/sathyam/media/media_files/2024/12/18/tmCf62AYh0FyqE7YZE0y.jpg)
അടുത്തകാലംവരെ ബിജെ.പിയുടെ കേരളത്തിലെ വക്താവും പാർട്ടിയുടെ യുവമുഖവും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്തമാവുമായിരുന്ന സന്ദീപ് വാര്യർ കോൺ്രഗസിലെത്തിയ ശേഷം പല കാര്യങ്ങളിലും തന്റെ നിലപാട് തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയാണ്.
സന്ദീപ് വാര്യർക്ക് പ്രത്യയശാസ്ത്ര വ്യക്തതയില്ലെന്നും അദ്ദേഹത്തിന് എങ്ങനെ ഒറ്റ ദിവസം കൊണ്ട് കോൺ്രഗസുകാരനാകാൻ കഴിഞ്ഞുവെന്നുമുള്ള ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് പല കാര്യങ്ങളിലുമുള്ള തന്റെ നിലപാടുകൾ അദ്ദേഹം സത്യം ഓണ്‍ലൈന്‍ പ്രത്യേക പ്രതിനിധിയുമായി പങ്കുവയ്ക്കുന്നത്.
?. ബി.ജെ.പി വിട്ടപ്പോൾ എന്തുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുത്തത്
ബി.ജെ.പിയിൽ അനുഭവിച്ച ഏറ്റവും വലിയ പ്രയാസം അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യ വിരുദ്ധമായിട്ടുള്ള നിലപാടുകളുമായി മുന്നോട്ട് പോകുന്ന വ്യവസ്ഥയാണുണ്ടായിരുന്നത്. ഏകാധിപത്യ ശൈലിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തനം ജനാധിപത്യ മുല്യങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല.
വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വാഭാവികമായി രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിവുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടേയ്‌ക്കെത്തിയത്.
?. കോൺഗ്രസിൽ പല കാലത്തുമെത്തപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി, ഡോ.കെ.എസ് മനോജ്, എസ് ശിവരാമന്‍, സിന്ധു ജോയി, പ്രമോദ് നാരായണന്‍ തുടങ്ങിയവർ പാര്‍ട്ടിയില്‍ നിന്നു പിടിക്കാന്‍ ഗത്യന്തരമില്ലാതെ മറ്റ് പാർട്ടികളിലേക്ക് പോകുകയോ രാഷ്ട്രീയം ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് താങ്കള്‍ കോൺഗ്രസ് തെരെഞ്ഞെടുത്തു
മറ്റ് വ്യക്തികളുമായി എന്നെ താരതമ്യം ചെയ്യരുത്. ഞാൻ വന്നത് കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്ര പരിണാമത്തിന്റെ ഭാഗമായാണ്. ബി.ജെ.പിയിൽ നിന്ന് ആദ്യമായാണ് സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഒരാൾ കോൺഗ്രസിൽ എത്തുന്നത്.
അതിനെ മറ്റ് രാഷ്ട്രീയ കക്ഷികളിൽ നിന്ന് എത്തിയവരുമായി താരതമ്യം ചെയ്യേണ്ടതില്ല. കോൺ്രഗസിൽ എനിക്ക് ലഭിച്ച സ്വീകാര്യതയിൽ ഞാൻ തൃപ്തനാണ്.
?. കോൺഗ്രസിലേക്ക് എത്തിയപ്പോൾ ബി.ജെ.പി സംസ്ഥാന നേതാക്കളെ തള്ളിപ്പറഞ്ഞ താങ്കൾ ദേശീയ നേതാക്കളായ നരേന്ദ്രമോദി, അമിത് ഷാ എന്നിവരെ ഇപ്പോഴും തള്ളിപ്പറയുന്നില്ലെന്നാണ് സി.പി.എം അടക്കമുള്ളവരുടെ ആരോപണം
സംസ്ഥാന ബി.ജെ.പിയിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ ഒരിക്കലും താൻ ദേശീയ നേതാക്കളായ മോദിയുടെയും അമതിഷായുടെയും ഒപ്പമാണെന്ന് പറഞ്ഞിട്ടില്ല.
ബി.ജെ.പിയിലുള്ള സമയത്ത് ആ പാർട്ടിക്ക് വേണ്ടി സത്യസന്ധമായാണ് പ്രവർത്തിച്ചത്. പിന്നീട് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെ പരിപൂർണ്ണമായും തള്ളിയാണ് കോൺഗ്രസിലേക്ക് വന്നിട്ടുള്ളത്.
വ്യക്തികളെ മാത്രം തള്ളിയായിരുന്നില്ല അത്. ഇതേ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് മോദിയും അമിത് ഷായുമൊക്കെ. എല്ലാവരെയും എല്ലാ ദിവസവും രാവിലെ തള്ളിപ്പറയേണ്ടതുണ്ടോ ?
താൻ 'ക്രിസ്റ്റൽ ക്ലിയർ' സഖാവാകുമെന്ന് പറഞ്ഞവരാണ് സി.പി.എം. ഞാൻ സി.പി.എമ്മിൽ ചേരാത്തത് കൊണ്ടുള്ള കൊതിക്കെറുവ് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ അവരുന്നയിക്കുന്നത്.
?. താഴേത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും സന്ദീപിനോടുള്ള നിലപാടെന്താണ്
വളരെ സൗഹാർദ്ദ പൂർവ്വവും സ്‌നേഹപൂർവ്വവുമായ നിലപാടാണുള്ളത്. അവരിൽ ഒരാളായി കോൺഗ്രസ്, ലീഗ് പ്രവർത്തകർ എന്നെ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവരും ചേർത്തുപിടിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
?. ദേശീയ തലത്തിൽ കോൺഗ്രസ് ക്ഷീണാവസ്ഥയിലാണ്. ഇത് മാറുമെന്ന് കരുതുന്നുണ്ടോ
കോൺഗ്രസ് ഒരു ക്ഷീണാവസ്ഥയിലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിലവിൽ പല സംസ്ഥാനങ്ങളിലുമുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ദേശീയതലത്തിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ട് വരുന്നുണ്ട്.
അത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബോധ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്ത് ജനാധിപത്യം നിലനിർത്താനും ഭരണഘടന സംരക്ഷിക്കാനും കോൺഗ്രസിന്റെ ആവശ്യമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ടവരും മതന്യൂനപക്ഷങ്ങളുമൊക്കെ ഭയവിഹ്വലരായ കാലഘട്ടത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോൺഗ്രസിന് അനുകൂലമായ ജനവികാരം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രൂപപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ട്.
?. ഹിന്ദി ഹൃദയഭൂമിയിൽ സംഘപരിവാറും ബി.ജെ.പിയും പിടിമുറിക്കിയിരിക്കുകയല്ലേ. അവര്‍ക്ക് നല്ല സംഘടനാ അടിത്തറയുമുണ്ട്. ഇതിനെ മറികടക്കാൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും എങ്ങനെ സാധിക്കും
സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ഗാന്ധിയൻ സമരമുറയിലൂടെ മറികടന്ന പാർട്ടിയുടെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നാണ്. രാഷ്ട്രീയ സമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒട്ടും പ്രയാസമില്ല.
ഇപ്പോൾ ഊതി വീർപ്പിച്ച ബലൂൺ മാത്രമാണ് ബി.ജെ.പി. അതിനെ ചെറിയ സൂചി ഉപയോഗിച്ച് കുത്തിയാൽ പോലും പൊട്ടിത്തകരും. അതിനപ്പുറം ഒന്നുമില്ല.
കേന്ദ്ര സർക്കാരിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി ലഭിച്ച സമ്പത്ത് ഉപയോഗിച്ച് കൊണ്ടും അദാനി, അംബാനിമാരെ പോലെയുള്ളവരുടെ പിന്തുണ കൊണ്ടും ബി.ജെ.പി രാജ്യത്ത് നടത്തുന്നത് ജനാധിപത്യമല്ല.
അത് ധനാധിപത്യമാണ്. അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ.
?. നരേന്ദ്രമോദിയെന്ന ബിംബത്തെ കേന്ദ്രീകരിച്ച് മാത്രം ബി.ജെ.പി വോട്ട് വർദ്ധിപ്പിക്കുന്നുവെന്ന് കരുതാനാവുമോ. അത് കേന്ദ്രത്തിലെ ഭരണത്തിന്റെ കൂടി വിലയിരുത്തലല്ലേ
കുറച്ചധികം കാലമായി ബി.ജെ.പി വ്യക്തിപൂജയിലേക്ക് മാറുകയും വ്യക്തിയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിലൂടെ ഒരു പ്രതീതി സൃഷ്ടിക്കുകയും അതിലൂടെ വോട്ട് നേടാൻ പരിശ്രമിക്കുകയും ചെയ്യുന്നുവെന്നത് യാഥാർത്ഥ്യമാണ്.
അതുകാണ്ട് തന്നെ മോദി മാറിയാൽ ബി.ജെ.പിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നത് സ്വാഭാവികമായും ഏത് രാഷ്ട്രീയ വിദ്യാർത്ഥിക്കും ബോധ്യപ്പെടുന്ന കാര്യമാണ്.
പ്രത്യേകിച്ച് മോദി സൃഷ്ടിച്ച മാനദണ്ഡപ്രകാരം 75 വയസിനപ്പുറം അധികാരത്തിൽ തുടരുകയെന്നത് അധാർമ്മികമാണ്. അത് അദ്ദേഹത്തിന്റെ കാര്യത്തിലുമുണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ധാർമ്മികത മറ്റുള്ളവരുടെ കാര്യത്തിൽ മാത്രം മതിയെന്നാണെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ അതിനെ മുഖവിലയ്‌ക്കെടുക്കില്ല.
'അബ്കി ബാർ ചാർസൗപാർ' എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്ന ജനവിധിയാണ് ജനങ്ങൾ നൽകിയത്. ആ ജനവിധിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ട് വന്നത്.
ഇന്ന് രാജ്യത്തിന് ഒരു പ്രതിപക്ഷ നേതാവുണ്ട്. റോഡ് റോളർ ഉരുട്ടുന്നത് പോലെ നിയമങ്ങൾക്ക് മേൽ ഭേദഗതികൾ സൃഷ്ടിച്ച് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ അരികുവൽക്കരിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
?. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ എങ്ങനെ കാണുന്നു
ഭരണഘടനയെയും ഫെഡറലിസത്തെയും വെല്ലുവിളിക്കുന്ന നടപടിയാണിത്. രാജ്യത്തെ തിരഞ്ഞെടുപ്പു സ്വഭാവത്തെ എകീകരിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വികസനവിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയാവാത്ത സ്ഥിതിയുണ്ടാവും.
പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ഇടിവ് സംഭവിക്കും. തിരഞ്ഞെടുപ്പ് ചിലവുകളുടെ പേര് പറഞ്ഞ് സുതാര്യമായി നടക്കുന്ന ജനാധിപത്യ പ്രകിയയെ ഒരു കാരണവശാലും അട്ടിമറിക്കാൻ അനുവദിക്കാൻ സാധിക്കുന്നതല്ല.
രാജ്യത്തെ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന പ്രവർത്തനമായി മാത്രമേ ഇതിനെ കാണാനാവൂ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുമോ ? ഇങ്ങനെ പോയാല്‍ യു.ഡി.എഫ് അധികാരത്തിലേറുമോ ?
കഴിഞ്ഞ എട്ട് വർഷക്കാലമായി തുടരുന്ന പിണറായി ഭരണത്തിൽ സി.പി.എം പ്രവർത്തകൾ പോലും അസംതൃപ്തരാണ്. സാധാരണക്കാരെ പൊള്ളിക്കുന്ന വൈദ്യുതി ചാർജടക്കം വർധിപ്പിച്ച സർക്കാരിനെതിരെ താഴേത്തട്ടിൽ ജനവികാരം പ്രകടമാണ്. അതുകൊണ്ടാണ് പാലക്കാട് തിരഞ്ഞെടുപ്പിൽ വലിയ തോതിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്.
ചേലക്കരയിൽ സി.പി.എമ്മിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവ് വന്നതും ഇതിന്റെ പ്രതിഫലനമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെതിരായ വികാരം വ്യാപകമായുണ്ടാവും. യു.ഡി.എഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കും.
?. സംസ്ഥാനത്ത് എൽ.ഡി.എഫ് - ബി.ജെ.പി ധാരണയുണ്ടെന്നാണ് യു.ഡി.എഫ് ആരോപണം. അങ്ങനെയെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ലേ
സംസ്ഥാനത്ത് എൽ.ഡി.എഫ് - ബി.ജെ.പി ധാരണയുണ്ടെന്നുള്ളത് വ്യക്തമല്ലേ. കരുവന്നൂരിലും കൊടകരയിലും കേസുകൾ വെച്ചുമാറി പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. എസ്.എൻ.സി ലാവ്‌ലിൻ കേസ് 34 തവണയിലധികം സുപ്രീം കോടതിയിൽ മാറ്റിവയ്ക്കപ്പെടുന്നു. ഇതൊക്കെ ബാന്ധവമുണ്ടെന്നുള്ളതിന് തെളിവാണ്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടാക്കാൻ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടാവുന്നുണ്ട്.
തൃശ്ശൂരിൽ അതാണ് കണ്ടത്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും സി.പി.എം സ്വീകരിച്ച നിലപാടുകൾ ബി.ജെ.പിയെ സഹായിക്കുന്നതായിരുന്നു.
?. ബി.ജെ.പിയിൽ പ്രവർത്തിക്കുമ്പോൾ ഇങ്ങനെ തോന്നിയിട്ടുണ്ടോ
എനിക്ക് മാത്രമല്ല ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന പല ആളുകൾക്കും ഇത് ബോധ്യമുള്ളതാണ്. എസ്.എൻ.സി ലാവ്‌ലിൻ കേസ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി യോഗങ്ങളിൽ നേതൃത്വത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാതെ പോയിട്ടുണ്ട്.
എങ്ങനെയാണ് മാധ്യമ ചർച്ചകളിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതെന്ന പാനലിസ്റ്റുകളായ ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പാർട്ടിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് സാധിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഇവർ തമ്മിൽ അന്തർധാരയുണ്ടെന്ന കാര്യം പാർട്ടിക്കുള്ളിലെ നേതാക്കളും പ്രവർത്തകരും തമ്മിൽ സംസാരിക്കുന്ന കാര്യം തന്നെയാണ്.
?. മുനമ്പത്ത് എൽഡി.എഫ് - ബി.ജെ.പി മുൻധാരണയുണ്ടെന്ന് സംശയമുണ്ടോ ? കോൺഗ്രസിനെതിരായ ആരോപണങ്ങളെ എങ്ങനെ കാണുന്നു
എന്താണ് സംശയമുള്ളത്. മുനമ്പം വിഷയം വർഗീയവൽക്കരിക്കുന്നതിന് വേണ്ടി ബി.ജെ.പിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് സി.പി.എമ്മല്ലേ ?
വഖഫ് ഭേദഗതി നിയമം വന്നാൽ മുനമ്പത്തെ പ്രശ്‌നങ്ങൾ മുഴുവൻ തീരുമെന്നും ശീതകാല സമ്മേളനത്തിൽ വഖഫ് നിയമഭേദഗതി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച നേതാവാണ് വി. മുരളീധരൻ.
ഇന്നദ്ദേഹം എവിടെയാണ്. ഈ സമ്മേളനത്തിൽ അത് കൊണ്ടുവരാതെ ജെ.പി.സിക്ക് വിടുകയാണുണ്ടായത്. 2013ൽ യു.പി.എ രണ്ടാം സർക്കാർ വഖഫ് നിയമഭേദഗതി കൊണ്ടു വന്നപ്പോൾ അതിനെ ശക്തമായി അനുകൂലിച്ചവരാണ് ബി.ജെ.പി.
വൈകയാണ് വന്നതെങ്കിലും ആവശ്യമായിരുന്നു ഈ നിയമനിർമ്മാണമെന്നാണ് അന്ന് ലോക്‌സഭയിലെ ബി.ജെ.പി നേതാവായ ഷാനവാസ് ഹുസൈൻ പറഞ്ഞത്.
എത്രയും പെട്ടെന്ന് ഇത് ചെയ്യേണ്ടത് ആവശ്യമായിരുന്നുവെന്നും 5 ലക്ഷം കോടിയുടെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടെന്നും കേന്ദ്ര മന്ത്രാലയങ്ങളടക്കം വഖഫ് ഭൂമിയിലാണ് നിലനിൽക്കുന്നതെന്നും അത് തിരിച്ചു പിടിക്കണമെന്നും അന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് ബി.ജെ.പി.
അതിന് വേണ്ടി വഖഫ് സമ്മേളനവും വിളിച്ചിരുന്നു. അതേ ബി.ജെ.പി ഇന്ന് പറയുന്നത് അന്നത്തെ നിയമം മുസ്ലീം പ്രീണനത്തിന് വേണ്ടി കോൺഗ്രസ് നടപ്പാക്കിയതാണെന്നാണ്.
ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്. ഇത് തുറന്ന് കാട്ടാൻ കോൺഗ്രസിന് സാധിക്കും. വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന് കീഴിലുള്ളതാണ്. സർക്കാർ വിചാരിച്ചാൽ പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയമേ മുനമ്പത്തുള്ളൂ. കർണാടകയിൽ സർക്കാർ അത് ചെയ്തിട്ടുണ്ട്.
ഒരു പാവപ്പെട്ടവരെയും കുടിയൊഴിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ അടിവരയിട്ട് യു.ഡി.എഫ് നേതാക്കളായ പ്രതിപക്ഷനേതാവ് വി.ഡിസതീശനും, ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാടി സാദിഖലി തങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്താണ് എൽ.ഡി.എഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാത്തത്. ബി.ജെ.പിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കാന്‍ സി.പി.എം മന:പൂർവ്വം ശ്രമിക്കുന്നതാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും.
?. മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ - മുസ്ലീം ചേരിതിരിവ് ഉണ്ടായിട്ടുണ്ടോ ? ഇത് സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ
'ഇസ്ലാമോഫോബിയ' സമൂഹത്തിൽ ആകെ പടർത്താൻ വേണ്ടി സി.പി.എം പരിശ്രമിക്കുന്നു എന്നുള്ളത് മെക്ക് 7 വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായല്ലോ. സംസ്ഥാനത്ത് ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ ചേരിതിരിവുണ്ടാക്കി അതിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യുകയെന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നയമാണ്.
അതിന് വേണ്ടിയാണ് യു.ഡി.എഫിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ- മുസ്ലീം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുകയും അവരെ പരസ്പരം അകറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഈ സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ളത് യു.ഡി.എഫാണ്.
അക്കാര്യം അവർക്ക് ബോധ്യമുണ്ട്. സി.പി.എം ഇപ്പോൾ പിന്തുടരുന്നത് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണെന്ന് മതന്യൂനപക്ഷങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
?. ബി.ജെ.പി സമാനതകളില്ലാതെ മുന്നേറ്റം നടത്തുന്ന തിരുവനന്തപുരം കോർപ്പറേഷനും, പാലക്കാട് നഗരസഭയും കോൺഗ്രസ് പിടിക്കുമോ ? അതിൽ സന്ദീപ് വാര്യരുടെ പങ്കെന്താവും
തിരുവനന്തപുരത്തും, പാലക്കാട്ടും കോൺഗ്രസിന് അധികാരത്തിൽ വരാൻ സാധിക്കുന്ന രാഷ്ട്രീയ സാഹചര്യം നിലവിലുണ്ട്. അതിനനസുരിച്ചുള്ള പ്രവർത്തനവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ത് റോൾ നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.
?. വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെന്ന കോൺഗ്രസിന്റെ ആക്ഷേപത്തെ മുമ്പ് നിശിതമായി വിമർശിച്ചയാളാണ് സന്ദീപ് വാര്യർ. നിലവിൽ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കുന്നുണ്ടോ
തിരഞ്ഞെടുപ്പിൽ വിജയം നേടുക മാത്രമല്ല അതിന്റെ ഫലം സുതാര്യമാണെന്ന് ആ പ്രക്രിയയിൽ ഭാഗഭാക്കാകുന്ന എല്ലാവർക്കും ബോധ്യമാകുന്ന സാഹചര്യമുണ്ടാവണം. ഇവിടെ സംശയകരമായ സാഹചര്യമുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഈ സംശയം ആദ്യമുന്നയിച്ച പാർട്ടി ബി.ജെ.പിയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഉന്നയിക്കുകയും പുസ്തകമെഴുതുകയും ചെയ്തയാളാണ് എൽ.കെ അദ്വാനി. ഏതെങ്കിലും ഒരു വിഭാഗത്തിന് തിരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വാസമില്ലാത്ത അവസ്ഥ രാജ്യത്ത് അരാജകത്വമുണ്ടാക്കും. വിശ്വാസ്യത ഉറപ്പു വരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
?. വർഷങ്ങളായി നിന്ന പ്രസ്ഥാനം ഉപേക്ഷിച്ച് മറ്റൊന്നിന്റെ ഭാഗമാവുമ്പോൾ ഏറ്റവും അടുപ്പമുള്ളവരുടെ പ്രതികരണമെന്തായിരുന്നു
രാഷ്ട്രീയമെന്ന് പറയുന്നത് വ്യക്തിയധിഷ്ഠിതമല്ല. വ്യക്തിപരമായ നിലപാടുകളെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടുന്നതിൽ അർത്ഥമില്ല. അത്തരം വൈകാരികമായ ഒന്നും എന്റെ നിലപാടിനെ സ്വാധീനിക്കരുതെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
പ്രത്യയശാസ്ത്രം മാറുമ്പോൾ അടുത്തു നിൽക്കുന്നയാളുകൾക്ക് പ്രയാസമുണ്ടാവും. എന്നാൽ മറ്റു വ്യക്തികളുടെ വൈകാരികമായ ചിന്തകൾക്ക് എന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള ഒരവസരവും ഞാൻ നൽകില്ല. അത് എന്റെ നിലപാടാണ്. അതിലുറച്ച് മുന്നോട്ട് പോകും.
?. സന്ദീപ് അഴിമതിക്കാരനാണെന്നും സദാചാര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഇപ്പോഴത്തെ രാഷ്ട്രീയ ജീവിതം കെ.സുരേന്ദ്രന്റെ രാഷ്ട്രീയ ഭിക്ഷയാണെന്നും മറ്റും ബി.ജെ.പിയിൽ നിന്നുമുയരുന്ന ആരോപണങ്ങളെ എങ്ങനെ വിലയിരുത്തുന്നു
ഞാൻ അത്ര മോശക്കാരനായിരുന്നെങ്കിൽ എന്തിനാണ് പാർട്ടിയുടെ ചുമതലയിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്ന് കെ.സുരേന്ദ്രൻ മത്സരിച്ച വയനാട് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയത് ?
എന്റെ കേസ് നടത്താൻ പാട്ടപ്പിരിവ് നടത്തുമെന്ന് പ്രഖ്യാപിച്ചത് എന്തിനാണ് ? എന്തിനാണ് എന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
അപ്പോൾ മോശക്കാരനല്ലെന്നും പ്രധാനപ്പെട്ട പദവികൾ വഹിക്കാനും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ വരെ നയിക്കാനും യോഗ്യതയുള്ള നേതാവാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ ഈ നടപടികളെല്ലാം സ്വീകരിച്ചത്.
കോൺഗ്രസ് പ്രവർത്തകനായ എന്റെ രാഷ്ട്രീയ ഭാവി കെ.സുരേന്ദ്രൻ എന്തിനാണ് സംരക്ഷിക്കുന്നത്. അങ്ങനെ തെളിവുകൾ വല്ലതുമുണ്ടെങ്കിൽ പുറത്ത് വിടട്ടെ. അപ്പോൾ കാണാമല്ലോ.
?. നിലവിൽ കോൺഗ്രസ് ചുമതല നൽകിയിട്ടുണ്ടോ? എങ്ങനെയാണ് പ്രവർത്തനം
നിലവിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വിവിധ ഘടകങ്ങൾ നടത്തുന്ന പരിപാടികളിൽ എന്നെ ഉൾക്കൊള്ളിക്കുന്നുണ്ട്. ഭാവിയിൽ കോൺഗ്രസ് പാർട്ടി എന്ത് ചുമതലയാണോ ഏൽപ്പിക്കുന്നത് അത് നിർവ്വഹിക്കും.