/sathyam/media/media_files/OjE6hjts3Xt15wmiOhB2.jpg)
തിരുവനന്തപുരം: വിശ്വപൗരൻ എന്ന് വിളിപ്പേരുള്ള ശശിതരൂരിനെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ നേരിടാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഏറ്റവും വിജയസാദ്ധ്യതയുള്ള എ ക്ലാസ് മണ്ഡലമെന്ന് ബിജെപി വിലയിരുത്തുന്ന തിരുവനന്തപുരത്ത് ഏത് വിധേനയും വിജയിക്കാനാണ് ബി.ജെ.പി തന്ത്രം മെനയുന്നത്. വിദേശകാര്യ മന്ത്രിയുടെ തുടർച്ചയായ തിരുവനന്തപുരം സന്ദർശനങ്ങൾ ഇതിന്റെ ഭാഗമാണ്. വിശ്വകർമ്മജർക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തേക്ക് കേന്ദ്രസർക്കാർ നിയോഗിച്ചതും ജയശങ്കറിനെയാണ്.
അമേരിക്കയടക്കം വമ്പന്മാരെ മെരുക്കി ജി-20 ഉച്ചകോടി വിജയിപ്പിച്ചെടുക്കാനായതും സംയുക്ത പ്രസ്താവനയ്ക്ക് വഴിയൊരുക്കിയതും ജയശങ്കറിന്റെ നേതൃത്വത്തിലാണ്.
നായർസമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. തമിഴ് ബ്രാഹ്‌മണ സമുദായാംഗമാണ് ജയശങ്കർ. കഴിഞ്ഞ മൂന്നു തിരഞ്ഞെടപ്പിലും ശശി തരൂരാണ് ഇവിടെനിന്ന് വിജയിച്ചത്. ഇത്തവണയും തരൂരിനാണ് കോൺഗ്രസ് ടിക്കറ്റിന് സാധ്യത കൂടുതൽ. ജയശങ്കറിനെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കുന്നതെങ്കിൽ തീ പാറും പോരാട്ടമായിരിക്കും നടക്കുക. നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം തരൂർ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സീറ്റിൽനിന്ന് തരൂർ പിന്മാറുകയും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ മണ്ഡലം നിലനിർത്താൻ മറ്റൊരു മികച്ച സ്ഥാനാർഥിയെ കണ്ടെത്തൽ കോൺഗ്രസിന് വെല്ലുവിളിയാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ തരൂർ തന്നെ തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാദ്ധ്യതയേറെ. അങ്ങനെയങ്കിൽ ജയശങ്കർ- തരൂർ പോരാട്ടം ലോകശ്രദ്ധയിലാവും.
അതേസമയം, ജയശങ്കർ തിരുവനന്തപുരത്ത് മത്സരിച്ചാൽ എൽ.ഡി.എഫ് ചിത്രത്തിൽ നിന്ന് പുറത്താവുമെന്ന് സി.പി.എം വിലയിരുത്തുന്നു. അതിനാൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി വിശ്വകർമ്മ പരിപാടിയിൽനിന്ന് മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, മേയർ എന്നിവർ വിട്ടുനിന്നിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് ഇവരുടെ അസാന്നിധ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് രാഷ്ട്രീയമായി എതിർചേരിയിലുള്ള ഇവരുടെ അസാന്നിധ്യമെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.പിമാരായ ശശി തരൂർ, എ.എ. റഹിം, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരായ റെയിൽവേ മന്ത്രാലയവും എം.എസ്.എം.ഇ മന്ത്രാലയവും അറിയിച്ചിരുന്നത്. പരിപാടിയുടെ ക്ഷണക്കത്തിലും ഇവരുടെയെല്ലാം പേരുണ്ടായിരുന്നു. എന്നാൽ ഇവരാരും പരിപാടിയ്ക്ക് എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലും മന്ത്രി അനിൽ വിദേശത്തുമായതിനാലാണ് ഇരുവർക്കും എത്താൻ സാധിക്കാതിരുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് മാത്രമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരവുമായി ബന്ധം വളർത്താനാണ് ഇവിടെ നടന്ന പി.എം വിശ്വകർമ്മ പരിപാടിയിൽ മുഖ്യാതിഥിയായി ജയ്ശങ്കർ എത്തിയതെന്നാണ് വിലയിരുത്തൽ. വിശ്വകർമ്മ പരിപാടിയിൽ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച ജയ്ശങ്കർ കേരളത്തിലേക്ക് പ്രത്യേകിച്ചും തിരുവനന്തപുരത്തേക്ക് വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒന്നിലധികം തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. ജയ്ശങ്കർ തിരുവനന്തപുരത്തുനിന്ന് മത്സരിക്കുമെന്ന അഭ്യൂഹത്തിന് ശക്തി പകരുന്നതാണ് ഇക്കാര്യം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സിറ്റിംഗ് എം.പിയായ ശശി തരൂരിനെ കോൺഗ്രസ് വീണ്ടും മത്സരിപ്പിച്ചേക്കാൻ സാദ്ധ്യതയുണ്ട്. ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറിയെന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ശശി തരൂരിനെ നേരിടാൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായി നാലുപതിറ്റാണ്ടോളം വിദേശകാര്യ അനുഭവസമ്പത്തുള്ള ജയ്ശങ്കറിനെ ബി.ജെ.പി ഇറക്കിയേക്കും.
ലോകസഭാ തിരഞ്ഞെടുപ്പിൽ ജയശങ്കറിന് തിരുവനന്തപുരത്തിന് പുറമേ ബെംഗളൂരു റൂറൽ, വിശാഖപ്പട്ടണം റൂറൽ എന്നീ മണ്ഡലങ്ങളിലൊന്നും പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം, ബെംഗളൂരു റൂറൽ, വിശാഖപട്ടണം റൂറൽ എന്നിവിടങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാൻ ജയശങ്കറിന് ബി.ജെ.പി. കേന്ദ്രനേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കർ. ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കർ, 38 വർഷത്തോളം നീണ്ട സർവീസിനിടെ സിംഗപ്പുർ, ചൈന, യു.എസ്. തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ സർവീസിൽനിന്ന് വിരമിച്ച ജയശങ്കർ, 2019 ജൂലൈയിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്.