Advertisment

ഹരിത കേരളത്തിനൊപ്പം പറന്ന്... ഹരിതകര്‍മ്മ സേനയ്ക്ക് മാത്രമല്ല ഏവര്‍ക്കും കണ്ടു പഠിക്കാം ലീലാമണിയുടെ ജീവിതം…

New Update

publive-image

Advertisment

അറക്കുളം: കൈയ്യില്‍ ഒരായിരം രൂപമില്ലാതെയെങ്ങനെയൊരു പരിപാടി തുടങ്ങും… ഈ ചോദ്യം ഒത്തിരി കേട്ടിട്ടുണ്ട്. ശരിയാണെന്ന മട്ടില്‍ നമ്മള്‍ തലയാട്ടിയിട്ടുമുണ്ട്. എന്നാല്‍ കുളമാവ് സ്വദേശിനി ലീലാമണിയോടാണ് ഈ ചോദ്യമെങ്കില്‍ അവര്‍ പറയും ബിസിനസ് ചെയ്യാന്‍ 1000 രൂപ പോലും വേണ്ടെന്ന്. വെറുതെ പറയുകയല്ല നന്നായി ബിസിനസ് നടത്തി കാണിച്ചാണ് അവര്‍ ഈ മറുപടി തരിക.

അറക്കുളം പഞ്ചായത്തിന്റെ സ്വന്തം ആക്രി വ്യാപാരിയാണ് ഹരിതകര്‍മ്മ സേനാംഗമായ കുളമാവ് ഇടീപ്പറമ്പില്‍ ലീലാമണി (54). ഈ സംരംഭക സംസ്ഥാനത്തെമ്പാടുമുള്ള ഹരിതകര്‍മ്മ സേനയ്ക്ക് മാത്രമല്ല, സ്വന്തം നിലയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നല്ലൊരു പാഠപുസ്തകമാണ്.

സ്വന്തമായി ഓട്ടോഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കിലും വാഹനം വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ഒരു വണ്ടി വാങ്ങി വ്യാപാരം കുടുതല്‍ മെച്ചപ്പെടുത്തണം, കയറിക്കിടക്കാന്‍ വീടുണ്ടാക്കണം. ഇങ്ങനെയൊക്കെയാണ് ലീലാമണിയുടെ സ്വപ്‌നങ്ങള്‍. അതിനായി തന്റെ ബാഗില്‍ എപ്പോഴും കരുതുന്നത് ഈ 25 കിലോ ത്രാസ് മാത്രമാണ്. പിന്നെ കഷ്ടപ്പെടാനും ഓടി നടക്കാനും തയ്യാറുള്ള ഒരു മനസ്സും.

അറക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ 12-ാം വാര്‍ഡിന്റെ ചുമതലയാണ് ഈ ഹരിതകര്‍മ്മ സേനാംഗത്തിനുള്ളത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആക്രിസാധനങ്ങള്‍ വിലയ്‌ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ലീലാമണി. മുടക്കുമുതലൊന്നുമില്ലാതെയാണ് ഇതിന് തുടക്കമിട്ടത്.

ഓരോ ഹരിതകര്‍മ്മ സേനാ യൂണിറ്റുകളും കണ്‍സോര്‍ഷ്യമായി രജിസ്റ്റര്‍ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേര്‍ന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ലീലാമണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തയ്യല്‍ അറിയാവുന്നതിനാല്‍ ടെയ്‌ലറിംഗ് ഷോപ്പാണ് ലീലാമണി സ്വപ്‌നം കണ്ടത്. അത് തുടങ്ങാന്‍ വായ്പയ്ക്ക് ശ്രമിച്ചു, നടന്നില്ല. ആ നിരാശയില്‍ കഴിയവെ സ്വന്തം വീട് പൊളിച്ച സാധനങ്ങള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ പോയി.

അപ്പോഴാണ് വീടുകളില്‍ നിന്നും ആക്രി ശേഖരിച്ച് വില്‍പ്പന നടത്തുകയെന്ന ആശയം ഉദിച്ചത്. അപ്പോള്‍ത്തന്നെ മൂലമറ്റത്തെ ആക്രി വ്യാപാരിയുമായി ഇക്കാര്യം സംസാരിച്ചു. ശേഖരിക്കുന്ന സാധനങ്ങള്‍ എടുത്തുകൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു. ഇക്കാര്യം സിഡിഎസ് ചെയര്‍പേഴ്‌സണുമായി സംസാരിച്ചപ്പോള്‍ നല്ല പിന്തുണ കിട്ടി. ഹരിതകര്‍മ്മ സേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ഏറ്റെടുത്തുകൊള്ളാനായിരുന്നു നിര്‍ദ്ദേശം.

അതനുസരിച്ച് എല്ലാവിധ ആക്രി സാധനങ്ങളും വാങ്ങാന്‍ തുടങ്ങി. വെറുതെയല്ല, മാര്‍ക്കറ്റ് വില കൊടുത്ത്. തൂക്കംനോക്കിയെടുക്കാന്‍ ത്രാസില്ലാത്തതിനാല്‍ ഊഹവില നല്‍കിയായിരുന്നു ആദ്യം ബിസിനസ്. ഇത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കി 860 രൂപ മുടക്കി ഒരു ത്രാസ് വാങ്ങി. അതോടെ വ്യാപാരം ഉഷാറായി.

ആദ്യം സംശയത്തോടെ വീക്ഷിച്ച നിവാസികള്‍ ഇടപാടുകളിലെ സത്യസന്ധത ബോധ്യപ്പെട്ടതോടെ ലീലമാണിയെ സ്‌നേഹത്തോടെ അംഗീകരിച്ചു. പേപ്പറുകളും കളിപ്പാട്ടങ്ങളും പാട്ട, തകിട്, കേടായ ഗൃഹോപകരണങ്ങളും പാഴ് വസ്തുക്കളെല്ലാം അവര്‍ ലീലാമണിയ്ക്കായി കരുതിവെച്ചു. ഫോണില്‍ വിളിച്ച് എപ്പോള്‍ വരാനാകുമെന്ന് ചോദിക്കുന്ന നിലയാണിപ്പോള്‍.

കുന്നുംമലയും കയറി ആക്രി സാധനങ്ങള്‍ ശേഖരിച്ച് ചുമന്ന് റോഡിലെത്തിക്കുന്നതെല്ലാം ലീലാമണി തനിച്ചാണ്. പിന്നീട് ഓട്ടോയോ മറ്റോ വിളിച്ച് ആക്രി കടയിലെത്തിക്കുന്നു. ആദ്യമാദ്യം നല്ല വില നല്‍കുന്നതില്‍ ശങ്കിച്ച ആക്രി വ്യാപാരി ഇപ്പോള്‍ ലീലാമണിയെന്ന ഊര്‍ജ്ജസ്വലയായ കസ്റ്റമര്‍ക്ക് നല്ല സ്വീകരണമാണ് നല്‍കുന്നത്.

ആരേയും ആശ്രയിക്കാതെ പ്രതിമാസം സകല ചെലവുകളും കഴിഞ്ഞ് 8000 രൂപയോളം വരുമാനമുണ്ടാക്കാന്‍ കഴിയുന്നുണ്ടെന്ന് ലീലാമണി പറയുന്നു. ഏതാണ്ട് എട്ടുമാസമായി ഈ ബിസിനസ് തുടങ്ങിയിട്ട്. സാം സ്‌ക്രാപ് ഷോപ്പ് എന്നാണ് സംരംഭത്തിന്റെ പേര്.

''നല്ല അലച്ചിലുള്ള ജോലിയാണ് എന്നിരുന്നാലും അഭിമാനത്തോടെ ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ട്. ഇതു തുടങ്ങിയ ശേഷം ആരോടും കടം ചോദിക്കാന്‍ ഇട വന്നിട്ടില്ല''. ലീലാമണി ആവേശത്തോടെ പറയുന്നു. വീടുകളും കടകളുമൊക്കെയായി വാര്‍ഡില്‍ 562 ഓളം ഇടങ്ങളില്‍ ഹരിതകര്‍മ്മ സേനാംഗമെന്ന നിലയില്‍ പോകുന്നതിനായി മാസം 10 ദിവസം വേണ്ടി വരും. ബാക്കി ദിനങ്ങളിലാണ് ആക്രി വ്യാപാരിയുടെ വേഷമണിയുന്നത്. ഈ ആക്രി സംരംഭകയെക്കുറിച്ചറിഞ്ഞ് കുടയത്തൂര്‍ വെള്ളിയാമറ്റം ഭാഗത്തു നിന്നെല്ലാം ആളുകള്‍ ഇപ്പോള്‍ ലീലാമണിയെ ഫോണില്‍ വിളിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലായിടത്തും ഓടിയെത്തുകയെന്നതാണ് ബുദ്ധിമുട്ട്. കാഞ്ഞാറില്‍ ഒരു വീട്ടില്‍ കേടായ വാഷിംഗ് മെഷീനുണ്ടെന്ന് പറഞ്ഞു ഒരാള്‍ വിളിച്ചു അങ്ങോട്ടു പൊയ്‌ക്കോട്ടെ… ലീലാമണി പറഞ്ഞുനിര്‍ത്തി.

മുമ്പേ പറക്കുകയാണ് ലീലാമണിയെന്ന് ഹരിതകേരളം

ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന സമഗ്ര മാലിന്യപരിപാലനത്തിന്റെ കണ്‍മുന്നിലെ മാതൃകയാണ് ലീലാമണിയുടെ സംരംഭമെന്ന് ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു പറഞ്ഞു. ഓരോ ഹരിത കര്‍മ്മ സേനാംഗവും ഇത്തരത്തില്‍ സ്വയംസംരംഭകരായി വളരുകയെന്നതാണ് ആത്യന്തികമായി ഹരിതകേരളം ലക്ഷ്യമിടുന്ന ശാസ്ത്രീയ മാലിന്യ പരിപാലനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെന്നല്ല സംസ്ഥാനത്തൊരിടത്തും ഇത്തരത്തിലൊരു ഹരിത കര്‍മ്മ സേനാ സംരംഭം തന്റെ അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

idukki news
Advertisment