/sathyam/media/post_attachments/f1QK8AAhua52r5iCnr30.jpg)
മലമ്പുഴ: വീട്ടുമുറ്റത്തു നിന്നിരുന്ന മൂരിക്കുട്ടിയെ പുലി പിടിച്ചു. വീട്ടുകാരും അയൽക്കാരും ബഹളം വെച്ചതോടെ പുലി രക്ഷപ്പെട്ടു. സാരമായ പരുക്കുകളോടെ ഒന്നര വയസ്സായ മൂരിക്കുട്ടിയുടെ ജീവനും തിരിച്ചുകിട്ടി.
ഇന്നലെ രാത്രി 8.30 ഓടെയാണ് മലമ്പുഴ ചേമ്പന എസ്.സി കോളനിയിലെ ബിനുവിൻ്റെ വീട്ടിലെ മൂരിക്കുട്ടിയെ പുളളിപുലി പിടിച്ചത്.
വീട്ടിൽ കെട്ടിയിട്ട ആടിനെ കഴിഞ്ഞ ആഴ്ച്ച പുലി പിടിച്ചിരുന്നു. പലപ്പോഴായി ഇതിനോടകം ഇരുപത് ആടുകളെ പുലികൊണ്ടു പോയതായി കോളനിക്കാർ പറഞ്ഞു.
കാട്ടിൽ മേയാൻ പോകുന്ന ആടിനേയും മറ്റും പിടിക്കാറുണ്ടെങ്കിലും വീട്ടുമുറ്റത്ത് എത്തുന്നത് രണ്ടാം തവണയാണ്. വീടുകളിലെ കുട്ടികൾ മുറ്റത്തോ മറ്റോ കളിക്കുമ്പോൾ പുലി ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ്.
വനം വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കൂടു വെച്ച് പുലിയെ പിടിച്ചുകൊണ്ടു പോകണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.