ് നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബമ്പർ ടിക്കറ്റ് ഇത്രയും അച്ചടിക്കുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാൻ അനുമതി. 80 ലക്ഷത്തിൽ അധികം ടിക്കറ്റ് വിറ്റ് പോകുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ.
വില്പന ആരംഭിച്ച ജൂലായ് 27 ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആദ്യദിനത്തിൽ ഇത്രയും വില്പന. ടിക്കറ്റ് വിലയ്ക്ക് പുറമേ കോടികളുടെ ജി.എസ്.ടി വരുമാനവും സർക്കാരിന് കിട്ടുന്നുണ്ട്.
കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റു. സമ്മാനഘടനയിൽ മാറ്റം വരുത്തിയതിനാൽ ഇത്തവണ സ്വീകാര്യതയേറി. കഴിഞ്ഞ തവണത്തേക്കാൾ 1,36,759 സമ്മാനങ്ങളുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ ഒരാൾക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാരുടെ ആവശ്യം ശക്തമാണ്. നിപ്പ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നറുക്കെടുപ്പ് നീട്ടി നൽകണമെന്ന സമ്മർദ്ദത്തിന് പിന്നിൽ. എന്നാൽ ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ദിവസേന വിൽക്കുന്ന കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീ ശക്തി, ഫിഫ്റ്റി ഫിഫ്റ്റി, അക്ഷയ, നിർമ്മൽ, വിൻ വിൻ തുടങ്ങിയ ടിക്കറ്റുകൾക്കും ഇപ്പോൾ വമ്പൻ കച്ചവടമാണ്. ഭൂരിഭാഗം ദിവസങ്ങളിലും മുഴുവൻ ടിക്കറ്റുകളും വിറ്റ് പോകാറുണ്ടെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. അക്ഷയ, ഫിഫ്റ്റി ഫിഫ്റ്റി ഒഴികെയുള്ളവ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ഫിഫ്റ്റി ഫിഫ്റ്റി 85.85 ലക്ഷം ടിക്കറ്റും അക്ഷയ 1.7 കോടി ടിക്കറ്റുകളുമാണ് അച്ചടിക്കുന്നത്.