ഒരു മുഖ്യമന്ത്രിക്ക് 43 ലക്ഷത്തിന്റെ വാച്ച് എന്തിന്; കന്നഡ മുഖ്യന്‍ കെട്ടുന്നത് ലോകത്തിലെ ആഡംബര വാച്ചുകളിലൊന്ന്, ജനം എന്തൊക്കെ കാണണം!

വാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്.

New Update
siddaramaiah pic

രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. സര്‍ക്കാര്‍ ചെലവില്‍ ലക്ഷത്തിനടുത്ത് വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരുള്ള സംസ്ഥാനമാണ് കടംവാങ്ങി കഴിയുന്ന കേരളം. പറഞ്ഞുവരുന്നത് കര്‍ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള്‍ നാട്ടിലെങ്ങും ചര്‍ച്ച. ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്‍ട്ടിയര്‍ വാച്ച്! 

Advertisment

ആഡംബരജീവിതവും കര്‍ണാടക രാഷ്ട്രീയവും പലപ്പോഴും വിവാദമായിട്ടുണ്ട്. കുപ്രസിദ്ധമായ ഹബ്ലോട്ട് വാച്ച് കഥയ്ക്കുശേഷം കര്‍ണാടക മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് പ്രതിച്ഛായയുമുള്ള നേതാവുമായ സിദ്ധരാമയ്യയാണ് പുതിയ സംഭവങ്ങളിലെ വിവാദപുരുഷന്‍. കഴിഞ്ഞദിവസം നടന്ന പ്രഭാതഭക്ഷണയോഗത്തില്‍ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കാര്‍ട്ടിയര്‍ വാച്ചുകള്‍ ധരിച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ സിദ്ധരാമയ്യയുടെ കൈത്തണ്ടയില്‍ കണ്ട വാച്ചാണ് ചര്‍ച്ചയായത്. റോസ് ഗോള്‍ഡില്‍ നിര്‍മിച്ച സാന്റോസ് ഡി കാര്‍ട്ടിയര്‍ വാച്ചിന്റെ വില '43 ലക്ഷം  20,000 ആയിരം രൂപ'!

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍, ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കാര്‍ട്ടിയര്‍ വാച്ച് ധരിച്ചിരുന്നു. എന്നാല്‍, അതു കാര്‍ട്ടിയറിന്റെ വിലകുറഞ്ഞ മോഡലെന്നാണ് പ്രചരണം. സിദ്ധരാമയ്യ ധരിച്ചിരുന്ന സാന്റോസ് ഡി കാര്‍ട്ടിയര്‍ വിപണിയിലെ മുന്തിയ ഇനമാണ്.

ചരിത്രം ആവര്‍ത്തിക്കുന്നു

വാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില്‍ നിര്‍മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള്‍ ആരോപിച്ചപ്പോള്‍, സിദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ ഇത്രയും ആഡംബരപൂര്‍ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള  വലിയ ചര്‍ച്ചയിലേക്ക് ഈ സംഭവം വളര്‍ന്നു.

അന്ന്, ആരോപണങ്ങളെ പ്രതിരോധിക്കാന്‍, ഹബ്ലോട്ട് വാച്ച് തന്റെ പഴയ എന്‍ആര്‍ഐ സുഹൃത്തും ദുബായിലെ കാര്‍ഡിയാക് സര്‍ജനുമായ ഡോ. ഗിരീഷ്ചന്ദ്ര വര്‍മ സമ്മാനിച്ചതാണെന്നും അതിന്റെ യഥാര്‍ഥമൂല്യം ഉദ്ധരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ന്യായീകരണം.

Advertisment