‘ വിരമിക്കലിനെക്കുറിച്ച് ദയവ് ചെയ്ത് ചിന്തിക്കരുത്’ ; ധോണിയോട് ഗായിക ലതാ മങ്കേഷ്കറുടെ അഭ്യർത്ഥന

സ്പോര്‍ട്സ് ഡസ്ക്
Thursday, July 11, 2019

വിരമിക്കുന്നതിനെക്കുറിച്ച് ദയവ് ചെയ്ത് ചിന്തിക്കരുതെന്നും രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ടെന്നും ധോണിയോട് ഗായിക ലതാ മങ്കേഷ്ക്കർ ആവശ്യപ്പെട്ടു. ലോകകപ്പിന് ശേഷമുള്ള മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കൽ വാർത്തകൾ നാളുകളായി ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു.

ഇന്നലെ ന്യൂസിലാന്റിനെതിരെ നടന്ന ഇന്ത്യയുടെ സെമി ഫൈനല്‍ മല്‍സരത്തിലെ പരാജയത്തിന് ശേഷമാണ് എം.എസ് ധോണി വിരമിക്കുന്നതായ വാര്‍ത്തകള്‍ കൂടുതൽ സജ്ജീവമായത്.

ക്രിക്കറ്റില്‍ നിന്നും വിരമിക്കരുതെന്നാവശ്യപ്പെട്ട് ധോണിയോട് ലതാ മങ്കേഷ്ക്കര്‍ ട്വിറ്ററിലൂടെയാണ് അഭ്യര്‍ത്ഥന നടത്തിയത്.

‘നിങ്ങള്‍ വിരമിക്കുന്നതായ വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കുന്നു. ദയവ് ചെയ്ത് അങ്ങനെയൊന്നും ചിന്തിക്കരുത്. രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെക്കുറിച്ച് അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’; ലതാ മങ്കേഷ്ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ടീമിന് വേണ്ടി ഗുല്‍സാര്‍ എഴുതിയ പ്രചോദനം നല്‍കുന്ന ഗാനവും ലതാ മങ്കേഷ്ക്കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.വിരമിക്കലിനെക്കുറിച്ച് ധോണി ഒന്നും സംസാരിച്ചില്ലെന്നായിരുന്നു നായകന്‍ വിരാട് കോഹ്ലി മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയത്.സെമിഫൈനലിൽ ഇന്ത്യയ്ക്ക് തുടക്കത്തിലെ മുൻനിരയെ നഷ്ടമായിരുന്നു

×