വനഭേദഗതി പിന്‍വലിച്ചതുകൊണ്ട് മാത്രം അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍. നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ വെടി വയ്ക്കാന്‍ നിയമമുണ്ടാകണം. ഇനി വേനലാണ്. മൃഗങ്ങള്‍ പുറത്തേയ്ക്ക് വന്നാല്‍ തോക്കേടുക്കേണ്ടിവരും. വനം പ്രശ്നങ്ങളില്‍ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി എംപി. ക്രൈസ്തവ സഭകള്‍ക്ക് രാഷ്ട്രീയമില്ല, സഭയ്ക്ക് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ, മനസ് തുറന്ന് ജോസ് കെ മാണി - അഭിമുഖം ഒന്നാം ഭാഗം

മാണി സാറിനുശേഷം 'മാണിസം' ഒന്നവസാനിപ്പിക്കണമെന്ന് നിനച്ചിരുന്നവര്‍ക്ക് മുന്‍പില്‍നിന്നും അസാമാന്യ മെയ് വഴക്കത്തോടെയാണ് ജോസ് കെ മാണി ആ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എത്തിച്ചു ഭദ്രമാക്കിയത്.

New Update
interview jose k mani
Listen to this article
0.75x1x1.5x
00:00/ 00:00

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണിസാറിന്റെ മരണ ശേഷം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അച്ചുതണ്ട് അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി എംപിയെ ചുറ്റിപറ്റിയാണ്.

Advertisment

മാണി സാറിനുശേഷം 'മാണിസം' ഒന്നവസാനിപ്പിക്കണമെന്ന് നിനച്ചിരുന്നവര്‍ക്ക് മുന്‍പില്‍നിന്നും അസാമാന്യ മെയ് വഴക്കത്തോടെയാണ് ജോസ് കെ മാണി ആ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എത്തിച്ചു ഭദ്രമാക്കിയത്.

പൊതുജീവിതത്തില്‍ ഒരിക്കല്‍പോലും മാന്യത വിട്ട് സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ ശൈലിയല്ല. ശരിക്കും ഒരു സൗമ്യഭാഷി.  

രണ്ടാം പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം ഇതാദ്യമായാണ് കേരളകോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി ഒരു മാധ്യമത്തോട് മനസ് തുറക്കുന്നത്.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സമീപകാല ഭരണ-രാഷ്ട്രീയ ഇടപെടലുകളും 'സത്യം ഓൺലൈന്‍' പൊളിറ്റിക്കൽ എഡിറ്റർ അരവിന്ദ് ബാബുവുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തുറന്ന് പറയുകയാണ്.    

?. നിലവിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വനനിയമഭേദഗതി സർക്കാർ ഉപേക്ഷിച്ചു. എന്നാൽ അത് ക്യാബിനറ്റിൽ വന്നപ്പോൾ പാർട്ടിയുടെ മന്ത്രി കൂടി അനുവാദം നൽകിയെന്നാണല്ലോ വനംമന്ത്രി പറഞ്ഞത്. ശശീന്ദ്രനു മുകളിൽ കൂടി വനം ഭേദഗതി ബിൽ തെറിപ്പിച്ചത് കേരളാ കോൺഗ്രസ് നിലപാടായിരുന്നോ

ഒരു കാര്യം വ്യക്തമാണ്. കേരളാ കോണ്‍ഗ്രസ് എം അതിനെ ശക്തമായി എതിര്‍ത്തു. ആ നിലപാട് ഒടുവില്‍ അംഗീകരിക്കപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാബിനറ്റില്‍ പറഞ്ഞത് പുറത്തു പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിക്കും പാര്‍ട്ടിക്കും ഒരേ നിലപാടെ ഉള്ളൂ.


വനനിയമത്തിൽ വ്യക്തമായ കർഷക വിരുദ്ധത ശ്രദ്ധയിൽപെട്ടിരുന്നു. നിയമത്തിന്റെ കരട് വന്നപ്പോൾ ബില്ല് ആഴത്തിൽ പഠിച്ച ശേഷം ഇത് കർഷകർക്ക് ദോഷകരമാവുമെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.


തുടർന്ന് ഞാൻ നേരിട്ട് ഒരു കരട് ഉണ്ടാക്കി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്തു. കരടിലെ കർഷക വിരുദ്ധത ഗൗരവതരമാണെന്ന് വിശദീകരിക്കാൻ പാർട്ടി സംഘം മുഖ്യമന്ത്രിയെ കണ്ടു.

infam and chief minister

ബില്ലിലെ ഓരോ വ്യവസ്ഥകളും പ്രത്യേകമായി എടുത്തു വായിച്ച് വിശദീകരിച്ച് കൊടുത്തു. ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകൾ വാക്കാൽ കേട്ടാൽ കുഴപ്പമില്ലെന്ന് തോന്നുമായിരുന്നു.


എന്നാൽ അത് അധികാര ദുർവിനിയോഗത്തിലേക്ക് എത്താൻ കഴിയുമെന്ന കാര്യവും അദ്ദേഹത്തെ ധരിപ്പിച്ചു. മനുഷ്യ-മൃഗ സംഘർഷം നടക്കുന്നിടത്ത് എപ്പോഴും അഭിപ്രായ ഭിന്നതയുണ്ടാകുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ്.


അവിടെ നിയമത്തിലൂടെ ലഭിക്കുന്ന അമിതാധികാര പ്രവണത അധികാര ദുർവിനിയോഗത്തിന് വഴിവെയ്ക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന്റെ കാര്യത്തിൽ നിലപാടുണ്ടായത്.  

?. യഥാർത്ഥത്തിൽ ആ ബില്ലിൽ ആരായിരുന്നു കുറ്റക്കാർ ? വനംവകുപ്പ് ഉദ്യോഗസ്ഥരോ വനംമന്ത്രിയോ ? മുഖ്യമന്ത്രി നിയമഭേദഗതിയെ തള്ളുന്നത് വരെ വനംമന്ത്രി അതിൽ ഉറച്ച് നിൽക്കുകയായിരുന്നല്ലോ

വനംവകുപ്പിന് ജാഗ്രതക്കുറവുണ്ടായി എന്നത് സത്യമാണ്. പലപ്പോഴും ബില്ലുമായി ബന്ധപ്പെട്ട് ചർച്ചകളുണ്ടാവുന്നത് ഉദ്യോഗസ്ഥരുമായാണ്. അവർ പ്രഥമദൃഷ്ട്യാ കാര്യങ്ങൾ വിശദീകരിച്ച് പോകുകയാണ് ചെയ്യുന്നത്.

jose k mani-9

ബില്ല് ആഴത്തിൽ പരിശോധിക്കുമ്പോൾ കർഷകർക്ക് ദോഷകരമാവും എന്ന് മനസിലാകും. മാത്രമല്ല, ഉദ്യോഗസ്ഥർ മന്ത്രിതലത്തിൽ തെറ്റദ്ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.


മനുഷ്യ-മൃഗ സംഘർഷമാണ് ഉണ്ടാകുന്നതെങ്കിലും അവിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായാണ് ജനങ്ങൾ സംവദിക്കേണ്ടത്. അത്തരം സാഹചര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രതയോടെ വേണമായിരുന്നു ബില്ലിന്റെ കരട് നിർമ്മിക്കേണ്ടിയിരുന്നത്.


?. കർഷകരുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം). പ്രത്യേകിച്ച് മലയോര കർഷകരടക്കമുള്ളവരാണ് കേരള കോൺഗ്രസിന്റെ ജീവനാഡി. അവരുടെ കൃഷിയിടങ്ങളിലേക്ക് വന്യജീവികൾ അതിക്രമിച്ച് കടക്കുകയും അവരുടെ ജീവനെടുക്കുകയും ചെയ്യുമ്പോൾ അവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നിറവേറ്റുക എന്ന ദൗത്യം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് തയ്യാറാണോ ? തമിഴ്‌നാട്ടിലൊക്കെ ആ വഴിക്കാണല്ലോ കാര്യങ്ങൾ

ഒരു സംശയവുമില്ല. അതുതന്നെയാണ് നിലപാട്. വന്യമൃഗ ആക്രമണമുണ്ടായാൽ അവയെ വെടിവെച്ച് കൊല്ലണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനും കേരള കോൺ്രഗസുമാണ്. എത്രയോ മരണങ്ങള്‍ ഉണ്ടായി. ആതിരപ്പള്ളിയിൽ അച്ഛനൊപ്പം ബൈക്കിൽ വന്ന അഞ്ച് വയസുകാരിയെ കാട്ടാന ചിവിട്ടിക്കൊന്ന സംഭവം എത്രയോ വേദനാജനകമായിരുന്നു.

wild elephants crossing road

ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമങ്ങളിൽ ഭേദഗതി നടത്തിയേ പറ്റൂ. നിയമമുണ്ടാക്കിയത് 1972 ല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്.


നിയമുണ്ടാക്കിയപ്പോൾ വന്യമൃഗങ്ങൾക്ക് എവിടെയാണ് സംരക്ഷണം നൽകേണ്ടതെന്ന് കൃത്യമായി നിർവചിക്കാനായില്ല. അതുകൊണ്ട് വന്യമൃഗങ്ങൾ വനത്തിന് പുറത്ത് വന്നാലും സംരക്ഷിക്കേണ്ട ബാധ്യത വനംവകുപ്പിനുണ്ടായി.


മൃഗങ്ങളെ വനത്തിനുള്ളിലാണ് സംരക്ഷിക്കേണ്ടത്. വനത്തിന് പുറത്തേയ്ക്ക് മൃഗങ്ങള്‍ വന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യന് സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.

പക്ഷേ, ജനങ്ങളുടെ സംരക്ഷണം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമല്ലാതായി മാറി. അവരെ കുറ്റപ്പെടുത്താനുമാവില്ല. അതുകൊണ്ടാണ് പുറത്തെത്തുന്ന വന്യമൃഗങ്ങളെ അവർ ദിവസങ്ങൾ ചിലവഴിച്ച്  തിരികെ കാട്ടിലേക്ക് തുരത്താൻ നോക്കുന്നത്.

tiger on the road

നിലവിൽ ഒരു കടുവ നാട്ടിലിറങ്ങിയിട്ട് അതിനെ പിടിക്കാന്‍ എത്ര ദിവസമാണെടുത്തത്. ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റാതായി. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല.

ചില മൃഗങ്ങളെ കൊല്ലാൻ കഴിയുമെങ്കിലും നിയമത്തില്‍ ഷെഡ്യൂള്‍ വണ്ണില്‍ ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങളെ വെടിവെയ്ക്കാൻ വൈൽഡ് ലൈഫ് വാർഡനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്.


ഇതിൽ നിയമഭേദഗതി ആവശ്യമാണ്. ഇതിനായി ബോധവൽക്കരണം നടത്താൻ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചു നിൽക്കണം.


ഇനി വേനൽ കടുക്കുമ്പോൾ മൃഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ശല്യമുണ്ടാവും. അപ്പോൾ തോക്കെടുക്കേണ്ടതായി വരും, എന്ന്  ഞാൻ ആഹ്വാനം ചെയ്യുകയല്ല. നിലവിൽ കൃഷിയിടം നശിപ്പിക്കുന്ന പന്നിയെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇനി ഇത്തരം കൂടുതല്‍ ലൈസൻസുകൾ വന്യമൃഗ ശല്യങ്ങളുള്ള എല്ലാ പഞ്ചായത്തുകളിലും നൽകണം. അതിനുള്ള ലൈസന്‍സുകള്‍ വിരമിച്ച പട്ടാളക്കാര്‍ക്ക് നല്കിയാല്‍ മതിയല്ലോ.

?. വന നിയമഭേദഗതിയിൽ ക്രൈസ്തവസഭാ നേതൃത്വങ്ങൾ എടുത്തത് ശക്തമായ നിലപാടാണ്. കേരള കോൺ്രഗസിന്റെ ഇടപെടലിൽ അത് സാധ്യമായി. സഭയും ഇടതുമുന്നണിയുമായുള്ള അകൽച്ച കുറയ്ക്കാൻ ഇത് സഹായകരമാണോ


ഇടത് വലത് പക്ഷങ്ങൾ സഭയ്ക്ക് ഒരു പോലെയാണ്. അവർക്ക് രാഷ്ട്രീയമില്ല. അവർ ഏറ്റെടുക്കുന്നത് പൊതുവേ സാമൂഹിക വിഷയങ്ങളാണ്. കേരള കോൺഗ്രസിന്റെയും പൊതുവായ വിഷയമാണത്.


infam fr. mattamundayil speech

കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളെ പൊതുസമൂഹത്തിന്റെ വിഷയങ്ങളായിക്കണ്ട് സഭ ഏറ്റെടുക്കുമ്പോൾ അതിനർത്ഥം എൽഡിഎഫുമായി അകന്നുവെന്നും യുഡിഎഫുമായി അടുത്തുവെന്നുമല്ല.

വനഭേദഗതിയുമായി ബന്ധപ്പെട്ട് സഭാ നേതൃത്വങ്ങളുമായും ഇന്‍ഫാം പോലുള്ള സഭയുടെ കര്‍ഷക സംഘടനകളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്.

'യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് ' രൂപീകരിച്ചു; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണും


വനം ഭേദഗതി പിന്‍വലിക്കപ്പെട്ടപ്പോള്‍ എന്നെ ആദ്യം വിളിച്ചത് കെസിബിസിയില്‍ കര്‍ഷക സംഘടനകളുടെ ചുമതലയുള്ള മാര്‍ റെമിജിയോസ് പിതാവും ഇന്‍ഫാം ചെയര്‍മാന്‍ തോമസ് മറ്റമുണ്ടയിലച്ചനുമൊക്കെയാണ്.


?. നിലവിലെ വനനിയമ ഭേദഗതിയടക്കമെടുത്താലും വന്യജീവി ആക്രമണങ്ങളുടെ കാര്യമെടുത്താലും അതിൽ കേന്ദ്ര സർക്കാരിനാണ് കൂടുതൽ ചെയ്യാൻ കഴിയുകയെന്ന് സംസ്ഥാന സർക്കാർ തന്നെ പറയുന്നു. താങ്കൾ ദീർഘകാലമായി പാർലമെന്റംഗമാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമഗ്ര നിയമനിർമ്മാണത്തിന് അങ്ങ് കേന്ദ്രത്തിലെ മറ്റ് പാർട്ടികളെയും അംഗങ്ങളെയുംകൂടി സഹകരിപ്പിക്കാൻ ശ്രമിക്കുമോ

ഈ വിഷയം ഏറ്റവും കൂടുതല്‍ പാർലമെന്റിന് അകത്തും പുറത്തുമുന്നയിച്ചിരിക്കുന്നത് ഞാൻ തന്നെയാണ്. യു.പി.എ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരിന്റെ കാലത്തും ഈ നിയമഭേദഗതി നടക്കില്ലെന്ന ഒരേ മനസിലാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. എന്തായാലും ആ ശ്രമങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകും. അതില്‍ ആരുടേയും സഹായം സ്വീകരിക്കും.


ഏത് കാര്യത്തിൽ നിയമം പാസാക്കിയാലും ഒരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിയും സംസ്‌ക്കാര രീതിയും വ്യത്യാസമുണ്ട്. അതനുസരിച്ച് വേണം നിയമത്തിന് രൂപം നൽകേണ്ടത്. പക്ഷേ നിയമങ്ങളിൽ പലതും ചില മേഖലകൾക്ക് യോജിച്ചതാവുമ്പോൾ മറ്റു ചിലയിടത്ത് യോജിക്കാത്ത അവസ്ഥയുണ്ട്.  


മനുഷ്യ-മൃഗ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. കാരണം 54 ശതമാനമാണ് കേരളത്തിന്‍റെ വനാവരണം. മറ്റ് സംസ്ഥാനങ്ങളിൽ 22 മുതൽ 26 ശതമാനം വരെയാണ്.

wild animal attack


5 വർഷത്തിന് ശേഷം കേന്ദ്രം ലക്ഷ്യമിടുന്ന വനവിസ്തൃതി 33 ശതാനം മാത്രമാണ്. ഇപ്പോൾ ദേശീയ ശരാശരി 26 ശതമാനമാണ്. അതുകാണ്ട് തന്നെ ഇനി കേരളത്തില്‍ വനമേഖല ഒരിഞ്ച് പോലും വർധിപ്പിക്കേണ്ട ആവശ്യമില്ല.


?. വന്യമൃഗങ്ങളെ തുരത്താനുള്ള പദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത മൂലം തടസപ്പെടുന്നുവെന്നാണ് മന്ത്രിയുടെ വാദം. ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുണ്ടോ

തീർച്ചയായും, അതിൽ രാഷ്ട്രീയമുണ്ട്. വിഷയത്തിൽ മനുഷത്വപരമായ സമീപനമല്ല കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനുപരിയായി ആഗോളതാപന പ്രതിഭാസവുമായി ബന്ധപ്പെട്ട് അന്തരാഷ്ട്ര തലത്തിൽ ലോബീയിംഗ് നടക്കുന്നുണ്ട്.

jose k mani-5

ആഗോളതാപനവുമായി ബന്ധപ്പെട്ട് പല മേഖലയിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇന്ത്യയെ പോലെയുള്ള മൂന്നാം ലോക രാജ്യങ്ങൾ അനുഭവിക്കുന്നത് അത്തരം രാജ്യങ്ങൾ ചെയ്ത തെറ്റുകൾ കൊണ്ടല്ല.


വികസിത രാജ്യങ്ങളാണ് ഇക്കാര്യത്തിൽ തെറ്റ് ചെയ്തത്. അതിന്റെ പേരിൽ മറ്റ് രാജ്യങ്ങൾ ഇതിനായി കൂടുതൽ വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കണമെന്നും വനവിസ്തൃതി കുട്ടണമെന്നുമാണ് അവർ തിട്ടൂരമിറക്കുന്നത്.


എത്ര ഫണ്ട് തന്നാലും കേരളത്തിന്റെ വനമേഖല മുഴുവൻ മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ നിന്നും വേർതിരിച്ച് നിർത്താനാവില്ല. വന്യമൃഗങ്ങൾ കൂടുതലായി ഇറങ്ങുന്ന മേഖലകളിലാണ് ഇപ്പോൾ മുൻകരുതലുകളുള്ളത്.


എന്നാൽ അത് മാത്രമല്ല കാര്യം. വന്യജീവി സെൻസസ് കൃത്യമായി എടുത്ത് വനമേഖലയ്ക്ക് താങ്ങാൻ പറ്റാത്തവയെ നായാട്ടിലൂടെ നിയന്ത്രിക്കണം.


ആസ്‌ട്രേലിയയിലെ ദേശീയ മൃഗമായ കങ്കാരുവിനെ എല്ലാ വർഷവും കൊന്നൊടുക്കാനുള്ള ലൈസൻസ് അവിടുത്തെ ഭരണകൂടം നൽകുന്നുണ്ട്. ഇവിടെ സെൻസസ് കൃത്യമായി എടുക്കുന്നില്ല. അതുകൊണ്ട് മൃഗങ്ങൾ പെരുകുകയാണ്.

വനത്തിന് പുറത്തേക്ക് വരുന്ന വന്യമൃഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൊലീസിനെ അധികാരപ്പെടുത്തണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്.


വനം വകുപ്പ് ഉദ്യോഗസ്ഥർ വളരെ കുറവാണ്. എല്ലായിടത്തും പൊലീസ്  സ്‌റ്റേഷനുകളുണ്ട്. പക്ഷേ,  വനത്തിനുള്ളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മൃഗങ്ങളെ സംരക്ഷിക്കുകയും പുറത്ത് പോലീസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുകയും ചെയ്യുന്നതാകണം പുതിയ നിയമം.


- റോഷി അഗസ്റ്റിന്‍ ആരാണ് ? മുന്നണിമാറ്റത്തില്‍ നിലപാടുണ്ട് .. തുറന്നടിച്ച് ജോസ് കെ മാണി..  തുടരും

Advertisment