Advertisment

സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു ആരാധകർ

പക്ഷേ ടൈ​ഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു. സ്ക്രീനിൽ സൂപ്പർതാരം മാസ് കാണിക്കുമ്പോൾ മാലേ​ഗാവിലെ ആരാധകർ അതാഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്.

author-image
മൂവി ഡസ്ക്
Nov 13, 2023 18:59 IST
New Update
kjhgfdfghjkjhgfdfghjk

ദീപാവലി ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ടൈ​ഗറിന് നൽകിയത്. പക്ഷേ ഇതിൽ ചിലത് കൈവിട്ട് പോവുകയും ചെയ്തു. അങ്ങനെ ചില സംഭവങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്. പ്രിയതാരത്തെ മാസ് ലുക്കിൽ സ്ക്രീനിൽ കണ്ടാൽ ആവേശം കൊള്ളുന്നവരാണ് ആരാധകർ. പക്ഷേ ടൈ​ഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു. സ്ക്രീനിൽ സൂപ്പർതാരം മാസ് കാണിക്കുമ്പോൾ മാലേ​ഗാവിലെ ആരാധകർ അതാഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. അക്ഷരാർത്ഥത്തിൽ തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം.

നാസിക്കിലെ മോഹൻ തിയേറ്ററിലെ ആരാധകരുടെ സകല നിയന്ത്രണവുംവിട്ടുള്ള ആഘോഷ പ്രകടനം തിയേറ്റർ അധികൃതർക്കും സിനിമ കാണാനെത്തിയ മറ്റുള്ളവർക്കും ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. പടക്കം പൊട്ടിത്തെറിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ആളപായമൊന്നുമില്ല എന്നതാണ് ആശ്വാസകരമായ കാര്യം.

മോഹൻ തിയേറ്ററിനുപുറമേ ടൈ​ഗർ 3 കളിക്കുന്ന മറ്റുചില തിയേറ്ററുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാ​ഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരം​ഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈ​ഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു.

ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈ​ഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈ​ഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈ​ഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സം​ഗീത സംവിധാനവും അനയ് ഓം ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈ​ഗർ 3യുടെ നിർമാണം.

#tiger-3-show-salman-khan-fans
Advertisment