ചാവക്കാട്∙ തീരദേശത്ത് ഉത്സവങ്ങൾക്ക് ആരംഭമായി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിൽ അമാവാസി ഉത്സവത്തിന് ആയിരങ്ങളെത്തി. കൂട്ടിയെഴുന്നള്ളിപ്പിൽ 11 ആനകൾ അണിനിരന്നു. രാവിലെ മുതൽ വിശേഷാൽ പൂജകൾ ഉണ്ടായി. തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. രാവിലെ അവിയൂർ ചക്കനാത്ത് ഗളൂരിക ദേവി ക്ഷേത്രത്തിൽ നിന്നു എഴുന്നള്ളിപ്പ് ആരംഭിച്ചു. വൈകിട്ട് പഞ്ചവടി സെന്ററിൽ നിന്നു എഴുന്നള്ളിപ്പ് ഉണ്ടായി. ഗജരാജൻ മംഗലംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി.
വാദ്യത്തിന് മണത്തല ജനാർദനൻ ആൻഡ് പാർട്ടി നേതൃത്വം നൽകി. രാത്രിയിൽ കോട്ടയം സുരഭി തിയറ്റേഴ്സിന്റെ ‘കാന്തം’ നാടകം ഉണ്ടായി. വടക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് നാലാംകല്ല് വാക്കയിൽ ശ്രീഭദ്ര കുടുംബ ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. മരുതൂർ കുളങ്ങര മഹാദേവൻ തിടമ്പേറ്റി. തെക്കുഭാഗം ഉത്സവാഘോഷം മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി.
ആന, വാദ്യമേളങ്ങൾ, വർണക്കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ എന്നിവ ആഘോഷത്തിന് പൊലിമയേകി. ഭാരവാഹികളായ പാലപ്പെട്ടി ദിലീപ് കുമാർ, വിനയദാസ് താമരശ്ശേരി, വിക്രമൻ താമരശ്ശേരി, കടാമ്പുള്ളി ജയപ്രകാശൻ, വാക്കയിൽ വിശ്വനാഥൻ, ടി.ആർ.വാസു, വേഴാംപറമ്പിൽ രാജൻ, കെ.എസ്.ബാലൻ എന്നിവർ നേതൃത്വം നൽകി.