തടി കുറയ്ക്കാന്‍ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിയ്ക്കാം

ഹെല്‍ത്ത് ഡസ്ക്
Thursday, February 18, 2021

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെറുചൂടുവെള്ളം കുടിച്ച്‌ ദിവസം തുടങ്ങുന്നവരും ഉണ്ട്. എന്നാല്‍ ഇനി മുതല്‍ രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച്‌ തുടങ്ങാം. വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ വെള്ളം ഏറ്റവും നല്ലൊരു മരുന്നാണെന്ന് വേണമെങ്കില്‍ പറയാം. ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു കുടിക്കുക. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ. നാരങ്ങയില്‍ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് ഡിഎന്‍എയെ സംരക്ഷിക്കുന്നു.

ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളില്‍ പറയുന്നു.

×