ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്.
മുന്‍പ് കൊണ്ടുവന്ന ശേഷം പിന്‍വലിച്ച ഫീച്ചറാണ് പരിഷ്‌കരിച്ച രൂപത്തില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ 2.23.19.10 അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഇത് ലഭ്യമാണ്.
ടാബുകള്‍ക്കിടയില്‍ സൈ്വപ്പ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. നേരത്തെ തന്നെ ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നുവെങ്കിലും മെറ്റീരിയല്‍ ഡിസൈന്‍ ത്രീ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യുകയായിരുന്നു. നിലവില്‍ മെറ്റീരിയല്‍ ഡിസൈന്‍ ത്രീ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്. ചാറ്റ്, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് തുടങ്ങി വ്യത്യസ്ത ടാബുകളിലേക്ക് എളുപ്പം പോകാന്‍ കഴിയുന്ന വിധത്തിലാണ് ടാബ് സൈ്വപ്പിങ് ഫീച്ചര്‍ കൊണ്ടുവന്നത്. ഇടത് നിന്ന് വലത്തോട്ടേയ്ക്ക് സൈ്വപ്പ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍.