/sathyam/media/media_files/2025/01/23/Rk15IEvLk5kwOw2qFf70.jpg)
സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ആകാംഷ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേയ്ക്ക് മടങ്ങിവരുമോ എന്നതാണ്. മറ്റൊന്ന് കഴിഞ്ഞ തവണ തോറ്റ പാലായില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കുമോ എന്നതും. അതിനെല്ലാം കൃത്യമായ ഉത്തരമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്കുള്ളത്.
ലോക്സഭാ എംപിമാര്‍ക്കു മണ്ഡലത്തില്‍ വികസനം കൊണ്ടുവരാം എന്ന് കാണിച്ചുതന്ന എംപിയാണ് ജോസ്. പക്ഷേ രാജ്യസഭാ എംപിമാര്‍ വികസനം നടത്തിയ ചരിത്രം കേരളത്തിലില്ല. ഇപ്പോള്‍ ആ ചരിത്രവും തിരുത്തി വികസനത്തിനൊരു 'പാലാക്കാരന്‍ മോഡല്‍' സൃഷ്ടിച്ചിരിക്കുകയാണ് ജോസ് കെ മാണി.
പാലാ, യുഡിഎഫ്, വികസനം, പിളര്‍പ്പ് കാലം .. എന്നിവയിലൊക്കെ ദീര്‍ഘകാലത്തിനു ശേഷം മനസ് തുറന്ന് മറുപടി പറയുകയാണ് സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ അദ്ദേഹം .. അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം
?. കേരള കോൺഗ്രസിന് ചേർന്ന് പോകാൻ പറ്റുന്ന പ്രസ്ഥാനം യുഡിഎഫാണെന്ന ആശയമായിരുന്നല്ലോ എക്കാലവും കെ.എം മാണി സാറിനുണ്ടായിരുന്നത്. 80ൽ ഇടത് മുന്നണിയുടെ ഭാഗമായതിനെ അടവ് നയമെന്നാണ് മാണിസാർ പിന്നീട് വിശദീകരിച്ചിട്ടുള്ളത്. അപ്പോൾ നിലവിലെ എൽഡിഎഫുമായുള്ള കൂടിച്ചേരലും അത്തരമൊരു അടവ് നയത്തിന്റെ ഭാഗമാണോ. അങ്ങനെങ്കിൽ യുഡിഎഫിലേക്കുള്ള കേരള കോൺഗ്രസിന്റെ ഒരു സ്വാഭാവിക തിരിച്ചുപോക്ക് താമസിയാതെ സംഭവിക്കുമോ
മാണി സാർ അങ്ങനെ പറഞ്ഞിട്ടില്ല. അന്നത്തെ സാഹചര്യം കൊണ്ട് ഇടതുപക്ഷത്ത് നിന്നു. ഇവിടെ കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട് പോയതല്ല. അങ്ങനെ പോയാൽ അത് അടവ് നയമെന്ന് വ്യാഖ്യാനിക്കാം. ഇത് ബോധപൂർവ്വം പുറത്താക്കിയതാണ്.
അതിന് ശേഷം തിരിച്ചെടുക്കാൻ മതിയായ സമയം കാത്തിരുന്നു. ആശയവിനിമയം നടത്തി. ഒരു തീരുമാനവും ഉണ്ടായില്ല. അല്ലെങ്കില്‍ അവര്‍ അത് ആഗ്രഹിക്കുന്നതായി തോന്നിയില്ല. നാല് മാസത്തോളം കാത്തിരിപ്പ് തുടർന്നു.
പാർട്ടിയുടെ നിലനിൽപ്പ് പ്രശ്‌നമായപ്പോഴാണ് ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനമെടുത്തത്. ഇടതുപക്ഷത്തെത്തിയ ഞങ്ങളെ അവർ ചേർത്ത് നിർത്തുകയും ചെയ്തു.
?. നിങ്ങൾ ഇടതുമുന്നണിയിലേയ്ക്ക് പോകും എന്നുറപ്പായ ശേഷം നിങ്ങളെ തിരികെ കൊണ്ടുവരാൻ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ സംസാരിച്ചോ
കോൺഗ്രസിന്റെ മധ്യനിരയിലുള്ള വളരെയധികം നേതാക്കൾ ഞങ്ങൾ ഇടതുപക്ഷത്തേക്ക് പോകരുതെന്ന് ഉപദേശിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങളെ മുന്നണിയില്‍ നിന്നും പുറത്താക്കിയിരിക്കുകയായിരുന്നല്ലോ.
എന്നാൽ നേതൃത്വത്തിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ ഒരാളും ആ 4 മാസവും ഞങ്ങളെ ബന്ധപ്പെട്ടില്ല. ഒരു ക്ഷേമാന്വേഷണത്തിനുപോലും ഒരാളും ഞങ്ങളെ വിളിച്ചില്ല. എങ്ങോട്ടെങ്കിലും പോകട്ടെ എന്നതായിരുന്നു അവരുടെ നിലപാടെന്ന് ഞങ്ങള്‍ക്ക് തോന്നി.
മടങ്ങിവരണം എന്ന് ഒരിക്കല്‍പോലും ആവശ്യപ്പെട്ടതുമില്ല. അത് വേദനയുണ്ടാക്കി. യുഡിഎഫ് കൺവീനറടക്കമുള്ള ആളുകൾ മന:പൂർവ്വം അങ്ങനെ തീരുമാനമെടുക്കുകയായിരുന്നു. പുറത്തുനിര്‍ത്തിയാല്‍ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ പലവഴിക്ക് പോയി ഞങ്ങളുടെ പാര്‍ട്ടി തീര്‍ന്നുപോകും എന്നവര്‍ ചിന്തിച്ചു.
?. ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു മാണിസാറിനും താങ്കൾക്കും. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു ഫോൺ കോൾ താങ്കൾ പ്രതീക്ഷിച്ചിരുന്നോ
തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. അതാഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം എടുത്ത് നടപ്പാക്കി കഴിഞ്ഞ് അങ്ങനെ ഒരു ആശയവിനിമയവും ഉത്തരവാദിത്വപ്പെട്ട ഒരാളിൽ നിന്നു പോലും ഉണ്ടായിട്ടില്ലെന്നത് അതിശയിപ്പിച്ചു. പതിറ്റാണ്ടുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച പരിചയംപോലും ആരും കാണിച്ചില്ല.
?. കേരളാ കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും ഒരു പരിധിവരെ യുഡിഎഫ് മനസുള്ളവരാണെന്നാണ് ഒരു പൊതുധാരണ. പാർട്ടി ശക്തി കേന്ദ്രമായ മധ്യകേരളം പൊതുവേ യുഡിഎഫ് ചായ്‌വുള്ള പ്രദേശവും. അവിടെ എത്രകാലം നിങ്ങൾക്കിങ്ങനെ മധ്യകേരളത്തിന്റെ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഒഴുക്കിനെതിരെ നീന്താനാവും
ഒഴുക്കിനെതിരെ നീന്തി അത് വിജയിപ്പിച്ച് കാണിച്ചുകൊടുത്തില്ലേ ഞങ്ങള്‍, ത്രിതല തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും. ഒരു പാരമ്പര്യം അല്ലെങ്കിൽ സംസ്‌ക്കാരം ഉടലെടുക്കുന്നത് ദീർഘകാലം ഒരു കുടുംബത്തോടൊപ്പം നിൽക്കുമ്പോഴാണ്.
40 വർഷം യുഡിഎഫിനൊപ്പമായിരുന്നു. അതിൽ നിന്ന് മാറുമ്പോൾ മറ്റൊരു സംസ്‌ക്കാരത്തിനൊപ്പമാവും. അത് സ്വാഭാവികമല്ലേ. യുഡിഎഫ് പോലെയാവില്ല എൽഡിഎഫ്. എപ്പോഴും കൂടിയാലോചനകളും യോഗങ്ങളുമുണ്ടാവും.
കൃത്യമായി താഴെത്തട്ടിൽ നിന്നും റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. മുന്നണി യോഗത്തിന്റെ ഇടവേളകളിൽ മാറ്റങ്ങളുണ്ടാവും. വളരെ ഗൗരവമായി പ്രവർത്തിക്കുന്ന ഒരു സംസ്‌ക്കാരമുണ്ടാവും. ഇത് ചിലപ്പോൾ യുഡിഎഫിനോ കേരള കോൺഗ്രസിനോ നേരത്തെ ഉള്ളതല്ലായിരിക്കും. വ്യത്യാസങ്ങളുണ്ട്.
പക്ഷേ എല്ലാ രംഗത്തും കാര്യക്ഷമമായി ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഉൾക്കൊണ്ടാണ് ഇപ്പോൾ എല്ലാവരും മുന്നോട്ട് പോകുന്നത്.
?. ഒരുകാലത്തും ഇനി യുഡിഎഫിലേക്ക് ഇല്ലെന്നാണോ തീരുമാനം. അങ്ങനെയൊരു രാഷ്ട്രീയ ശപഥം ജോസ് കെ മാണിയോ കേരള കോൺഗ്രസോ എടുത്തിത്തിട്ടുണ്ടോ
ഇത് സാങ്കൽപിക ചോദ്യമാണ്. ഇതിന് ഉത്തരം നൽകേണ്ട കാര്യമില്ല. ഇവിടെ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇപ്പോൾ മുന്നണി മാറേണ്ട എന്ത് സാഹചര്യമാണ് ഞങ്ങള്‍ക്കുള്ളത് ? യുഡിഎഫിന് ചിലപ്പോള്‍ ഞങ്ങളെകൂടി കൂട്ടേണ്ട സാഹചര്യം കാണുമായിരിക്കാം.
?. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയോട് ചേർന്ന് പ്രവർത്തിക്കുമ്പോഴുള്ള ഒരു ചേർച്ചയില്ലായ്മ പല സംസ്ഥാന കമ്മിറ്റികളിലും പാർട്ടി നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെന്ന് കേൾക്കാറുണ്ട് ? പാലായിൽ ഉൾപ്പെടെ ഇപ്പൊഴും ഇരു പാർട്ടികളും തമ്മിലുള്ള ഒരു കെമിസ്ട്രി അത്രകണ്ട് ഒത്തുചേരുന്നില്ല എന്ന ആക്ഷേപം ഉണ്ടല്ലോ ? ശരിയാണോ
അതൊക്കെ ചില ഒറ്റപ്പെട്ട വ്യക്തികൾ ഉണ്ടാക്കുന്ന വിഷയങ്ങളാണ്. പൊതുവിൽ നല്ല രീതിയിലാണ് മുന്നണി സംവിധാനം മുന്നോട്ട് പോവുന്നത്. കൃത്യമായ ആലോചനകളുണ്ട്. പിന്നെ ഏത് സംവിധാനത്തിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവുന്നില്ലേ. അതിനെ അങ്ങനെ കണ്ടാൽ മതി.
? 1982 നു ശേഷം ഏതാണ്ട് 38 വർഷങ്ങൾക്കപ്പുറം കേരളാ കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാകാൻ തീരുമാനിച്ചത് കുറഞ്ഞപക്ഷം പാലായിലെ ജനങ്ങൾ എങ്കിലും അംഗീകരിച്ചില്ല എന്നതിന് തെളിവായിരുന്നില്ലേ താങ്കളുടെ തോൽവി. പാലാക്കാർ മുന്നണി മാറ്റത്തിൻറെ പക തീർത്തത് താങ്കളോടായിരുന്നു. സത്യത്തിൽ പാർട്ടിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പേരിൽ ജോസ് കെ മാണിക്ക് വ്യക്തിപരമായി രാഷ്ട്രീയ നഷ്ടങ്ങളുണ്ടായില്ലേ
ജോസ് കെ മാണി എന്ന വ്യക്തി വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഒരു ഘട്ടത്തിലും നിന്നിട്ടില്ല. അങ്ങനെയെങ്കില്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എനിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും പലതും നേടാമായിരുന്നു.
പക്ഷേ അങ്ങനെയുള്ള നിലപാട് സ്വീകരിക്കാതെ കേരള കോൺഗ്രസ് പാർട്ടിയെ നിലനിർത്തിക്കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.
അതുകൊണ്ട് വ്യക്തിപരമായ നേട്ടങ്ങളെന്ന ചിന്ത പണ്ടുമില്ല ഇപ്പോഴുമില്ല. നാളെയുമുണ്ടാവില്ല. കേരള കോൺഗ്രസെന്ന മാണിസാറിന്റെ പ്രസ്ഥാനത്തിനെ ശതാബ്ദിയിലേക്ക് എത്തിക്കുവാനും പുതിയ തലമുറയിൽ പെട്ടവർ ഇതിലേക്ക് കടന്നുവരുന്ന രീതിയിൽ പ്രാദേശികമായി ഇതിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുകയുമാണ് ലക്ഷ്യം.
?. താങ്കൾ തന്നെ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു, പാലായിൽ റിസ്കുണ്ടെന്ന് താങ്കൾക്കറിയാമായിരുന്നു എന്ന്. പക്ഷേ പാലായിൽ നിന്നും മാറാൻ തയാറായിരുന്നില്ല എന്നും. ജയിച്ചാൽ മന്ത്രിയാകും എന്നുറപ്പുണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് കടുത്തുരുത്തി പോലുള്ള മറ്റ് സാധ്യതകൾ പരീക്ഷിക്കാൻ താങ്കൾ തയ്യാറാകാത്തിരുന്നത് ? അതൊരു ചരിത്രപരമായ വിഡ്ഢിത്തമായി നാളെകളിൽ കേരളാ കോൺഗ്രസുകൾ അടയാളപ്പെടുത്തുമോ
ജയവും തോൽവിയുമൊക്കെ ജനങ്ങളാണ് തീരുമാനിക്കുന്നത്. അതംഗീകരിക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്. ചില തീരുമാനങ്ങളെടുക്കുമ്പോൾ വ്യക്തിപരമായ താല്‍പര്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ചില നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ നിലപാടിൽ ഞാൻ ഉറച്ചുനില്‍ക്കുക എന്നതാണ് എപ്പോഴും പ്രധാനം. അല്ലാതെ നിലപാട് ഉപേക്ഷിച്ചു വ്യക്തിതാല്‍പര്യത്തിന് വേണ്ടി ഞാന്‍ ഒരിയ്ക്കലും നിലകൊള്ളില്ല. വ്യക്തിതാല്‍പര്യം ആണ് പ്രധാനമെങ്കില്‍ ഇതിനോടകം എനിക്കു പലതും ആകാമായിരുന്നു എനിക്കെന്തെങ്കിലും ആകുക എന്നതല്ല, പാര്‍ട്ടിയാണ് പ്രധാനം. അതിനാല്‍ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകും.
?. പാലായില്‍ താങ്കള്‍ ഒരു തവണ തോറ്റു. വീണ്ടും താങ്കള്‍ പാലായില്‍ തന്നെ മല്‍സരിക്കുമോ
പരാജയങ്ങള്‍ കൊണ്ട് അവസാനിക്കുന്നതല്ല രാഷ്ട്രീയം. ഞാന്‍ മൂവാറ്റുപുഴയില്‍ ലോക്സഭയില്‍ തോറ്റില്ലേ. അന്ന് പാലാ അസംബ്ലിയില്‍ 10,000 വോട്ടിനാണ് പിന്നോക്കം പോയത്.
പിന്നീട് കോട്ടയത്ത് ജയിച്ചു. അപ്പോള്‍ പാലായില്‍ 32000 - ല്‍പരമായിരുന്നു ഭൂരിപക്ഷം. അതിലും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ കോട്ടയത്ത് രണ്ടാമതും വിജയിച്ചു. അന്നും പാലായിലും ഭൂരിപക്ഷം കൂടി.
പിന്നീട് നിയമസഭയിലേയ്ക്ക് വന്നപ്പോഴും പാലായില്‍ ആദ്യ തോല്‍വിയുണ്ടായി. ആ പരാജയം അംഗീകരിക്കുന്നു. അതുകൊണ്ട് ഒളിച്ചോടണോ ? ഇന്ദിരാഗാന്ധിയും രാഹുല്‍ ഗാന്ധിയും തോറ്റവരാണ്.
കെ കരുണാകരനും വയലാര്‍ രവിയും വിഎസ് അച്യുതാനന്ദനും തോറ്റു. എകെ ആന്‍റണി സ്വന്തം പാര്‍ട്ടിയില്‍തന്നെ മല്‍സരിച്ചു തോറ്റു. ആ തോറ്റവരാണ് പിന്നീട് ചരിത്രം സൃഷ്ടിച്ചവര്‍. ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. അതിനാല്‍ തോല്‍വികളുടെ പേരില്‍ എങ്ങോട്ടും ഒളിച്ചോടാനില്ല ഞാൻ.
?. പാലായുടെ മാണിക്യം എന്ന വിശേഷണം കൂടിയുള്ളയാളാണ് മാണിസാർ. അദ്ദേഹത്തിന്റെ കാലഘട്ടത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടി സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ ജയിക്കുമോ ? എന്ത് രാഷ്ട്രീയ തന്ത്രമാവും അവിടെ പാർട്ടി പ്രയോഗിക്കുക
കേരള കോൺഗ്രസിന്റെ ശക്തിയും ബലവും അവിടെത്തന്നെയുണ്ട്. യുഡിഎഫിനൊപ്പം നിൽക്കുമ്പോഴാണ് ആദ്യ തവണ അവിടെ പരാജയപ്പെട്ടത്. അവിടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരു ചിഹ്നം പോലും വാങ്ങിത്തരാതെ സ്വതന്ത്ര ചിഹ്നത്തിൽ നിൽക്കേണ്ട അവസ്ഥയുണ്ടായി.
മാണിസാര്‍ മരിച്ചശേഷമുള്ള ഉപതെരെഞ്ഞെടുപ്പില്‍ പിജെ ജോസഫ് സാറുമായി ബന്ധപ്പെട്ട് ചിഹ്നം വാങ്ങിത്തരാനുള്ള ബാധ്യത യുഡിഎഫിനും കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമായിരുന്നു.
അപ്പോള്‍, കേരള കോൺഗ്രസിൽ മാണിസാറിേനാടൊപ്പം നിന്നവരെ അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് തന്നെ ഒതുക്കുകയായിരുന്നു ലക്ഷ്യം. എന്നെ പോലെയുള്ളവരെ അഹങ്കാരിയായും, ധിക്കാരിയായും, മുതിർന്നവർ പറഞ്ഞാൽ ഉൾക്കൊള്ളാത്തവനായും ചിത്രീകരിച്ചു.
പി ജെ ജോസഫ് സാറിനെപ്പോലെ മുതിര്‍ന്ന ഒരാൾ ഇത് പറയുമ്പോൾ ജനങ്ങൾ അങ്ങനെയൊരു പൊതുവിശ്വാസത്തിലേക്ക് പോയേക്കാം. അത് കുറെയാളുകള്‍ വിശ്വസിച്ചുകാണും.
എന്നാൽ അതിനൊന്നും ഇപ്പോൾ മറുപടി പറയുന്നില്ല. അന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യമായിരുന്നു അത്. എന്നും എല്ലാം ഒരുപോലെയാവണമെന്നില്ല. രാഷ്ട്രീയത്തില്‍ സാഹചര്യങ്ങൾ മാറികൊണ്ടിരിക്കും.
?. ലോകത്തെവിടെ ചെന്ന് പാലാ എന്നു പറഞ്ഞാലും ആദ്യം ചോദിക്കുക മാണിസാര്‍ എന്നായിരുന്നല്ലോ ? അതൊരു വികസന ബ്രാന്‍ഡ് ആയിരുന്നല്ലോ. എങ്ങനെയാണിപ്പോള്‍ ?
വികസനത്തിന്‍റെ പാലാ മോഡല്‍ എന്നൊരു ബ്രാന്‍ഡ് ഉണ്ടായിരുന്നു എന്നത് ശരിയാണ്. റോഡും പാലവും മാത്രമല്ലല്ലോ വികസനം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളാണ് പാലായില്‍ വന്നത്. പാലാ ഗവണ്‍മെന്‍റ് ആശുപത്രി ഇപ്പോള്‍ കേരളത്തിലെ മറ്റേത് ജില്ലാ ആശുപത്രികളോടും കിടപിടിക്കാന്‍ പോന്ന ജനറല്‍ ആശുപത്രിയാണ്.
ക്യാന്‍സര്‍ ചികിത്സയ്ക്കായി 5 കോടി രൂപയുടെ ലാബാണ് ഇപ്പോള്‍ കേന്ദ്രം അവിടേയ്ക്ക് അനുവദിച്ചിരിക്കുന്നത്. അതിനുവേണ്ട കെട്ടിട സൗകര്യം ഒരുക്കാന്‍ എന്റെ വികസന ഫണ്ടില്‍ നിന്നും 2.5 കോടി അനുവദിച്ചിരിക്കുകയാണ്.
രാജ്യസഭാംഗമായ ശേഷം എന്‍റെ ശ്രമഫലമായാണ് 6 കോടി മുടക്കി തിരുവനന്തപുരം കഴിഞ്ഞാല്‍ അടുത്ത രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബ് പാലാ ആശുപത്രിയില്‍ സ്ഥാപിച്ചത്. ആ നിലയിലേയ്ക്ക് കാലാകാലങ്ങളില്‍ ഒരു ജനറല്‍ ആശുപത്രിയായി അത് വളര്‍ന്നതുകൊണ്ടാണ് അതൊക്കെ സാധ്യമായത്.
ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്ര റോഡ് ഫണ്ട് ചിലവഴിച്ച മണ്ഡലം പാലായായിരുന്നു. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ കേന്ദ്രഫണ്ട് ഉപയോഗിക്കപ്പെട്ട മണ്ഡലം ഇതായിരുന്നു. പാലായിലെ റോഡുകള്‍ അരിച്ചുപെറുക്കിയാണ് ബിഎംബിസി നിലവാരത്തില്‍ ടാറിങ് നടത്തിയത്.
പാലായില്‍ ആദ്യമായി ബിഎംബിസി നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡ് എന്‍റെ എംപി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പാലാ - രാമപുരം - കൂത്താട്ടുകുളം റോഡാണ്. ലോക്സഭാംഗമായിരുന്നപ്പോള്‍ കൊണ്ടുവന്ന പാലാ ട്രിപ്പിള്‍ ഐടിയില്‍ ഇന്ന് വിദേശത്തുനിന്നുപോലുമുള്ള വിദ്യാര്‍ഥികളുണ്ട്.
അങ്ങനെ പാലായുടെ ഏത് പ്രദേശത്തുകൂടി നിങ്ങള്‍ സഞ്ചരിച്ചാലും അവിടെ എംപി എന്ന നിലയില്‍ ഞാന്‍ കൊണ്ടുവന്ന ഒരു ദേശീയ നിലവാരത്തിലുള്ള റോഡോ അത്തരം ഒരു സ്ഥാപനമോ കാണാം.
പാലായെപ്പറ്റി എപ്പോഴും ലോകത്തുള്ള മലയാളികള്‍ക്കിടയില്‍ ഒരു 'വികസന ബ്രാന്‍ഡ്' എന്നൊരു മതിപ്പ് ഉണ്ടായിരുന്നെങ്കില്‍ ഈ മുന്നോക്കം പോക്കിന് കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങളായി ഒരു ഇടിവ് തട്ടിയിട്ടുണ്ട്. അത് പരിഹരിച്ച് മുന്നോട്ടുപോകും. പാലാ എന്‍റെ ഹൃദയവികാരമാണ്. ഒരു തോല്‍വികൊണ്ടും അകറ്റാന്‍ കഴിയാത്തതാണ് ആ ബന്ധം.
?. ഇപ്പോൾ നിരവധി അഭ്യൂഹങ്ങളാണ് കേൾക്കുന്നത്, ജോസ് കെ മാണിയുമായി ചെന്നിത്തല സംസാരിച്ചു, സതീശൻ സംസാരിച്ചു, രാഹുൽ ഗാന്ധി ഇടപെട്ടു എന്നൊക്കെ ? എന്തെങ്കിലും ചർച്ചകൾ അത്തരത്തിൽ ഉണ്ടായിട്ടുണ്ടോ
ചിലർക്ക് കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹം കാണും. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പമാണ്. കേള്‍ക്കുന്ന ചര്‍ച്ചകളൊക്കെ മാധ്യമസൃഷ്ടിയാണ്. സെൻസേഷണൽ വാർത്തകള്‍ മാത്രമാണ്
?. താങ്കൾക്ക് തിരുവമ്പാടി സീറ്റ് നൽകി മുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ യുഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്നാണല്ലോ മനോരമ റിപ്പോർട്ട് ചെയ്തത് ? യഥാർത്ഥത്തിൽ ഈ 'തിരുവമ്പാടി' പായ്‌ക്കേജ് എന്താണ് സംഭവം
പാലായില്‍നിന്ന് കടുത്തുരുത്തിക്ക് പോയില്ല. പിന്നെയാണോ തിരുവമ്പാടി. ഞാൻ ഒളിച്ചോട്ടക്കാരനല്ല. എന്തിനെയും നേരിടും. നിലപാടെടുക്കും. അങ്ങനെ നിലപാടുകള്‍ എടുത്തത് കൊണ്ട് നഷ്ടങ്ങളുമുണ്ടായിക്കാണും.
എന്നാൽ ആ നഷ്ടം ഭാവിയിലെ ലാഭമായി തന്നെയേ ഞാൻ കാണുന്നുള്ളൂ. വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണ്. പിന്നെ 'തിരുവമ്പാടി' വാര്‍ത്തയ്ക്കു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുള്ളവരാണ്.
? രാജ്യസഭാംഗം എന്ന നിലയിൽ തൃപ്തനാണോ ? ലോക്സഭാംഗമായിരുന്ന കാലത്തേതുപോലെയുള്ള പുതിയ പദ്ധതികള്‍ ഉണ്ടാവുമോ ? സാധാരണ രാജ്യസഭാംഗങ്ങള്‍ വികസനം കൊണ്ടുവന്ന് കേള്‍ക്കാറില്ലല്ലോ
പാര്‍ട്ടി ഏത് സ്ഥാനം തന്നാലും ഞാൻ തൃപ്തനാണ്. ലഭിക്കുന്ന സ്ഥാനം കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുകയും അതോടൊപ്പം തന്നെ രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുകയുമാണ് ചെയ്യാറുള്ളത്. ലോക്‌സഭാംഗമായിരുന്നപ്പോൾ സാധാരണ നിലയില്‍ ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത നൂറു കണക്കിന് പദ്ധതികളാണ് നടപ്പാക്കിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, 2 കേന്ദ്രീയ വിദ്യാലയങ്ങൾ, റോഡുകൾ, ആദ്യ പാസ്‌പോർട്ട് റീജിണൽ ഓഫീസ് കോട്ടയത്തേക്ക് കൊണ്ട് വന്നു, മറ്റ് നഗരസഭകളിലെ റെയിൽവേ സ്‌റ്റേഷനുകളിൽ എസ്‌കലേറ്റർ സംവിധാനം വരും മുമ്പ് കോട്ടയത്ത് അത് കൊണ്ടു വന്നു.
ഇപ്പോൾ നടക്കുന്ന കോട്ടയം റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം പ്രവേശന കവാടത്തിന്‍റെ അനുമതി നേടിയെടുക്കുന്നത് ഞാനാണ്. അതിനുവേണ്ടി മാത്രം അഞ്ച് വര്‍ഷമാണ് മന്ത്രാലയത്തില്‍ കയറി ഇറങ്ങിയത്.
മുലേടം, കുമാരനെല്ലൂർ, കാരിത്താസ്, കുറുപ്പുന്തറ, മുളന്തുരത്തി ഓവർബ്രിഡ്ജുകൾ മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ അനുവദിപ്പിച്ചവയാണ്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാറ്റി സ്ഥാപിച്ച പദ്ധതി റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അങ്ങനെ നിരവധി.
രാജ്യസഭാംഗമായ ശേഷം വിവിധ രോഗങ്ങൾ തിരിച്ചറിയുന്നതിന് രക്ത പരിശോധനയ്ക്ക് തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ പാലായില്‍ കൊണ്ടുവന്നു. 6 കോടിയുടെ പദ്ധതിയാണ്.
ഇനി പാലായില്‍ തന്നെ ക്യാന്‍സര്‍ രോഗ ചികിത്സയില്‍ നിര്‍ണയമാകുന്ന ലാബ് വരുന്നു. 5 കോടിയാണ് അതിന് ചിലവ്. അതിനുവേണ്ട കെട്ടിട സൗകര്യം ഒരുക്കാന്‍ എന്റെ വികസന ഫണ്ടില്‍ നിന്നും 2.5 കോടി മുടക്കി കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
?. കേരള കോൺഗ്രസിന്റെ സാമുദായിക സ്വധീനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടോ. മുമ്പ് ക്രൈസ്തവ-നായർ വിഭാഗത്തിനിടയിലുണ്ടായിരുന്ന സ്വാധീനം കുറയുന്നുണ്ടോ
അങ്ങനെയില്ല. രാഷ്ട്രീയത്തിൽ ചില ധ്രുവീകരണങ്ങൾ ഉണ്ടായിട്ടുണ്ടാവാം. അതല്ലാതെ ഒന്നുമുണ്ടായിട്ടില്ല. നായർ, ഈഴവ, മുസ്ലീം വിഭാഗങ്ങളടക്കം എല്ലാവരുമായും മാണിസാറുമായുണ്ടായിരുന്ന ആത്മബന്ധം ഇപ്പോഴും തുടരുന്നു.
ഏതെങ്കിലും ഒരു കോമ്പിനേഷനിൽ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുമായും പാർട്ടിക്ക് നല്ല ബന്ധമാണുള്ളത്.
?. ദേശീയ പാർട്ടികളാണ് എപ്പോഴും കേരളത്തിലെ മുന്നണി സംവിധാനത്തിന്റെ തലപ്പത്തുള്ളത്. അതിനാൽ പ്രദേശിക പാർട്ടികൾ അവഗണന നേരിടേണ്ടി വരുന്നുണ്ടോ ? ബാർ കോഴ ആരോപണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ ഭാഗമല്ലേ
എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പാർട്ടികൾക്ക് എല്ലാ മുന്നണി സംവിധാനങ്ങളിലും ഒരു അപ്രമാദിത്വമുണ്ടാവും. അത് സ്വാഭാവികമാണ്. എന്നാൽ പ്രദേശിക പാർട്ടികളുടെ പ്രസക്തി രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണ്.
കഴിഞ്ഞ 60 വർഷമായി തിരുത്തൽ ശക്തിയായി കേരള കോൺഗ്രസ് ഇവിടെയുണ്ട്. അതിന്റെ കാരണം ജനങ്ങൾ അതാഗ്രഹിക്കുന്നത് കൊണ്ടാണ്.
ദേശീയ പാർട്ടികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വേണ്ടിമാത്രമായി പ്രത്യേകമായി ഒരു നിലപാടെടുക്കാനാവില്ല. കാരണം അവർ ഇന്ത്യയെ ആകെയാണ് പരിഗണിക്കുന്നത്. അപ്പോള്‍ കേരളത്തിന് അവകാശപ്പെട്ടതു പലതും അവര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും. അതൊക്കെ പഴയ ചരിത്രം നോക്കിയാല്‍ മനസിലാകും.
പക്ഷേ പ്രാദേശിക പാർട്ടികള്‍ക്ക് സംസ്ഥാനത്തിന് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ നിലപാട് സ്വീകരിക്കാനാവും. തമിഴ്‌നാട്ടിൽ ഏറ്റവും വിവാദമായിരുന്ന ജെല്ലിക്കെട്ട് വിഷയത്തിൽ അവരുടെ സംസ്കാരം പരിരക്ഷിക്കാന്‍ നിയമഭേദഗതിപോലും കൊണ്ടുവന്ന് അത് നടപ്പാക്കാൻ ഒരു പ്രാദേശിക കക്ഷിക്കായി.
?. ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ സിപിഐ പറയുന്നത് കേരള കോൺഗ്രസിന്റെ വരവ് കൊണ്ട് പ്രത്യേകിച്ച് മുന്നണിയ്ക്ക് ഒരു ഗുണവുമുണ്ടായിട്ടില്ലെന്നാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന് അവകാശപ്പെടുന്ന സിപിഐയുടെ ശക്തിയെപ്പറ്റി കേരള കോൺഗ്രസിന്റെ അഭിപ്രായമെന്താണ്
സിപിഐയുമായി ഞാൻ ഒരു തർക്കത്തിനുമില്ല. അവർ വലുതായി തന്നെ ഇരുന്നോട്ടെ. ഒരു കുഴപ്പവുമില്ലല്ലോ. സിപിഎം എത്രയോ തവണ പറഞ്ഞു, കേരള കോൺഗ്രസിന്റെ വരവുകൊണ്ട് ഗുണമുണ്ടായെന്ന്. അന്തരിച്ച ഉന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പോലും പറഞ്ഞിട്ടുണ്ടല്ലോ.
?. മാണി സാറിന്റെ മരണശേഷം പാർട്ടിയിലുണ്ടായ പിളർപ്പ് പ്രതിസന്ധി ഉണ്ടാക്കിയില്ലേ. പാർട്ടിയില്ല, ചിഹ്നവുമില്ല എന്ന അവസ്ഥയുണ്ടായി. അന്ന് പി.ജെ ജോസഫുമായി നേർക്ക് നേർ ഇടഞ്ഞു. താങ്കളെ അഹങ്കാരിയെന്നും ധിക്കാരിയെന്നും മുദ്രകുത്താൻ പാലായിൽ ലക്ഷങ്ങള്‍ ചിലവിട്ട് പി ആർ കമ്പനിയെവരെ ചുമതലപ്പെടുത്തി എന്നാണ് പിന്നീട് വെളിവായത്. എങ്ങനെയാണ് സൗമ്യഭാഷിയായ താങ്കളെപ്പറ്റി അങ്ങനെയൊരു പ്രചാരണം രൂപപ്പെട്ടത്.
താങ്കള്‍ പറഞ്ഞ പി ആര്‍ കമ്പനിയുടെ കാര്യം ശരിയാണ്. എന്നെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും ലക്ഷങ്ങള്‍ മുടക്കി ചിലര്‍ പി ആര്‍ ഏജന്‍സികളെ രംഗത്തിറക്കി എന്നാണ് ഞാനും കേട്ടത്.
എന്നാല്‍ എന്നെപ്പറ്റി കേട്ടതായി പറഞ്ഞ ഈ അലങ്കാരങ്ങള്‍ എനിക്ക് ചേരുന്നതാണോയെന്ന് ആരാണ് പറയുന്നതെന്നുകൂടി തിരക്കണം. ഞാനുമായി ഇടപെട്ടവർ, എന്നെ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ളവര്‍, ഏതെങ്കിലും ഘട്ടത്തിൽ ബന്ധപ്പെട്ടവർ, എന്റെ സുഹൃത്തുക്കൾ എന്നിവരിൽ ഒരാളെങ്കിലും ഞാൻ ധിക്കാരിയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കാം.
ഞങ്ങളുടെ ചില നേതാക്കള്‍ ആള്‍ക്കാരുമായി സംസാരിക്കുമ്പോള്‍ ജോസ് കെ മാണി അഹങ്കാരി ആണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ താങ്കള്‍ക്ക് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നവര്‍ തിരിച്ചു ചോദിച്ചു. ഇല്ല വേറൊരാള്‍ പറഞ്ഞു എന്നാണ് മറുപടി. എന്നാല്‍ നിങ്ങള്‍ നേരില്‍ കണ്ടിട്ട് അനുഭവം പറയണമെന്ന് പറഞ്ഞപ്പോള്‍ മറുപടിയില്ല.
ഇതൊന്നുമല്ലാതെ എന്നെ കാണാത്തവരും എന്നോട് ഇടപെടാത്തവരുമാണ് ഇത് ഉന്നയിക്കുന്നത്. അതിന് പ്രചാരണം നല്‍കാന്‍ പിആര്‍ കമ്പനി പ്രതിനിധികള്‍ രംഗത്തുണ്ടായിരുന്നു. അവര്‍ ഓട്ടോറിക്ഷയില്‍ കയറി, ചായക്കടകളില്‍ കയറി അങ്ങനങ്ങ് പറഞ്ഞു പരത്തുകയായിരുന്നു.
മാണി സാറിന്റെ വേർപാടിന് ശേഷം കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി എന്റെ കുടുംബത്തിൽ നിന്നല്ല ഒരാൾ വന്നത്. ജോസ് ടോമിനെ പ്രഖ്യാപിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നു.
അപ്പോഴും യുഡിഎഫിലുൾപ്പെട്ടിരുന്ന പി.ജെ ജോസഫ് ചിഹ്നം അനുവദിക്കാൻ തയ്യാറായില്ല. ചിഹ്നം കൊടുക്കണമെന്ന ആത്മാര്‍ഥമായ നിലപാട് കോണ്‍ഗ്രസ്/യുഡിഎഫ് നേതാക്കള്‍ എടുത്തിരുന്നെങ്കിൽ അത് നടപ്പാകുമായിരുന്നു.
എന്നാൽ ആരും ഒരക്ഷരം മിണ്ടിയില്ല. അന്ന് കോൺഗ്രസ് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പി.ജെ ജോസഫ് നൂറുശതമാനം അത് അംഗീകരിക്കുമായിരുന്നു. അന്ന് അത് ചെയ്തില്ല. അതൊക്കെ തീർച്ചയായും വേദനിപ്പിക്കുന്നതാണ്. മാത്രമല്ല അത് ഞങ്ങള്‍ക്കെതിരായ ഒരു അവിശുദ്ധ ബന്ധത്തിന്‍റെ ഭാഗം കൂടി ആയിരുന്നു അതെല്ലാം.
?. പി.ജെ ജോസഫിന്റെ ഭാഗത്ത് നിന്നും ഇത്രയും കടുത്ത നീക്കങ്ങൾ പ്രതീക്ഷിച്ചിരുന്നോ. താങ്കൾക്ക് വ്യക്തിപരമായ വേദനയും വിഷമങ്ങളും ഉണ്ടാക്കിയ സംഭവങ്ങൾ പലതും അന്നുണ്ടായതായി കേട്ടിട്ടുണ്ട്
മാണി സാറിന്റെ മരണത്തിന് ശേഷം ഇത്തരം നീക്കങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന് ഒരു വിഷമഘട്ടം വന്നപ്പോൾ മാണിസാറാണ് പാർട്ടിയിലേക്ക് അദ്ദേഹത്തെ രണ്ടു കൈയ്യും കൈനീട്ടി സ്വീകരിച്ചത്; ഒന്നല്ല, പല വട്ടം.
എതിര്‍ഭാഗത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ പല ആരോപണങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാന്‍ നില്‍ക്കാതെ അന്നൊക്കെ മുഴുവന്‍ പിന്തുണയും കൊടുക്കുകയാണ് മാണി സാര്‍ ചെയ്തത്.
ഒടുവില്‍ ജോസഫിനെ കൊണ്ടുവന്നപ്പോൾ തൊടുപുഴയിൽ കോൺഗ്രസുകാരുടെ അടിയേറ്റ കേരള കോണ്‍ഗ്രസ് പ്രവർത്തകരെ ഇപ്പൊഴും ഓര്‍ക്കുന്നു. രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആരും ക്ഷയിച്ച് പോകരുത് എന്ന് കരുതി മാണിസാർ ഒരുപാട് വിട്ടുവീഴ്ച ചെയ്തതാണ്.
മാണി സാറിന്റെ അഭാവത്തിൽ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അങ്ങനെയൊരു പ്രവർത്തനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല.
അതുമായി ബന്ധപ്പെട്ട് എന്നെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും ശ്രമങ്ങളുണ്ടായി. പല അലങ്കാരങ്ങളും ചാര്‍ത്തി നല്‍കി. വലിയ തോതില്‍ ഹൃദയവേദന തോന്നിയ സന്ദര്‍ഭങ്ങളായിരുന്നു ഇതൊക്കെ.
?. കുഞ്ഞാലിക്കുട്ടിയുമായി ഊഷ്മള ബന്ധം ഇപ്പോഴുമുണ്ടോ ? ഒപ്പം കോണ്‍ഗ്രസ് നേതാക്കളുമായൊക്കെ
മാണിസാറുമായി അടുപ്പമുണ്ടായിരുന്നവരുമായി അതേ ഊഷ്മളതയിൽതന്നെ ഇപ്പോഴും ബന്ധം തുടരുകയാണ്. അതിന് ഞാൻ വലിയ പബ്ലിസിറ്റിയൊന്നും നൽകുന്നില്ലെന്ന് മാത്രം.
കുഞ്ഞാലിക്കുട്ടിയുമായും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായുമൊക്കെ നല്ല ബന്ധമാണുള്ളത്.
ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് എന്നെ സന്ദർശിച്ചിരുന്നു. വിവരം അറിഞ്ഞ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും മറ്റ് പല നേതാക്കളും വിളിച്ച് ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു.
അങ്ങനെ അപ്പുറത്തും ഇപ്പുറത്തുമുള്ള നിരവധി പേരുമായി ബന്ധമുണ്ട്. രാഷ്ട്രീയത്തിനപ്പുറത്ത് എല്ലാവരുമായും നല്ല ബന്ധമാണുള്ളത്.
?. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഇല്ലെന്ന വസ്തുതയെ അംഗീകരിക്കുന്നുണ്ടോ
ആ വസ്തുതയെ അംഗീകരിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ നിലപാടാണ് എനിക്ക് പ്രധാനം. അതെല്ലാവർക്കും കണ്ടെന്നു വരില്ല.
?. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ സാമുദായിക നേതാക്കൾക്ക് പ്രത്യേകിച്ച് സീറോ മലബാർ സഭയ്ക്ക് മുമ്പും ഇപ്പോഴും നിർണ്ണായക സ്വാധീനമാണുള്ളത്. എന്നാൽ കത്തോലിക്ക സഭയടക്കമുള്ള മറ്റ് ക്രൈസ്തവ സഭകൾ ബിജെപിയോട് അടുക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്
ഏത് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും ക്രൈസ്തവ സഭകളുടെ പിന്തുണ കിട്ടാൻ വേണ്ടി അതിലേക്ക് കടന്നു കയറുമല്ലോ. അതിൽ എന്താണ് തെറ്റുള്ളത്. എന്നാൽ സഭയ്ക്ക് ഒരു നിലപാടുണ്ട്. സഭാ നേതൃത്വത്തിന് കോൺഗ്രസും കേരള കോൺഗ്രസും ബിജെപിയും എന്താണെന്നറിയാം. ആരാണ് സഭയുമായി ഏറ്റവും കൂടുതൽ യോജിച്ച് നിൽക്കുന്നതെന്നും അവർക്കറിയാം.
ഒരു ബിഷപ്പ് ഹൗസിലേക്ക് ഒരു രാഷ്ട്രീയ നേതാവ് കടന്നു ചെന്നാൽ ഇറങ്ങിപ്പോകാൻ പറയാനാകുമോ ? അവരെ സ്വീകരിക്കുന്നത് അവരുടെ മാന്യതയുടെ ഭാഗമാണ്.
?. തൃശ്ശൂർ ലോക്സഭാ സീറ്റിൽ ക്രൈസ്തവ വിഭാഗങ്ങളുടെ അടക്കം വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ഇത് ബിജെപിയോടുള്ള സഭകളുടെ തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നുവെന്ന് വെളിവാക്കുന്നതല്ലേ
സഭ അവിടെ എന്തെങ്കിലും ചെയ്തുവെന്ന് ആര് പറഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിൽ നിന്നുള്ള വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് മനസിലാക്കാനാവും. സഭ ഒരിക്കലും ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടില്ല.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങളിലിടപെട്ട് പരിഹരിക്കുമ്പോൾ കേരള കോൺഗ്രസിന് അവരുടെ ഭാഗത്ത് നിന്നും ഒരു അഭിനന്ദനം ലഭിക്കുന്നുവെന്നത് ശരിയാണ്. എന്നുപറഞ്ഞ് സഭയിലെ ആരെങ്കിലും ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിൽക്കാൻ പോകുന്നില്ല.
?. മണിപ്പൂരിലടക്കം ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല എന്ന ആരോപണമുണ്ട്. ഇതിനിടയിൽ വടക്കേ ഇന്ത്യയിൽ ആദിവാസികളെ ഘർ വാപ്പസി നടത്തിയില്ലെങ്കിൽ അവർ രാജ്യദ്രോഹികളായേനെ എന്ന് കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി പറഞ്ഞതായുള്ള ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് സിബിസിഐ രംഗത്ത് വന്നിട്ടുണ്ട് ? എന്ത് കൊണ്ടാണ് സംഘ പരിവാർ - ബിജെപി നിലപാടുകളെ കേരള കോൺഗസ് വിമർശന വിധേയമാക്കാത്തത്
ബിജെപിയെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് ഞാനാണ്. ബിജെപി എന്ന് പറയുന്ന പ്രസ്ഥാനം നിലനിൽക്കുന്നതുതന്നെ കോൺഗ്രസ് ഉള്ളതുകൊണ്ടാണ്. ബിജെപിയിലെ ഇപ്പോഴത്തെ 70 ശതമാനം എംഎൽഎമാരും മന്ത്രിമാരും പഴയ കോൺഗ്രസുകാരാണ്.
ഇ.ഡിയും ഇൻകം ടാക്‌സും മറ്റ് കേന്ദ്ര ഏജൻസികളുമാണ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നത്. ചില തെറ്റുകൾ കോൺഗ്രസിൽ ഉണ്ടായതാണ് അങ്ങോട്ട് ആളുകൾ ഒഴുകാൻ കാരണമായത്. പിന്നെ ഭീഷണിപ്പെടുത്തിയും ചിലരെ എത്തിക്കുന്നു. കേരള കോൺ്രഗസിന് ബിജെപിയോട് ഒരു മൃദുസമീപനമില്ല. ശക്തമായ എതിർപ്പാണുള്ളത്.
?. കേരള കോൺഗ്രസ് രൂപീകരിച്ചിട്ട് 60 വർഷം തികഞ്ഞു. പാർട്ടി ഉയർത്തിയ മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും നിലനിൽക്കുന്നുണ്ടോ ? പിളരും തോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകളുടെ ലയനം അടുത്തെങ്ങാനും സംഭവിക്കുമെന്ന് കരുതാമോ
കേരള കോൺഗ്രസ് രൂപീകരണ കാലത്തെ മുദ്രാവാക്യങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. അതേ അടിസ്ഥാന വർഗങ്ങൾക്ക് വേണ്ടിയാണ് പാർട്ടി ഇപ്പോഴും നിലകൊള്ളുന്നത്. ലയനം തെറ്റായ സങ്കൽപ്പമാണ്.
കേരള കോൺഗ്രസെന്ന പ്രസ്ഥാനം അടിസ്ഥാനവർഗ സിദ്ധാന്തത്തിലൂന്നിയ പ്രത്യയശാസ്ത്രത്തിലാണ് മുന്നോട്ട് പോകുന്നത്. ആ സിദ്ധാന്തം മാണി സാറുമായി ബന്ധപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ കേരള കോൺഗ്രസിന്റെ ആധാരമെന്ന് പറയുന്നതും കെ.എം മാണിയാണ്.
അതിന്റെ വാതിലുകൾ തുറന്നാണ് ഇട്ടിരിക്കുന്നത്. ആരെയും സ്വീകരിച്ച ചരിത്രമാണ് മാണി സാറിനുള്ളത്. പിജെ ജോസഫിനെയും പിസി ജോര്‍ജിനെയും വരെ സ്വീകരിച്ചു.
ആരും വന്നോട്ടെ ഞങ്ങൾ സ്വീകരിക്കും. അത് ലയനമെന്ന് പറയാനാവില്ല. തറവാട്ടിലേയ്ക്കുള്ള മടങ്ങിവരവാണ്. കേരളാ കോണ്‍ഗ്രസില്‍ ഇനി പിളര്‍പ്പിന്‍റെ കാലം കഴിഞ്ഞു. അത് അടഞ്ഞ അധ്യായമാണ്.
?. തുടർഭരണം എൽഡിഎഫിനെയും സിപിഎമ്മിനെയും ക്ഷീണിപ്പിച്ചുവെന്ന് വിലയിരുത്തലുണ്ടോ ? ഒന്നാം സർക്കാരിൽ നിന്നും എങ്ങനെയാണ് രണ്ടാം സർക്കാർ വ്യത്യസ്തമെന്ന് താങ്കൾ കരുതുന്നത്.
തുടർഭരണം ക്ഷീണിപ്പിച്ചിട്ടില്ല. വളരെയധികം കാര്യങ്ങൾ ഇതിലൂടെ ചെയ്യാനായി. പ്രതിപക്ഷം പല കാര്യങ്ങളും പറയുന്നുണ്ട്. എടുത്തു പറയാൻ ദോഷകരമായുള്ള ഏത് കാര്യമാണ് അവരുടെ പ്രചാരണത്തിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ രാഷ്ട്രീയമായി ബിജെപി ഇടപെടുന്നുവെന്ന് പറയുന്നത് ശരിയാണ്. നമുക്ക് ലഭിക്കേണ്ട പണം കേന്ദ്രം നൽകുന്നില്ല. ബോധപൂർവ്വം സംസ്ഥാന സർക്കാരിനെ ഞെരുക്കുകയാണ്.
നമ്മൾ ഉദ്ദേശിക്കുന്ന വേഗതയിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ദുരന്തനിവാരണത്തിനായി 25000 കോടി രൂപയാണ് ബീഹാറിന് നൽകിയത്. 10000 കോടി ആന്ധ്രയ്ക്കും നൽകി. 500 പേരെങ്കിലും മരിച്ച വയനാട്ടിൽ ഒരു പൈസ ഇതുവരെ കൊടുത്തിട്ടില്ല. കണക്കുപറച്ചിലുകളും പരിശോധനകളുമായി നീട്ടി നീട്ടി കൊണ്ടുപോവുകയാണ്.
?. പല വിഷയങ്ങളിലും എൽഡിഎഫിൽ ഘടകകക്ഷികൾ അഭിപ്രായം രേഖപ്പെടുത്താത്തത് പിണറായി വിജയനെ പേടിയായതുകൊണ്ടാണോ? എൽഡിഎഫ് എന്ന രാഷ്ട്രീയ അടിത്തറയുടെ ശബ്ദം പലപ്പോഴും ഉയർന്നു കേൾക്കുന്നില്ലെന്നാണ് മുതിർന്ന നേതാവായ സി. ദിവാകരൻ വിമർശിക്കുന്നത്
അഭിപ്രായം തുറന്ന് പറയാൻ ആരെയും പേടിേക്കണ്ട കാര്യമില്ല. മുനമ്പം വിഷയത്തിൽ ഞങ്ങൾ അവിടെ സന്ദർശിച്ചു. അവിടെ പോകുന്നതിന് ആരും തടസം പറഞ്ഞില്ല. സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലീഡറെന്ന നിലയിൽ അവിടെ ആദ്യം പോയത് ഞാനാണ്.
വനനിയമത്തിന്റെ പ്രശ്‌നം ശക്തമായി ഉന്നയിച്ച് തിരുത്തിച്ചു. ബഫർ സോൺ വിഷയത്തിൽ പര്യസമായി അഭിപ്രായം പറഞ്ഞു. എന്റെ അഭിപ്രായത്തിന് ശേഷമാണ് സര്‍ക്കാര്‍ ചില നടപടികൾ എടുത്തതെന്ന് പ്രതിപക്ഷനേതാവ് പോലും നിയമസഭയിൽ പറഞ്ഞു.
ക്രമസമാധാന പ്രശ്‌നങ്ങൾ പറയത്തക്കതായി ഒന്നുമില്ല. എന്നാൽ വയനാട്ടിലെ സിദ്ധാർത്ഥന്റെ മരണം പോലെയുള്ളത് വളരെ ദു:ഖകരമാണ്. അതിനെയൊന്നും ഒരിക്കലും ന്യായീകരിക്കാനാവില്ല.
?. നവമാധ്യമങ്ങളിലെ പതിവ് വാർത്തയാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തമ്മിൽ ഭിന്നയെന്നത് ? ശരിക്കും അകൽച്ചയിലാണോ നിങ്ങൾ
മന്ത്രി റോഷി അഗസ്റ്റിനുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. യുവ നേതാവെന്ന നിലയില്‍ മാണിസാറിനു പ്രത്യേക ഒരു പരിഗണനതന്നെ ആയിരുന്നു റോഷിയോടുണ്ടായിരുന്നത്. ആ ബന്ധം തന്നെയാണ് ഞാനും റോഷിയുമായും. അതുപോലെതന്നെ കുടുംബ സൗഹൃദങ്ങളാണ് കുറുപ്പ് സാറിന്റെ മകനായ ഡോ. എന്‍ ജയരാജ്, ബാബു ചാഴികാടന്‍റെ സഹോദരനായ ചാഴികാടന്‍, മറ്റ് എംഎല്‍എമാര്‍ എന്നിവരെല്ലാവരുമായുള്ളത്.
പാര്‍ട്ടി എന്നതിനപ്പുറം ഇത് മാണി സാറിന്‍റെ ഒരു കുടുംബമാണ്. ഓരോ പ്രവര്‍ത്തകരുമായും ആ അടുപ്പമാണുള്ളത്. അതാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ശക്തി.
മാണി സാറിനെ സ്നേഹിക്കുന്നതുപോലെ എന്നെ സ്നേഹിക്കുന്ന പ്രവര്‍ത്തകരാണ് പിളര്‍പ്പ് കാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ എനിക്ക് കരുത്തു പകര്‍ന്നത്.
അതിനൊക്കെ ഇടയില്‍ ഭിന്നത, തര്‍ക്കം എന്നൊക്കെ പറഞ്ഞ് ആര് നടന്നാലും അവര്‍ നാണംകെടും. ഞങ്ങളുടെ ഒരു എംഎല്‍എയെപ്പോലും അടര്‍ത്തിയെടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.
?. എല്ലാ പാർട്ടിയിലും രാഷ്ട്രീയ പ്രവർത്തനത്തിന് പ്രായപരിധി മാനദണ്ഡമാക്കിയിട്ടുണ്ട് ? കേരള കോൺഗ്രസ് എമ്മിൽ ഇത്തരമൊരു മാനദണ്ഡം നടപ്പാക്കുമോ
പ്രായപരിധി മാനദണ്ഡങ്ങൾ എന്നുള്ളതിനെക്കാൾ പ്രധാനം കുടുതൽ യുവജനങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നുള്ളതിനാണ് പ്രാധാന്യം നൽകുന്നത്. മാണിസാർ അതാണ് ചെയ്തത്.
നിലവിലെ എംഎൽഎമാരെ നോക്കിയാൽ അത് മനസിലാവും. അതാണ് ഞാനും ഉദ്ദേശിക്കുന്നത്. അടുത്ത മാസം 1000 പേരെ ഉൾപ്പെടുത്തി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഒരു യുവജന ക്യാമ്പ് കോട്ടയത്ത് നടത്തുകയാണ്. അതിൽ മണ്ഡലം, നിയോജക മണ്ഡലം പ്രസിഡന്റുമാരുമുണ്ട്.
അതിൽ നിന്ന് ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ളവരെ കണ്ടെത്തി കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേയ്ക്ക് അവരെ കൊണ്ടുവരാന്‍ കൂടിയാണ് ഇത് നടത്തുന്നത്.
യുവാക്കൾ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്നത് വളരെ വിഷമകരമാണ്. രാഷ്ട്രീയത്തിലേക്ക് ചെറുപ്പക്കാർ കൂടുതലായി കടന്നുവരണം. അത് രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗം കൂടിയാണ്.