ജഗദീഷും അടുത്തിടെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകനും അച്ഛനും മകനുമായെത്തുന്ന 'തീപ്പൊരി ബെന്നി' തിയേറ്ററുകളിലെത്താനൊരുങ്ങുന്നു. സെപ്റ്റംബർ 22നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത് വൻ വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.
വട്ടക്കുട്ടായിൽ ചേട്ടായി എന്ന വ്യത്യസ്തമായൊരു കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ ഇയാളുടെ മകനായ ബെന്നിയായി അർജുൻ അശോകനാണ് എത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അച്ഛനെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി' എന്നാണ് ഇതിനകം പുറത്തിറങ്ങിയ ട്രെയിലറും ടീസറുമൊക്കെ സൂചിപ്പിക്കുന്നത്.'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായെത്തുന്നത്.