Advertisment

'മകള്‍ മരിച്ചിട്ട് 3 മാസം, മരണകാരണം അറിയാന്‍ എവിടെയാണ് പോകേണ്ടത്', കരളലിയിക്കുന്ന കുറിപ്പുമായി പിതാവ്

New Update

publive-image

Advertisment

ആലപ്പുഴ . ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സംസ്ഥാന കായികവകുപ്പിന്റെ അലംഭാവമാണ് ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെട്ടതിന് കാരണമായതെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോഴിതാ തന്റെ കുട്ടിയുടെ മരണകാരണം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നിദ ഫാത്തിമയുടെ പിതാവ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ നിദ ഫാത്തിമയുടെ പിതാവ് ശിഹാബുദ്ദിന്‍ തന്റെ നൊമ്പരത്തെ കുറിച്ച് തുറന്നുപറയുന്നു. എന്റെ മകള്‍ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തില്‍ ആക്കുന്നെന്ന് പിതാവ് പറഞ്ഞിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാന്‍ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെയാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളരെ ഏറെ അഗ്രഹത്തോട്കൂടി കേരളത്തിനുവേണ്ടി സൈക്കിള്‍ പോളോ കളിക്കുവാന്‍ നാഗ്പൂരിലെക്ക് പോയ എന്റെ പൊന്നോമന മകള്‍ ഫാത്തിമ നിദ മത്സരത്തില്‍ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

നിദ ഫാത്തിമയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ:

അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകള്‍ നഷ്ട്ടപെട്ട ഒരു പിതാവിന്റെ വേദന ആകാം. വളരെ ഏറെ അഗ്രഹത്തോട്കൂടി കേരളത്തിനുവേണ്ടി സൈക്കിള്‍ പോളോ കളിക്കുവാന്‍ നാഗ്പൂരിലെക്ക് പോയ എന്റെ പൊന്നോമന മകള്‍ ഫാത്തിമ നിദ മത്സരത്തില്‍ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത്.

എന്റെ പൊന്നോമനയുടെ വേര്‍പാട് ഉണ്ടാക്കിയ മുറിവില്‍നിന്നും അവളുടെ ഉമ്മി ഇതുവരെ മുക്ത ആയിട്ടില്ല... മകളെ കുറിച്ചുള്ള ഓര്‍മകളില്‍ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകുവാന്‍കൂടി ഭയമാണ്. നീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പ്രുറപ്പെട്ട എന്റെ മകള്‍ മരിക്കുവാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം അറിയുവാന്‍ എന്റെ മനസ് വെമ്പല്‍ കൊള്ളുകയാണ്.

എന്റെ മകള്‍ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തില്‍ ആക്കുന്നു. എന്റെ മകളുടെ യഥാര്‍ത്ഥ മരണകാരണം അറിയുവാന്‍ ഞാന്‍ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാന്‍ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഷിഹാബുദീന്‍

Advertisment