/sathyam/media/post_attachments/9a5HSvIENfdQjVPdyFTt.jpg)
തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തിൽ അക്ഷയാ കേന്ദ്രങ്ങൾ വഴി പരാതി നൽകുന്നതിനുള്ള ഫീസ് നിശ്ചയിച്ചു. എൽഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുന്നതിനാണ് ഫീസ് നിശ്ചയിച്ച് ഐടി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ അപേക്ഷയ്ക്കും 20 രൂപയാണ് സർവീസ് ചാർജ് ആയി നിശ്ചയിച്ചിരിക്കുന്നത്.
ഇതിന് പുറമേ അപേക്ഷ സമർപ്പിക്കുന്നതിന് രേഖകൾ കൂടി ആവശ്യമാണ്. രേഖകൾ സ്‌കാൻ ചെയ്യുന്നതിന് മൂന്ന് രൂപയാണ് ഈടാക്കുക. അതായത് ഓരോ രേഖ സ്‌കാൻ ചെയ്യുന്നതിനും പേജ് ഒന്നിന് മൂന്ന് രൂപ വീതം നൽകണം. പ്രിന്റ് എടുക്കേണ്ടതുണ്ടെങ്കിൽ ഓരോ പേജിനും മൂന്ന് രൂപ വീതം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സർവീസ് ചാർജ്ജും സ്കാൻ ചെയ്യുന്നതിനും പ്രിൻറ് ചെയ്യുന്നതിനും ഫീസും ഏർപ്പെടുത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താലൂക്ക് തല അദാലത്തുകളിലേക്കായി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us