/sathyam/media/media_files/2025/01/29/rBUrpfwnVTwe8a9dmkfT.jpg)
പങ്കാളിത്ത പെൻഷൻ പിൻവലിക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരം. എൻ. പ്രശാന്ത് ഇപ്പോഴും പുറത്ത് നിൽക്കുന്നത് പക്ഷപാതപരമായ നടപടി. അഴിമതി ഇല്ലാതാക്കാൻ സർക്കാർ സ്‌പോൺസേർഡ് പിരിവ് അവസാനിപ്പിക്കണം. നവീൻ ബാബുവിന്റെ മരണത്തിൽ അരുൺ കെ.വിജയനെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിനിർത്തേണ്ടതായിരുന്നു.
പിണറായിയുടെ സ്തുതി ഗീതത്തിൽ ഇടതുസംഘടനയുടെ കമ്മ്യൂണിസ്റ്റ് ബോധ്യത്തിന് കുറവുണ്ടായി. ഈ ധനകാര്യ മന്ത്രിയില്‍ പ്രതീക്ഷയില്ല - സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളില്‍ തുറന്നടിച്ച് പങ്കാളിത്ത പെൻഷൻ, ശമ്പളപരിഷ്‌ക്കരണം എന്നിവ മുൻനിർത്തി ഇടത് സർക്കാരിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സമരകാഹളം മുഴക്കിയ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലുമായി സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബു നടത്തിയ എക്സ്ക്ളൂസീവ് അഭിമുഖം.
?. കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ സമരത്തിനെതിരെ പലയിടത്തും സി.പി.ഐക്കാരെ എതിർത്ത് സി.പി.എം നേതാക്കളും പ്രാദേശിക ഘടകങ്ങളും അവരുടെ യൂണിയനകളും രംഗത്ത് വന്നിരുന്നു. സമരം അനാവശ്യമായിരുന്നുവെന്ന് തോന്നലുണ്ടോ
സമരം അനാവശ്യമാണെന്ന തോന്നൽ ഒരിക്കലുമില്ല. ജീവനക്കാർക്ക് ആർക്കും നിരാകരിക്കാൻ കഴിയാത്ത ആവശ്യവുമായി അവരോടടൊപ്പമുണ്ടായിരുന്ന ഒരു പ്രസ്ഥാനം കടന്നുവരുമ്പോൾ വർഷങ്ങളുടെ സമരപാരമ്പര്യമുള്ള തൊഴിലാളി സംഘടന കടുത്ത ആക്രമണവും പ്രതിരോധവും സൃഷ്ടിക്കേണ്ടതില്ലായിരുന്നു. അവർക്ക് ചരിത്രപരമായ മണ്ടത്തരം പറ്റി.
സംഘടനയെന്ന നിലയിൽ രാഷ്ട്രീയ അടിമത്തം പാടില്ലെന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് വർഗസമരം ഉയർത്തിക്കൊണ്ട് ഒരു പ്രക്ഷോഭം നടത്തിയാൽ അതിൽ രാഷ്ട്രീയ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ശക്തമായ എതിർപ്പുന്നയിക്കുന്നത്. അത് ആ പ്രസ്ഥാനത്തിന്റെ അപചയത്തെയാണ് കാണിക്കുന്നത്.
ഈ വിഷയത്തെ രണ്ട് സംഘടനകൾ തമ്മിലുള്ള തർക്കമായല്ല കാണേണ്ടത്. മൗലികമായ വിഷയങ്ങളാണ് ഉയർത്തിയത്. ക്ഷാമബത്ത നമ്മൾ ആവശ്യപ്പെട്ടിട്ടല്ല സർക്കാർ അനുവദിക്കുന്നത്. അത് വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ്.
വകുപ്പുകളും ഏജൻസികളും നൽകുന്ന കണക്കനുസരിച്ച് ഏറിയും കുറഞ്ഞുമാണ് ക്ഷാമബത്ത അനുവദിക്കുന്നത്. പക്ഷേ മൂന്നാല് കൊല്ലത്തെ കുടിശിക ഇതിന് മുമ്പ് ഒരു സർക്കാരും വരുത്തിയിട്ടില്ല.
അത് ചോദിക്കുമ്പോൾ ഭരണകർത്താക്കൾ പരിഹാസപൂർവ്വം കാണുക എന്നത് യു.ഡഎഫിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ എൽ.ഡി.എഫ് സർക്കാരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.
പങ്കാളിത്ത പെൻഷൻ നവലിബറൽ ആശയങ്ങളുടെ ഭാഗമാണെന്ന് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും പാർട്ടി കോൺ്രഗസുകളിൽ പറഞ്ഞിട്ടുള്ളതാണ്. ഈ നിലപാടുകളുടെ അടിസ്ഥാനത്തിൽ ഒരു പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ അതിനെ എതിർക്കത്തക്ക നിലയിലേക്ക് ആ പ്രസ്ഥാനം തരംതാഴ്ന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
?. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും വിധം കോൺഗ്രസ് സംഘടനകളുമായി ചേർന്ന സമരത്തിന് പിന്നിൽ സി.പി.ഐയുടെ നയംമാറ്റമാണെന്ന ഒരു ആരോപണം വരുന്നുണ്ട്
ഒരിക്കലുമല്ല. ഡിസംബർ 10, 11 തീയ്യതികളിൽ നടന്ന രാപകൽ സമരവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞങ്ങളുടെ ഒന്നാമത്തെ ആവശ്യം പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതാണ്.
രണ്ടും മൂന്നുമാണ് ശമ്പളപരിഷ്‌ക്കരണം, ഡി.എ കുടിശിഖ, മെഡിസെപ്പ് എന്നിവയുടെ കാര്യങ്ങൾ. ഈ ആവശ്യങ്ങളല്ല എൻ.ജി.ഒ അസോസിയേഷൻ ഉയർത്തിയിട്ടുള്ളത്. ചെറിയ സാമ്യമുണ്ടാവാം.
ഞാനാണ് അന്നത്തെ സമരപ്പന്തലിൽ ഈ സമരം പ്രഖ്യാപിച്ചത്. 10 ദിവസം കഴിഞ്ഞാണ് എൻ.ജി.ഒ അസോസിയേഷൻ രാഷ്ട്രീയമായി തന്നെ സമരപ്രഖ്യാപനം നടത്തിയത്. ഒന്നിച്ച് പണിമുടക്കണമെന്ന ഒരു ആശയവിനിമയവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. എന്റെ മൊബൈലിലേക്ക് ഈ ആവശ്യം പറഞ്ഞ് ആരും വിളിച്ചിട്ടുമില്ല.
വിളിച്ചാൽ എടുക്കുകയുമില്ല. രാഷ്ട്രീയപരമായി ഇതിന് ഒരു ബന്ധവും വേണ്ടെന്നത് ഒരു നിലപാടായിരുന്നു. പൊതു സർവ്വീസ് നിലനിൽക്കേണ്ടതിന്റെ ആവശ്യകതെയപ്പറ്റി താഴേത്തട്ടിൽ നല്ല രീതിയിൽ പ്രചാരണം നടത്തിയിരുന്നു.
പൊതുസർവ്വീസ് ഇല്ലാതായ ഇടങ്ങളിലുണ്ടായ അരാജകത്വവും, സംവരണവ്യവസ്ഥ അട്ടമറിക്കപ്പെട്ടതുമൊക്കെ പറഞ്ഞാണ് സമരം നടത്തിയത്.
പണിമുടക്ക് ദിവസം പി.സി വിഷ്ണുനാഥ് എം.എൽ.എ സഭയിൽ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ പങ്കാളിത്ത പെൻഷന്റെ കാര്യം പറഞ്ഞിട്ടില്ല. സാമ്പത്തിക ആനുകൂല്യങ്ങളെയും സാമ്പത്തിക വിഷയങ്ങളെയും ഊന്നിയാണ് ചർച്ച നടന്നത്. പെൻഷൻ ആനുകൂല്യങ്ങളാണ് ഞങ്ങളുടെ മുമ്പിലുണ്ടായിരുന്ന പ്രധാന വിഷയം.
മുമ്പ് എൻ.ജി.ഒ അസോസിയേഷൻ ഇതേ വിഷയത്തിൽ പണിമുടക്കിയപ്പോൾ 10 ശതമാനത്തിൽ താഴെയായിരുന്നു ജീവനക്കാരുടെ പങ്കാളിത്തം. ജോയിന്റ് കൗൺസിൽ പണിമുടക്കിയപ്പോൾ അത് 65 ശതമാനമായി. പണിമുടക്ക് ഞങ്ങളുടെ ആശയപ്രകാരമുണ്ടായതാണ്. അതിലേക്ക് അവർ വന്നു ചേരുകയായിരുന്നു.
?. പണിമുടക്കില്‍ 65 ശതമാനം പേർ പങ്കെടുത്തതാണോ സി.പി.എം യൂണിയനുകളെ ആശങ്കപ്പെടുത്തിയത്
തീർച്ചയായും. പണിമുടക്ക് പൊളിക്കാൻ ഇവർ പല പണിയും ചെയ്തു. ജീവനക്കാരെ വീടുകളിലെത്തി കണ്ടിരുന്നു. പരസ്യമായി കുറെ ചോദ്യങ്ങൾ അവരുടെ നേതാക്കൾ ചോദിച്ചു. അവിടെയൊക്കെ കൃത്യമായ മറുപടി നമ്മുക്ക് നൽകാനായി. സമരത്തിൽ പങ്കെടുത്തവർ മുഴുവൻ പേരും ജോയിന്റ് കൗൺസിലിലുള്ളവരല്ല.
എൻ.ജി.ഒ അസോസിയേഷൻ ദുർബലരാണ്. എന്നാൽ ഞങ്ങൾക്ക് സ്വാധീനമില്ലാത്ത വകുൃപ്പുകളിൽ അവരുടെ എണ്ണം കൂടുതലുണ്ടായിരുന്നു.
പണിമുടക്കാത്തവർക്ക് പോലും ഉള്ളിൽ പണിമുടക്കണമെന്നുണ്ടായിരുന്നു. കുറച്ച് നേതാക്കൾ മാത്രമാണ് എതിർത്തത്. അങ്ങനെ ഒരു അന്തരീക്ഷത്തിലേക്ക് പണിമുടക്ക് മാറുമെന്ന് അവർ പ്രതീക്ഷിച്ചില്ല.
സർക്കാർ ജനാധിപത്യമായ മര്യാദയില്ലായ്മ കാട്ടി. മൂന്നാം തീയ്യതി നോട്ടീസ് നൽകയിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ല. നനഞ്ഞ പടക്കം പോലെ പണിമുടക്ക് അവസാനിക്കുമെന്ന് കരുതിയയിടത്ത് ഇത് അവസാനിച്ചത് വെടിക്കെട്ട് പോലെയാണ്.
?. ശമ്പള പരിഷ്‌ക്കരണത്തിന് സർക്കാർ ഇതുവരെ സമിതിയെ പോലും നിയോഗിച്ചിട്ടില്ല ? അവകാശ നിഷേധമാണോ അതോ സാമ്പത്തിക പ്രതിസന്ധിയാണോ കാരണം
അവകാശ നിഷേധം തന്നെയാണ്. അഞ്ച് വർഷം കൂടുമ്പോഴുള്ള പരിഷ്‌ക്കരണം തുടങ്ങിയത് അച്യുത മേനോനാണോ ഇ.എം.എസാണോയെന്ന ചരിത്രപരമായ തർക്കം തന്നെയുണ്ട്.
1968 ല്‍ ആദ്യം ശമ്പളം പരിഷ്‌ക്കരിച്ചത് ഇ.എം.എസിന്റെ കാലത്തായിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ശമ്പള പരിഷ്‌ക്കരണമുണ്ടാവുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല.
1973ൽ അച്യുതമേേനാന്റെ കാലത്താണ് വീണ്ടും പരിഷ്‌ക്കരണമുണ്ടായത്. 5 കൊല്ലം കഴിയുമ്പോൾ പരിഷ്‌ക്കരണം വീണ്ടുമുണ്ടാവുമെന്ന് പറഞ്ഞത് അദ്ദേഹമാണ്.
ഒരോ അഞ്ച് വർഷം കൂടുമ്പോഴും വർധിക്കുന്ന ക്ഷാമബത്ത കൂട്ടിച്ചേർത്തു കൊണ്ട് അന്നത്തെ ഘട്ടത്തിൽ ജീവനക്കാരെ എങ്ങനെ മാറ്റിയെടുക്കണമെന്ന കൃത്യമായ വീക്ഷണം ശമ്പള പരിഷ്‌ക്കരണ കമ്മീഷന് കൊടുക്കാറുണ്ടായിരുന്നു.
കേന്ദ്രത്തിലെ പോലെ പത്ത് വർഷത്തിലൊരിക്കൽ സംസ്ഥാനത്തും ശമ്പളം പരിഷ്‌ക്കരിക്കുന്നതിന് ഞങ്ങൾ എതിരല്ല. ഞങ്ങളെക്കാൾ കൂടുതൽ ശമ്പളമാണ് മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളിൽ ജീവനക്കാർ വാങ്ങുന്നത്. അഞ്ച് വർഷം പരിഷ്‌ക്കരിക്കുന്നത് കൊണ്ട് ഒരു മെച്ചവും ഉണ്ടാവുന്നില്ല.
ഡി.എ കുടിശിക വർധിക്കുകയാണ്. അപ്പോൾ 10 വർഷമാവുമ്പോൾ അത് ജീവനക്കാർക്ക് പ്രയാസമാവും. അഞ്ച് വർഷമെന്ന കീഴ്‌വഴക്കം ഇടതുമുന്നണി തെറ്റിച്ചാൽ മറ്റുള്ളവർ അധികാരത്തിൽ വരുമ്പോൾ ഈ സംവിധാനം തന്നെ ഇല്ലാതാവും.
?. പങ്കാളിത്ത പെൻഷൻ ഇടതുസർക്കാരിന്റെ കാലത്ത് പിൻവലിക്കുമെന്ന ധാരണ ഇപ്പോഴും സംഘടനയ്ക്കുണ്ടോ? അത് സാധ്യമാകുമോ
ഇപ്പോഴത്തെ ധനമന്ത്രിയുടെ മട്ട് കണ്ടിട്ട് പങ്കാളിത്ത പെൻഷൻ ഇടതുസർക്കാരിന്റെ കാലത്ത് പിൻവലിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അതിന് പല കാരണങ്ങളുണ്ട്.
അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ പ്രശ്‌നം കൊണ്ടായിരിക്കണം. ഇത് അപകടകരമായ പെൻഷൻ പദ്ധതിയാണ്. കോർപ്പറേറ്റുകൾക്ക് ഫണ്ട് വർധിപ്പിക്കാനുതകുന്ന ഇടപെടൽ മാത്രമാണ് പദ്ധതിയെന്ന് അതിന്റെ ഘടന പരിശോധിച്ചാൽ മനസിലാവും.
പെൻഷൻ പറ്റി പിരിഞ്ഞ 3000ത്തോളം പേർക്ക് 1600 രൂപയാണ് പെൻഷനിനത്തിൽ ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് പിൻവലിച്ചു.
ഇവിടെ പിൻവലിക്കണമെന്ന അമിതമായ ആഗ്രഹമുണ്ടെങ്കിലും ബി.ജെ.പി സർക്കാർ സമ്മതിക്കുന്നില്ല. അവർ സാമ്പത്തികമായി ഞെരുക്കുന്നു. കേരളത്തിലെ ഇടതുമുന്നണി സർക്കാരിന് ഇത് പിൻവലിക്കാതിരിക്കാൻ കഴിയുമോ ?.
അത് ധനമന്ത്രിയുടെ മാത്രം പ്രശ്‌നമല്ല. ഇടതുപക്ഷത്തിന്റെ പ്രശ്‌നം കൂടിയാണ്. അവിടെ നിൽക്കുമ്പോൾ നൈതികത കാണിക്കണം. അതുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിച്ചേ തീരൂ.
പിൻവലിക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും തൊഴിലാളികളോടുള്ള ധാർമ്മികമായ ഉത്തരവാദിത്വമില്ലായ്മയായിരിക്കും ഇത് പിൻവലിക്കാതിരുന്നാൽ ഉണ്ടാവുക.
?. സർവ്വീസ് സംഘടനയെന്ന നിലയിൽ ജോയിന്റ് കൗൺസിൽ ധനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നോ ? എന്താണ് അദ്ദേഹത്തിന്റെ പ്രതികരണം
നടത്തിയിട്ടില്ല. ഞങ്ങൾ പെട്ടെന്ന് പണിമുടക്ക് പ്രഖ്യാപിച്ചതല്ല. 2022 ൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. 40000 ത്തിൽപ്പരം ജീവനക്കാർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ് അന്ന് മാർച്ച് ഉദ്ഘാടനം ചെയ്തത്.
ഞങ്ങളെ സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം തന്നെ ഇതുസംബന്ധിച്ച ഞങ്ങളുടെ നിവേദനങ്ങൾ ചീഫ് സെക്രട്ടറിക്കടക്കം കൃത്യമായി നൽകിവരുന്നുണ്ട്.
സ്ഥിരമായി ധനമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുമില്ല. അദ്ദേഹത്തിന് കാര്യങ്ങളറിയാവുന്നതാണ്. അന്ന് ചർച്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ നടത്തിയില്ല.
2023 നവംബർ 1 മുതൽ 35 ദിവസം കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനട പ്രചാരണജാഥ സംഘടിപ്പച്ചു. ഓരോ ജില്ലയിലും 2000 പേർ ഞങ്ങൾക്കൊപ്പമെത്തി. അത് വലിയ ചർച്ചയായി.
നവകേരളസദസ് നടക്കുമ്പോഴാണ് ഈ ജാഥ നടന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം പലരും ജീവനക്കാരുടെ മാർച്ചിനെപ്പറ്റി എഴുതി. അന്നും ഒരു ചർച്ചയ്ക്കും തയ്യാറായില്ല.
ഡിസംബർ 10, 11 തീയ്യതികളിൽ ഉപരോധം നടത്തിയിട്ടും ഒന്നുമുണ്ടായില്ല. നിവേദനങ്ങൾ നൽകിയിട്ടല്ല ചർച്ചയ്ക്ക് വിളിക്കേണ്ടത്. വലിയ പ്രക്ഷോഭം ഉയർന്നുവരുന്നെന്ന് സർക്കാർ മനസിലാക്കണം.
ഞങ്ങളെ മാത്രമായി ചർച്ചയ്ക്ക് വിളിക്കണമെന്നുമില്ല. സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ അതുകൂടി വ്യക്തമാക്കുന്ന പൊതു ചർച്ച നടക്കണം. സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഘടനകളുടെ അടിമകളല്ല. ചർച്ചക്കു വിളിക്കാൻ സർക്കാർ ബാധ്യസ്ഥരായിട്ടും അത് ചെയ്തില്ല.
?. മെഡിസെപ്പുമായി ബന്ധപ്പെട്ട് പല പരാതികളും ഉയർന്നിട്ടുണ്ട്. ഇത് നന്നായി നടപ്പാക്കിയാൽ മതിയോ,അതോ പുതിയ പദ്ധതിയുടെ ആവശ്യമുണ്ടോ
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ഇൻഷൂറൻസ് കമ്പനികളും ഹോസ്പിറ്റൽ മാനേജ്‌മെന്റുകളുമായി ഒരു അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ആശുപത്രികളുള്ളത് കേരളത്തിലാണ്. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയിൽ കൂടുതൽ പണമൊഴുകുന്നതും ഇവിടെയാണ്. പക്ഷേ ക്ലിനിക്കൽ എസ്റ്റാബ്ലീഷ്‌മെന്റ് നിയമം ഇവിടെ മാത്രം ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല.
മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് അവിടുത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാണ്. രണ്ടാമത് സ്വകാര്യ ആശുപത്രിയിൽ പോകാൻ ജനങ്ങളുടെ കൈയ്യിൽ വേണ്ടത്ര പണമില്ലെന്നതുമാണ്.
ക്ലിനിക്കൽ എസ്റ്റാബ്ലീഷ്‌മെന്റ് നിയമം നടപ്പിലാക്കാത്തതുകൊണ്ട് തോന്നിയ പടിയാണ് സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ഇൻഷൂറൻസ് ക്ലെയിമുകൾ വരുന്നത്.
500 അല്ല 5000 കോടി നീക്കിവച്ചാലും അടുത്ത ദിവസം തീർന്നുവെന്ന കണക്കാവും പുറത്ത് വരിക. സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിന്റെ ഒരു സെക്ഷനാണ് മെഡിസെപ്പ് കൈകാര്യം ചെയ്യുന്നത്.
അത് പ്രൈവറ്റ് ഏജൻസിയാണ്. അവര്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. അതുകൊണ്ടാണ് സർക്കാർ ഇത് സംസ്ഥാന ഇൻഷൂറൻസ് വകുപ്പിനെ ഏൽപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്.
അതിന് പുതിയ തസ്തിക സൃഷ്ടിക്കേണ്ടതില്ല. മറ്റ് വകുപ്പുകളിൽ നിന്ന് ആവശ്യമുള്ളത് കിട്ടും. കുറച്ചു കൂടി ശാസ്ത്രീയമായി സർക്കാർ ഇടപെട്ടാൽ ഈ തുക മതിയാവും.
പദ്ധതിയിൽ നിന്ന് മുട്ടു മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്കാണ് ഏറ്റവും കൂടുതൽ തുക ചിലവഴിക്കപ്പെട്ടത്. ഇതിന്റെ എണ്ണം കൂടിയപ്പോൾ തന്നെ ക്രമവത്ക്കരണം ആവശ്യപ്പെട്ട് സർക്കാരിന് ഇടപെടാനാവുമായിരുന്നു. അതല്ലായിരുന്നു ഏറ്റവും വലിയ അസുഖം.
ക്ലെയിം കൂടുന്നതിനനുസരിച്ചുള്ള ചികിത്സ രോഗികൾക്ക് കിട്ടിയുട്ടുണ്ടോ എന്നത് പരിശോധിക്കണമായിരുന്നു. സർക്കാരിന്റെ ഉത്തരവാദിത്വത്തോടെയുള്ള ഇടപെടൽ ഇല്ലാതിരുന്നതാണ് പദ്ധതിയിൽ പ്രശ്‌നങ്ങളുണ്ടാവാൻ കാരണമായത്.
?. സിവിൽ സർവ്വീസ് സംരക്ഷിക്കണമെന്ന ആവശ്യം മുൻനിർത്തി പദയാത്ര നടത്തിയ ആളാണ് താങ്കൾ. എന്നാൽ ഉന്നത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ തമ്മിലടിക്കുന്നത് പല വകുപ്പുകളെയും പ്രതികൂലമായി ബാധിക്കില്ലേ
മദ്ധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സർക്കാർ തസ്തികകൾ വെട്ടിക്കുറച്ചത്. അവിടെ ഒരു നിയമനവും നടക്കുന്നില്ല. അരാജകത്വമാണ്. ഇന്ന് കേരളത്തിലുള്ള സിവിൽ സർവ്വീസിന്റെ ഏറ്റവും വലിയ അപകടം ഉയർന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ്.
ഏറ്റവും കൂടുതൽ ഫയൽ കൈയ്യിൽ വെച്ചിരിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. 600 മുതൽ 800 വരെ ഫയലുകൾ കൈയ്യിൽ വെച്ചിരിക്കുന്നവരുണ്ട്. താഴേത്തട്ടിലെ സർക്കാർ സർവ്വീസുകൾ ആവശ്യമില്ലെന്നാണ് അവരുടെ ഇടയിലുള്ള ചിന്ത.
ഇവരുടെ ഇടയിലെ തർക്കങ്ങൾ പൊതുസമൂഹത്തിനോ ജീവനക്കാർക്കോ വേണ്ടിയല്ല. സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടിയും അധികാരകേന്ദ്രങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ളതുമാണ്.
?. കൃഷി വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയായ എൻ.പ്രശാന്ത് അഡീ.ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ വാടാസാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ഗൗരവതരമായ ആരോപണം പുറത്ത് വന്നു. നിലവിൽ പ്രശാന്ത് പുറത്തും ഗോപാലകൃഷ്ണൻ അകത്തും. സർക്കാർ തീരുമാനം പക്ഷപാതപരമല്ലേ
ഉറപ്പായിട്ടും അങ്ങനെ തോന്നുന്നുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചതിന് എനിക്ക് മെമ്മോ നൽകിയിരുന്നു. ആ ഡോക്ടറെ വല്ലാതെ ഹറാസ് ചെയ്തതുകൊണ്ട് സംഘടനാ പ്രവർത്തകനെന്ന രീതിയിലാണ് ഞാൻ ഇടപെട്ടത്.
ഞാൻ മെമ്മോയ്ക്ക് കൃത്യമായി മറുപടി നൽകി. തുടർനടപടികൾ എന്തായെന്ന് അറിയില്ല. അന്ന് രണ്ടര മണിക്കൂർ ഡോക്ടറെ വിളിച്ച് അവിടെ നിർത്തിയ ഐ.എസ്.എസുകാരനെതിരെ ഒരു നടപടിയും എടുത്തില്ല. ഒരു ചാർജ്യും മെമ്മോയും കൊടുത്തില്ല.
ഇവിടെ പ്രശാന്ത് കൃത്യമായ തെളിവുകൾ ജയതിലകിനെതിരെ പൊതുസമൂഹത്തിന് മുമ്പിൽ വെച്ചിട്ടും അതിൽ ഒരന്വേഷണവും നടന്നില്ല. അന്വേഷണ റിപ്പോർട്ട് എങ്ങെന വന്നാലും ഗോപാലകൃഷ്ണൻ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണ്. അതിനെതിരെയും നടപടിയുണ്ടായില്ല. മേലധികാരിയെ വിമർശിച്ചുവെന്നതാണ് പ്രശാന്ത് ചെയ്ത കുറ്റമായി പറയുന്നത്. ഇതൊരു ജനാധിപത്യസംവിധാനമാണ്. മുകളിലുള്ളയാളുകളെ വിമർശിച്ചു കൂടാ, താഴേയുള്ളവരെ മാത്രമേ വിമർശിക്കാവൂ എന്നുള്ള സംവിധാനമേ ശരിയല്ല.
പ്രശാന്തിന്റെ ഭാഗത്ത് പൂർണ്ണമായ ന്യായം കണ്ടെത്തിക്കൊണ്ടല്ല ഞാനിത് പറയുന്നത്. എന്നാൽ വിവരാവകാശപ്രകാരം കിട്ടിയ രേഖകളെന്ന് പറഞ്ഞാണ് പ്രശാന്ത് അവ പുറത്ത് വിട്ടത്.
യഥാർത്ഥത്തിൽ വിഷയത്തിലുള്ള സർക്കാരിന്റെ തീരുമാനം ശരിയായില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കുറച്ചുകൂടി നീതിപൂർവ്വമായി വിഷയങ്ങളെ കൈകാര്യം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
?. കൃഷി വകുപ്പിന്റെ ചുമതലയിൽ നിന്നും ഡോ.ബി അശോകിനെ അദ്ദേഹം പോലും അറിയാതെ മാറ്റുന്നു. ലോകബാങ്ക് പദ്ധതിയായ കേര ഫലപ്രദമായി കൊണ്ടുവരുന്നതിൽ പ്രേരകശക്തിയായി വർത്തിച്ച ഉദ്യോഗസ്ഥനാണ് അശോക്. ഉദ്യോഗസ്ഥ പുനർവിന്യാസത്തിൽ സർക്കാരിന് പിശക് പറ്റുന്നുണ്ടോ
ചില സമയത്തൊക്കെ ചില അസ്വാരസ്യങ്ങൾ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വരാറുണ്ട്. ഞങ്ങളുടെ ഇടയിലും അത് സംഭവിക്കാറുണ്ട്. മേലധികാരികൾ പറഞ്ഞാൽ അനുസരിക്കാതിരിക്കുക, തന്നിഷ്ടപ്രകാരം പ്രവർത്തിക്കുക എന്നിവയൊക്കെയുണ്ട്. എന്നാൽ ജനാധിപത്യക്രമത്തിൽ ഉദ്യോഗസ്ഥർക്ക് മേലെയാണ് രാഷ്ട്രീയ നേതൃത്വം.
മൂന്ന് വർഷം ഒരു പദവിയിൽ ഇരിക്കാനുള്ള അവകാശം സംരക്ഷിച്ചു കിട്ടണമെന്ന വാദഗതിക്ക് ജനാധിപത്യത്തിൽ അത്ര പ്രസക്തിയില്ല. എപ്പോഴെങ്കിലും ഉദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയ്ക്ക് മുകളിൽ പോയാൽ അന്ന് അതിന്റെ അവസാനമാവും. ആ കാഴ്ച്ചപ്പാടിൽ വേണം അതിനെ കാണേണ്ടത്. വനംവകുപ്പിൽ ്രപത്യേക നിയമന ബോർഡുണ്ട്.
പലപ്പോഴും മന്ത്രിമാരും രാഷ്ട്രീയനേതൃത്വവും പറയുന്നവർ അല്ലാത്ത ഉദ്യോഗസ്ഥർ അവിടെ നിയമിക്കപ്പെടുന്നു. അതൊന്നും ഈ സംവിധാനത്തെ സത്യസന്ധമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടിയല്ല, മറിച്ച് ചില താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്.
ഞാൻ ഈ സ്ഥലത്തേ ഇരിക്കൂ, സെക്രട്ടേറിയറ്റിൽ ഈ ഉദ്യോഗസ്ഥാനായിട്ടേ ഇരിക്കൂ എന്ന് പറയുന്നത് ജനാധിപത്യത്തിന് വിരുദ്ധമായ അധികാരകേന്ദ്രീകരണമാണ്. അതിന് ഉദ്യോഗസ്ഥരെ അനുവദിക്കുന്നത് ശരിയല്ല.
?. അപ്പോഴും, ഭരണപരമായി വലിയ അധികാരങ്ങളുള്ള ഐ.എ.എസുകാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാവുന്നുണ്ടോ
ബ്യറോക്രസി വർഷങ്ങളോളമുള്ള ഭരണത്തിന്റെ തുടർച്ചയാണ്. ഇങ്ങനെയുള്ള സിവിൽ സർവ്വീസ് വരുന്നതിന്റെ അപകടത്തെക്കുറിച്ചും അതില്ലാതിരുന്നാൽ ഉണ്ടാകുന്നതിന്റെ കുഴപ്പങ്ങളെക്കുറിച്ചും ജനാധിപത്യത്തിൽ മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് വരുന്ന നേതാക്കൻമാരുടെയും, ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ള ഭരണകൂടത്തിന്റെയും ഇടയിലുള്ള ലക്ഷ്മണ രേഖയ്ക്ക് എപ്പോഴെങ്കിലും വീഴ്ച്ച വന്നാൽ അധികാരത്തിൽ കൂടുതൽ കൈകടത്തപ്പെടും. അഞ്ച് വർഷം കഴിഞ്ഞ് ഈ ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിയാവും. ഞാനെന്തിന് അയാളെ പിണക്കണം. അയാൾ പറയുന്നതല്ലേ ശരിയെന്ന് പറയുന്നവരുമുണ്ട്.
കേരള രൂപീകരണത്തിന് ശേഷമുള്ള ആദ്യഘട്ടങ്ങളിൽ മന്ത്രിമാർ അടക്കമുള്ളവർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് സെക്രട്ടറിയറ്റിനുള്ളിലാണ്. അന്നവര്‍ വിഷയങ്ങൾ കുറച്ച് കൂടി ആഴത്തിൽ പഠിച്ചിരുന്നു. ഇന്ന് ജനാധിപത്യത്തിന്റെ സ്വഭാവം തന്നെ മാറി. മരണവീട്ടിൽ കൂടുതൽ തവണ പോകുന്നവരെ എം.എൽ.എമാരാവുകയുള്ളൂ. ജന്മനാളിന് ഉൾപ്പെടെ മന്ത്രിമാരും എം.എൽ.എമാരും പലരുടെയും വീടുകളിൽ എത്തേണ്ട അവസ്ഥയുണ്ട്.
അവർ വല്ലാതെ സമ്മർദ്ദത്തിന് അടിപ്പെട്ട് നിൽക്കുകയാണ്. നന്നായി ഫയൽ പഠിക്കുന്നവരും അത് ചെയ്യാത്തവരുമുണ്ട്. അല്ലാത്തവര്‍ക്ക് ചില സമയങ്ങളിൽ ഐ.എ.എസ് ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കേണ്ടി വരും.
ആ സന്ദർഭങ്ങളിൽ ഇവർ വലുതാവും.എന്നാല്‍ വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്ന നല്ല മന്ത്രിമാർ കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വെയ്ക്കുന്നയാളാണ്.
?. സി.പി.ഐ ഭരിക്കുന്ന പല വകുപ്പുകളിലും സ്ഥിതിഗതികൾ വഷളാകുന്ന നിലയുണ്ട്. വിവിധ പദ്ധതികൾക്ക് പണമനുവദിക്കുന്നതിലടക്കം സർക്കാരിനും സി.പി.എമ്മിനും സി.പി.ഐയോട് ചിറ്റമ്മ നയമാണെന്ന് കരുതുന്നുണ്ടോ
അത് കൃത്യമായി തന്നെ പാർട്ടി നേതൃത്വം എൽ.ഡി.എഫിൽ അറിയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സപ്ലൈകോയ്ക്ക് സബ്‌സിഡി പണം മാത്രമാണ് അനുവദിക്കുന്നത്. ബാക്കിയെല്ലാം അവർ രൂപപ്പെടുത്തിയെടുക്കുന്നതാണ്. ജനകീയമായ മാറ്റം ഉണ്ടാക്കിയ വകുപ്പാണത്.
അതിലേക്കുള്ള പണം കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നം അതിലുണ്ട്. കൺസ്യൂമർ ഫെഡിന് കുറച്ച് കൂടി നന്നായി ഇടപെടാൻ കഴിയുന്നുണ്ട്. ഇതൊക്കെ മുന്നണിക്കുള്ളിലെ ചർച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയമായാണ് കരുതുന്നത്.
വയനാടിന്റെ കാര്യത്തിൽ ഉണ്ടായത് മറ്റൊന്നാണ്. ആയിരം രൂപ ചോദിച്ചാൽ പത്ത് രൂപ അനുവദിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിനുള്ളത്.
അത്തരം മാനദണ്ഡപ്രകാരം എഴുതിക്കൊടുത്ത കണക്കുകൾ അതിശയോക്തിപരമായി പോയി. സാധാരണ ജനങ്ങൾ കാര്യങ്ങളെ വ്യക്തിപരമായിക്കണ്ടു. ഒരാളുടെ ശവസംസ്‌ക്കാരത്തിനുള്ള തുകയാവില്ല കൂട്ടത്തോടെ നടത്തുമ്പോഴുള്ളത്.
അങ്ങനെയൊരു ധാരണയിലേക്ക് പോയത് സാധാരണ ജനങ്ങളിൽ വല്ലാത്ത ഒരു അതൃപ്തിയും അവമതിപ്പുമുണ്ടാക്കി. അത് റവന്യൂ മന്ത്രിയുടെ കുഴപ്പം കൊണ്ട് ഉണ്ടായതല്ല. കുറച്ച് കൂടി പ്രായോഗിക സമീപനമായിരുന്നു ആവശ്യം.
തങ്ങൾ ഉണ്ടാക്കുന്ന കണക്കുകൾ രേഖകളായി മാറുമ്പോൾ അത് പുറത്ത് പോയാൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുമെന്ന തിരിച്ചറിവ് ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ലെന്നു വേണം കരുതാൻ.
?. വേതന വർധനവിന് വേണ്ടി സമരരംഗത്തുള്ള റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളെ സർവ്വീസ് സംഘടന നേതാവെന്ന നിലയിൽ എങ്ങനെ കാണുന്നു
അവരുടെ വിഷയങ്ങൾ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന നിലപാടുള്ളയാളാണ് ഞാൻ. അവസാനം മന്ത്രി അങ്ങനെ തന്നെയാണ് കാര്യങ്ങളെ സമീപിച്ചിരിക്കുന്നത്.
അവരും വലിയ വാശി ആദ്യഘട്ടത്തിൽ കാണിച്ചു. അങ്ങനെയുണ്ടായപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണുണ്ടായത്. എന്നാൽ പിന്നീട് വളരെ ജനാധിപത്യപരമായി മന്ത്രി അതിനെ കൈകാര്യം ചെയ്തു.
അവരുടെ വിഷയങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞു. കേന്ദ്രത്തിന്റെ നയം റേഷൻ നേരിട്ട് നൽകാനുള്ള സംവിധാനമൊരുക്കലാണ്. റേഷൻ വ്യാപാരികളെ കൂടി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുവിതരണ സംവിധാനത്തെ ഇങ്ങനെ പിടിച്ചു നിർത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ഈ സംവിധാനത്തെ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടതിന്റെ ബാദ്ധ്യത മന്ത്രിയെക്കാൾ വേണ്ടത് റേഷൻ വ്യാപാരികൾക്കാണ്.
?. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ സ്ഥലം മാറ്റത്തിന് ജോയിന്റ് കൗൺസിൽ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ ? ഇത് അന്വേഷിച്ചോ ? എന്തെങ്കിലും കണ്ടെത്താനായോ
വിഷയത്തിൽ ജോയിന്റ് കൗൺസിലിന്റെ പേരൊന്നും ആരും പറഞ്ഞിട്ടില്ല. അതൊരു പുകമറ പോലെ ചാനൽ ചർച്ചയിൽ ഉന്നയിക്കപ്പെടുകയായിരുന്നു. അതേ ചർച്ചയിൽ തന്നെയാണ് എന്ത് അന്വേഷണവും നടത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.
ജോയിന്റ് കൗൺസിലിനെ സംബന്ധിച്ചിടത്തോളം താഴേത്തട്ടിൽ എത്ര രൂപ പിരിക്കാമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. സമ്മേളനസമയത്ത് 1200 രൂപയ്ക്കപ്പുറം വാങ്ങരുതെന്ന നിർദ്ദേശമാണുള്ളത്.
സമ്മേളനം നടക്കുന്ന ജില്ലകളിൽ സംഘടനയുടെ സ്വന്തം അംഗങ്ങളിൽ നിന്ന് 5000 രൂപവരെ പിരിവെടുക്കാം. മറ്റുള്ളവരിൽ നിന്ന് അതും വാങ്ങാൻ പാടില്ലെന്നതാണ് നിർദ്ദേശം.
ഇപ്പോ എവിടെനിന്നും പരാതികൾ വരാറില്ല. വന്നാൽ നിശ്ചയമായും സംഘടനാ നടപടിയെടുക്കും. എവിടെയങ്കിലും അറിയാതെയും കാണാതെയും ആരെങ്കിലും പിരിവ് നടത്തിയാൽ അതിന് ഞങ്ങൾ ഉത്തരവാദിയല്ല.
ഞങ്ങൾ അറിഞ്ഞുകൊണ്ടോ സംഘടനയുടെ ഏതെങ്കിലും ഘടകം അറിഞ്ഞുകൊണ്ടോ ഏതെങ്കിലും വ്യക്തി അങ്ങനെ പരിവ് നടത്തില്ല. അതുകൊണ്ട് തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. അതിൽ അന്വേഷണം നടന്നു. ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.
?. നവീൻ ബാബു അഴിമതിക്കാരനല്ലെന്നാണ് പൊതുവെ അഭിപ്രായമുയർന്നത്. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്ക് ഇത്തരം തിക്താനുഭവങ്ങൾ ഇടത് സർക്കാരിന്റെ കാലത്തുണ്ടാവുന്നതിനെ ന്യായീകരിക്കാനാവുമോ
ഇല്ല. അഴിമതിക്കാരല്ലാതെ പ്രവർത്തിക്കുന്നതിന് സർക്കാർ സർവ്വീസിൽ പരിമിതികളുണ്ട്. അത് തുറന്ന് പറയേണ്ടി വരും. മേട്ടോർ വാഹന വകുപ്പിൽ അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥന് ജോലി ചെയ്യാനാവാത്ത അവസ്ഥയുണ്ട്.
അത് നമ്മൾ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. രജിസ്‌ട്രേഷൻ വകുപ്പിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. നഗരസഭയിൽ ഉൾപ്പെടെ നടക്കുന്ന അഴിമതികളുണ്ട്. പക്ഷേ നമ്മൾ പോയി പറഞ്ഞാൽ ഒരു അഴിമതിയുമില്ലാതെ കാര്യം നടത്തി തരുന്നവരുമുണ്ട്.
ഒന്നാമത് സർക്കാർ സ്‌പോൺസേർഡ് പിരിവുകൾ അവസാനിപ്പിക്കണം. ലിഖിതമായി അങ്ങനെ ഒരു ധാരണയില്ല. സ്‌റ്റേജ് കെട്ടുന്നതിനും ഭക്ഷണം നൽകുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. രാഷ്ട്രീയമായോ രാഷ്ട്രീയേതരമായോ സർക്കാർ ജീവനക്കാരെ ഉപയോഗിച്ചുള്ള പണപ്പിരിവുകൾ കുറഞ്ഞാൽ അഴിമതി ഒരു പരിധി വരെ കുറയും.
അങ്ങനെയുള്ള സംഭവങ്ങളിൽ ധാർമ്മികത സൂക്ഷിക്കേണ്ടതുണ്ട്. സർക്കാർ പരിപാടികളുടെ നടത്തിപ്പ് ചുമതല കൊടുക്കാം. അതിന് ഫണ്ട് അനുവദിക്കണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പട്ടയമേളകൾക്ക് സർക്കാർ കൃത്യമായി ഫണ്ട് അനുവദിച്ചു.
ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റ് നടത്താതെ മുന്നോട്ട് പോകാൻ കഴിയുന്നില്ല, അതുകൊണ്ട് അവിടെ ഇരിക്കുന്നില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്.
?. നവീൻ ബാബുവിന്റെ വിഷയത്തിൽ ജില്ലാ കളക്ടർ അരുൺ.കെ.വിജയന്റെ നിലപാടിനെ അത്ര നിഷ്‌ക്കളങ്കമായി കാണാനാവുമോ ? ഇപ്പോഴും കണ്ണൂർ കളക്ടർ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെടുമോ
വിഷയത്തിൽ കളക്ടറുടെ നിസംഗതയും ശരീരഭാഷയും ഒട്ടും അംഗീകരിക്കാനാവില്ല. അദ്ദേഹവും ആത്മഹത്യ പ്രേരണയ്ക്ക് യഥാർത്ഥത്തിൽ കുറ്റക്കാരനാണെന്ന് അന്വേഷണം നടത്തിയപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞതാണ്. അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ ഇവിടെ വിഷയമാണ്. നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അദ്ദേഹത്തെ കാണുന്നു.
ഇതിന് അനുവാദം വാങ്ങുന്നു. അപ്പോൾ തന്നെ വിഷയം പരിഹരിക്കാം, നമ്മുക്കൊന്നിച്ച് എ.ഡി.എമ്മിനെ വിളിച്ച് സംസാരിക്കാം എന്ന് പറയാനുള്ള മര്യാദ അദ്ദേഹം കാണിച്ചില്ലെന്ന കാര്യവും നമ്മുക്ക് മുന്നിലുണ്ട്.
അദ്ദേഹത്തെ മാറ്റിനിർത്തേണ്ടതായിരുന്നു. ചിലപ്പോൾ ഇതൊന്നുമല്ലായിരിക്കാം. എന്നാലും അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിച്ചത് ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കുന്നതിന് കാരണമായി. സർക്കാർ ജനങ്ങളെ നോക്കികൂടി വേണം ഭരണം നടത്തേണ്ടത്.
?. നവീൻ ബാബുവിന്റെ വിഷയത്തിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഒന്നലധികം തവണ, സർവ്വീസിലുള്ള അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെട്ട കുടുംബാംഗങ്ങൾ ആവർത്തിച്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയി. സർക്കാർ എതിർത്തു. സംഘടനയെന്ന നിലയിൽ വിഷയത്തിൽ ഒരു പ്രതിഷേധം പോലും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലല്ലോ
സി.ബി.ഐ അന്വേഷണം രാഷ്ട്രീയമാക്കി മാറ്റാനേ കേന്ദ്രം ശ്രമിക്കുകയുള്ളൂ എന്നത് കൊണ്ടാവാം സർക്കാർ എതിർത്തത്. കേരള സമൂഹത്തെ വൈകാരികമായി സ്വാധീനിക്കപ്പെട്ടതാണ് നവീൻ ബാബുവിന്റെ മരണം. അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയെ പോയി കാണുകയും ഇപ്പോഴും അവർക്കുള്ള എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നുണ്ട്.
സംഘടനയുടെ കണ്ണൂർ, പത്തനംതിട്ട ഘടകങ്ങൾ പൂർണ്ണ പിന്തുണയാണ് അവർക്ക് നൽകിയിട്ടുള്ളത്. പിന്നെ ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
റവന്യൂ മന്ത്രി അതിന്റെ കൂടെ തന്നെ നിന്നു. അക്കാര്യത്തിൽ ജോയന്റ് കൗൺസിലിന് വ്യത്യസ്തമായ അഭിപ്രായമില്ല. ഒരു പ്രക്ഷോഭം നടത്തിക്കൊണ്ട് പോകേണ്ട സാഹചര്യത്തിലേക്ക് ഇക്കാര്യത്തെ കൊണ്ടു വന്നില്ലെന്നത് യാഥാർത്ഥ്യമാണ്.
യൂത്ത് കോൺഗ്രസും യുവമോർച്ചയും സമരം നടത്തുന്നിടത്ത് ജോയിന്റ് കൗൺസിൽ സമരം നടത്തുന്നത് അശ്ലീലമായേ കാണാനാവൂ. എന്നാൽ വിഷയത്തിൽ കേരളം മുഴുവൻ നമ്മൾ പ്രതിഷേധ പ്രകടനം നടത്തി.
പറയേണ്ടതെല്ലാം സർക്കാരിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. കത്തുകൾ കൊടുത്തിട്ടുണ്ട്. എന്നാൽ പരസ്യമായി പ്രതിപക്ഷ സംഘടനകളുടെ സ്വരം നമ്മുക്ക് പുറത്തെടുക്കാനാവില്ല. അതിന്റെ പരിമിതികൾ നമ്മുക്കുണ്ടെന്നത് യാഥാർത്ഥ്യമാണ്.
?. സെക്രട്ടേറിയറ്റ് അടക്കമുള്ള ഇടങ്ങൾ ഏതാണ്ട് അഴിമതി വിമുക്തമായെന്നാണ് മുഖ്യമന്ത്രി ഇക്കഴിഞ്ഞയിടെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഉദ്ഘാടന വേദിയിൽ പറഞ്ഞത്. എല്ലാം ശരിയായോ ? അഴിമതി വെളിച്ചത്തുകൊണ്ടുവരാൻ ജോയിന്റ് കൗൺസിൽ ആരംഭിച്ച ധ്വനി പദ്ധതി പോലും പാളിയില്ലേ
സിവിൽ സർവ്വീസ് രംഗം ഒരിക്കലും അഴിമതി വിമുക്തമായെന്ന് പറയാനാവില്ല. ധ്വനി എന്ന പേരിൽ 400 ഓളം ഓഫീസുകളിൽ പരാതിപ്പെട്ടിവെച്ചത് ഞങ്ങളെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അറിയാൻ കൂടിയാണ്.
എല്ലാ മാസവും 27നാണ് ഇത് തുറന്ന് പരിശോധച്ചിരുന്നത്. അതിൽ നിന്നും ആദ്യത്തെ വർഷങ്ങളിൽ ലഭിച്ച നൂറോളം പരാതികൾ നമ്മൾ പോയി അന്വേഷിച്ചിരുന്നു.
ഭൂരിഭാഗവും വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ജനങ്ങൾ അഴിമതി തടയാനുള്ള മാർഗങ്ങൾ വിനിയോഗിക്കുന്നില്ല എന്ന പരാതിയാണ് എനിക്കുള്ളത്.
പലപ്പോഴും ചില സ്ഥലങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി 'റെഡ് ട്രാപ്പിലൂടെ'യാണ് ഉദ്യോഗസ്ഥരെ പിടിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളിലെ അഴിമതി മാത്രമാണ് ഇങ്ങനെ പുറത്ത് വരുന്നത്.
ഇടനിലക്കാർ വഴി കോടികൾ മറിയുന്ന അഴിമതകൾ, കൺസൾട്ടൻസികൾ വഴിയുള്ള ഇടപാടുകൾ, ഓഡിറ്റിംഗിന്റെ അഭാവം കൊണ്ടുണ്ടാവുന്ന അഴിമതികൾ ഇങ്ങനെയുള്ളവ തുടരുകയാണ്.
കോട്ടയം നഗരസഭയിൽ 231 കോടി രൂപയുടെ അഴിമതിക്കെതിരെ എൽ.ഡി.എഫ് സമരത്തിലാണ്. ഇതൊന്നും നല്ല രീതിയിൽ അന്വേഷണവിധേയമാകുന്നില്ല.
എന്നാൽ 1000 രൂപ വാങ്ങുന്ന ഉദ്യോഗസ്ഥന് 'സിവിൽ ഡെത്ത്' ഉണ്ടാവുന്നു. ജീവിതമില്ലാത്ത അവസ്ഥയാണ്. അത് വേണ്ടെന്നല്ല പറയുന്നത്. എന്നാൽ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ തീവ്രത, രാഷ്ട്രീയരംഗത്തെ അഴിമതികളടക്കം എങ്ങനെ അവസാനിപ്പിക്കാമെന്ന് ആലോചനകളുണ്ടാവണം.
അഴിമതി ഏറ്റവും കുറവ് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതികൾ പ്രഖ്യാപിക്കും. പക്ഷേ നടപ്പാവില്ല. നൂറു രൂപ സർക്കാർ ചിലവഴിച്ചാൽ ജനങ്ങളിൽ പരമാവധി 10 മുതൽ 15 രൂപവരെയാണ് എത്തുന്നത്. ഇവിടെ 60 മുതൽ 70 രൂപവരെയെത്തും എന്നാണ് എന്റെ കണക്ക് കൂട്ടൽ.
മറ്റ് സംസ്ഥാനങ്ങളിൽ കോടതികളിൽ പോലും പണം വാങ്ങുന്ന തരത്തിൽ അഴിമതിയുണ്ട്. പക്ഷേ ജനങ്ങളുമായി ബന്ധപ്പെട്ട പരാതി വരുമ്പോൾ മാത്രമല്ല അഴിമതിയെ കുറിച്ചുള്ള അന്വേഷണം നടക്കേണ്ടത്. അഴിമതി ഒഴിവാക്കാൻ വിശാലമായ കാഴ്ച്ചപ്പാടാണ് ആവശ്യം.
?. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഒന്നിലധികം തവണ അദ്ദേഹത്തെ പുകഴ്ത്തി പാട്ടുകൾ പുറത്ത് വന്നിട്ടുണ്ട് ? ഇക്കുറി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ തന്നെയാണ് പുകഴ്ത്തല്‍ ഗാനാലാപനം നടത്തിയത്. സർക്കാർ ജീവനക്കാർ ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ പുകഴ്ത്തുന്നത് അവരുടെ പദവിക്ക് ചേർന്ന നടപടിയാണോ ? ഇത് കമ്മ്യൂണിസ്റ്റ് മുല്യങ്ങൾക്ക് ചേർന്നതാണോ
അതൊക്കെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിരുന്നു. എന്നെ ദിവസവും രാവിലെയും വൈകുന്നേരവും ആളുകൾ തെറിവിളിക്കുമ്പോൾ ഒരാൾ ഒരു പാട്ട് പാടിയാൽ ഞാൻ എന്തിന് അതിനെ എതിർക്കണമെന്നുള്ള വളരെ നിഷ്‌ക്കളങ്കമായ ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അദ്ദേഹം ഒരിക്കലും അത് ആസ്വദിച്ചു കൊണ്ട് പറഞ്ഞതാകണമെന്നില്ല. അങ്ങനെയൊരു കമ്മ്യൂണിസ്റ്റ്കാരനുമല്ല പിണറായി വിജയൻ.
പാട്ട് വളരെ നല്ലതായിരുന്നു. കേൾക്കാൻ നല്ല ഇമ്പവുമുണ്ട്. അത് നന്നായി ആസ്വദിച്ച് പാടുകയും ചെയ്തു. പക്ഷേ ഒരു സർവ്വീസ് സംഘടന എന്ന നിലയിൽ അവരുടെ ദൗത്യമെന്താണെന്ന് അവർ സ്വയം ആലോചിക്കേണ്ട വിഷയമാണ്. കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനത്തിന് ഇങ്ങനെ ഗാനാലാപനം പാടുണ്ടോയെന്ന് അവർ ചിന്തക്കണം. അദ്ദേഹത്തെ പോലെ അവരും കമ്മ്യൂണിസ്റ്റുകാരാണ്.
പാട്ട് കേൾക്കുമ്പോൾ അത് നിർത്ത് എന്നദ്ദേഹം പറഞ്ഞാൽ ചിലപ്പോൾ ഒരു വാർത്തയാകും. അതിൽ കൂടുതലൊന്നുമില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് ബോധ്യത്തിന്റെ കുറവ് അതിൽ ആ സംഘടനയ്ക്കുണ്ടായി. അവർ ആ സമയത്ത് അങ്ങനെ ഒരു പാട്ടും കൊണ്ട് ഇറങ്ങരുതായിരുന്നു. അത് അദ്ദേഹത്തിനാണ് മോശമായിപ്പോയത്.
?. സർക്കാർ സർവ്വീസിൽ പല വകുപ്പുകളിലും താങ്ങാനാവാത്ത സമ്മർദ്ദം ജീവനക്കാർക്കുണ്ടാകുന്നുവെന്ന് പറയപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള അനാവശ്യ സമ്മർദ്ദങ്ങൾ പലരെയും വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുവെന്നും പരാതികളുണ്ടല്ലോ
സർക്കാർ സർവ്വീസുകളുമായി ബന്ധപ്പെട്ടുള്ള കാഴ്ച്ചപ്പാടുകൾ മാറിപ്പോയി. മുമ്പത്തെ പോലെ അർപ്പിത മനസോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കുറവുണ്ടായി. ജോലി താൻ ചെയ്യേണ്ടതാണെന്ന ഉത്തരവാദിത്വം അങ്ങോട്ടുമിങ്ങോട്ടും തട്ടി വിടുന്നതിലേക്ക് ജീവനക്കാരെത്തി.
ഓഡിറ്റ് ഒബ്ജക്ഷൻ, വിജിലിൻസ് അേന്വഷണം എന്നിവ വരുമോയെന്നുള്ള ഭയം ഭയങ്കരമായ സമ്മർദ്ദത്തിന് അടിപ്പെടുത്തുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കൂടി വരുന്നു.
സ്വാഭാവികമായി ഒരു നോൺ ഗസറ്റഡ് ജീവനക്കാരന് സ്ഥലംമാറ്റമുണ്ടായാൽ ജീവിക്കാനുള്ള പണം ലഭിക്കാതെ വരുന്നതിന്റെ സമ്മർദ്ദമുണ്ടാവുന്നു. ഇങ്ങനെയുള്ള സമ്മർദ്ദങ്ങൾ സർക്കാർ സർവ്വീസിനെ വലുതായി ബാധിച്ചിട്ടുണ്ട്.
ഉത്തരവാദിത്വ നിർവ്വഹണത്തിനകത്ത് ഒരാൾ ചെയ്യേണ്ട ജോലിയെക്കുറിച്ചുള്ള നിർവചനത്തിൽ പല പരിമിതികളും ഉണ്ടായിട്ടുണ്ട്. പൊലീസ്, പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരാണ് ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത്.
ഇപ്പോഴും ഒരു പൊലീസ് സ്‌റ്റേഷനിൽ ചെന്നാൽ അവർ അനുഭവിക്കുന്ന ജോലിഭാരത്തിന്റെ തീവ്രത മനസിലാവും. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് അവിടെയാണ്.
?. പുതുതായി സർവ്വീസിലെത്തുന്നവർക്ക് പൊതുവായ ഒരു പരിശീലനം നൽകേണ്ടതില്ലേ
നിയമപരമായ പരിശീലനങ്ങൾക്കപ്പുറത്ത് ജനങ്ങളുമായി ഇടപെടുന്നതിലാണ് പരിശീലനം നൽകേണ്ടത്. വീട്ടിൽ പെരുമാറുന്നത് പോലെ പൊതുസ്ഥലത്ത് പെരുമാറാനാവില്ല. പൊതുജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് പല ഉദ്യോഗസ്ഥർക്കും അറിയില്ല. പല തരത്തിലുള്ള മനുഷ്യർ നമ്മുടെ മുന്നിലേക്കെത്തും. അനുകമ്പ വലിയ ഒരു വിഷയം തന്നെയാണ്.
അതെല്ലാവർക്കും ഒരു പോലെ ഉണ്ടാവണമെന്നില്ല. മുന്നില്‍ ഇരിക്കുന്നയാളോട് ഞാനാണത് എന്ന് സങ്കൽപ്പിച്ച് പെരുമാറുന്നതാണ് അനുകമ്പ. അതിന്റെ മൂല്യം ഇന്ന് കുറഞ്ഞ് പോയത് പലയിടത്തും സംഘർഷങ്ങളുണ്ടാവുന്നു.
കുറേ ദിവസങ്ങളെടുത്ത് മാനസികമായി ജീവനക്കാരെ പാകപ്പെടുത്തുന്ന തരത്തിൽ ഒരു പരിശീലനമാണ് വേണ്ടത്. അത് ഉണ്ടാകുന്നില്ല.
?. പലപ്പോഴും ട്രേഡ് യൂണിയനിസം പരിധി വിടുന്നുവെന്നും സ്ഥലംമാറ്റത്തിലടക്കമുള്ള പല കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നുവെന്നും വിലയിരുത്തലുണ്ട്. ഇത് ഒഴിവാക്കേണ്ടതല്ലേ
ഓൺലൈൻ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് തീരുമാനിച്ചത് 2017ലാണ്. ശക്തമായ ഉത്തരവിറക്കി. പല വകുപ്പുകളും ഓൺലൈൻ സ്ഥലം മാറ്റം ഇനിയും നടപ്പലാക്കിയിട്ടില്ല. അത് നടപ്പാക്കിയാൽ ഈ പറയുന്ന സംഘടനയുടെ അതിപ്രസരം അതിൽ ഇല്ലാതാവും.
ചിലപ്പോൾ ജനാധിപത്യപരമായും രാഷ്ട്രീയമായും ചിലപ്രസ്ഥാനങ്ങളോട് ചേർന്നു നിൽക്കുന്നവരെ താക്കോൽ സ്ഥാനങ്ങളിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടാവും.
അത് ഭരണസംവിധാനങ്ങൾക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കും പഞ്ചായത്തുകൾക്കും ഉണ്ടാവും. അത് നിരാകരിക്കാനാവില്ല.
നമ്മുടെ നയവുമായി യോജിക്കാത്ത എപ്പോഴും എതിർക്കുന്ന ഒരാൾ തക്കോൽ സ്ഥാനത്തിരുന്നാൽ ജനാധിപത്യപരമായ കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവില്ല. ഒരു അയവ് വേണം.
?. സംഘടനാ പ്രവർത്തം, സമ്മേളനങ്ങൾ, കെട്ടിട ഫണ്ട് തുടങ്ങിയവയ്ക്കായി ജീവനക്കാരിൽ നിന്നും സർവ്വീസ് സംഘടനകൾ ഭീഷണിയുടെ സ്വരത്തിൽ ഫണ്ട് പിരക്കുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു
ജോയിന്റ് കൗൺസിൽ കൃത്യമായി സർക്കുലർ നൽകിയിട്ടുണ്ട്. ഒരു സമ്മേളനത്തിന് ഒരു ജീവനക്കാരനിൽ നിന്ന് 1200 രൂപയാണ് വാങ്ങുന്നത്. മൂന്ന് കൊല്ലം മുമ്പ് തീരുമാനിച്ചതാണ്.
ഇപ്പോൾ ശമ്പളത്തിന്റെ അപര്യാപതത കൊണ്ട് അത് കൂട്ടാനാവുന്നില്ല. മാസികയ്ക്ക് 200 രൂപ. ഇതാണ് ജോയിന്റ് കൗൺസിലിന്റെ പരിവ്. പിന്നെ കുറെ കാറ്റഗറി സംഘടനകളുണ്ട്. അവരുടെ സമ്മേളനം രണ്ട് കൊല്ലത്തിൽ ഒരിക്കലാണ് വരുന്നത്.
നമ്മുടേതും അങ്ങനെ തന്നെ. അവരോട് 1000 രൂപ വാങ്ങും. ആകെ 2500 രൂപയോളമാണ് വാങ്ങുന്നത്. സമ്മേളനം നടക്കുന്ന ജില്ലകളിൽ 50 ലക്ഷം രൂപയോളം ചിലവ് വരും.
അവിടെ 5000 രൂപവെച്ച് വാങ്ങാൻ പറയും. കെട്ടിട ഫണ്ട് വാങ്ങാറേയില്ല. സംഘടനകളിൽ നിന്നും ലഭിച്ച നീക്ക ബാക്കിയും മാസികയിൽ നിന്നും ലഭിക്കുന്ന പണവും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്.
ചില ആൾക്കാർ ഫണ്ട് പിരിവ് ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ട്. അതൊഴിവാക്കാൻ കൃത്യമായ ഓഡിറ്റ് നടപ്പാക്കിയിട്ടുണ്ട്. ഇടത് സംഘടനകളിൽ ഈ ആരോപണങ്ങൾ അസ്ഥാനത്താണെന്നാണ് എന്റെ അഭിപ്രായം.
?. രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ വീഴ്ച്ചയുണ്ടായെന്ന് കരുതുന്നുണ്ടോ ? ഇത് മാറ്റണമെന്ന് മുഖ്യമന്ത്രിയടക്കമുള്ള അധികാരികളോട് ആവശ്യപ്പെടുമോ
തീർച്ചയായും ഉണ്ടല്ലോ. എന്തെല്ലാംപ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും ഒന്നാം പിണറായി സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ ഒന്നും തടഞ്ഞുവെച്ചില്ല. ശമ്പള പരിഷ്‌ക്കരണം നടത്തി.
പെൻഷൻ വിഷയത്തിൽ മാത്രമാണ് കമ്മീഷനെ വെച്ചത്. അതിൽ നിന്നും വ്യത്യസ്ത നിലപാടാണ് രണ്ടാം ഇടതുമുന്നണി സർക്കാർ സ്വീകരിച്ചത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.
കേന്ദ്രം വരുത്തിവെച്ച ചില സാമ്പത്തിക പ്രശ്‌നങ്ങളൊക്കെയുണ്ട്. പക്ഷേ അതിനിടയിൽ ജീവനക്കാർ കുഴപ്പക്കാരാണെന്നും അവരെ ഒട്ടുമേ പരിഗണിക്കേണ്ടെന്നും അവർക്ക് പണം നൽകുന്നത് കൊണ്ടാണ് ഖജനാവ് ചോരുന്നതെന്ന തരത്തിലുള്ള ചില ദു:സൂചനകൾ നൽകിയ പത്രപ്രസ്താവനകളും പ്രഖ്യാപനങ്ങളും വല്ലാതെ ദോഷം ചെയ്തു.
പക്ഷേ മുഖ്യമന്ത്രി അങ്ങനെയല്ല. അപകടം തോന്നുന്ന സമയങ്ങളിലെല്ലാം അദ്ദേഹം കൃത്യമായി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിലെടുക്കുന്ന ജാഗ്രത ധനവകുപ്പ് എടുക്കുന്നില്ല. അത് ഒരു പ്രശ്‌നമാണ്. ധനകാര്യ വകുപ്പിൽ ഇരിക്കുന്ന വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻമാർ പഴയ യുഡി.എഫിന്റെ വക്താക്കളായിരുന്നു.
യു.ഡി.എഫിന്റെ നയം നടപ്പാക്കുവാൻ കച്ചകെട്ടി ഇറങ്ങിയവരിൽ ചിലരാണ് ധനകാര്യ വിദഗ്ധരായി നമുക്കൊപ്പമുള്ളത്. അത് ദൗർഭാഗ്യകരമായ സംഗതിയാണ്. അവരുടെ ഉപദേശങ്ങൾ ജീവനക്കാർക്ക് എതിരായിരിക്കും. അതിന്റെ പരിണിതഫലം എന്താകുമെന്ന് ഇവർ മനസിലാക്കുന്നില്ല.
മറ്റ് സംസ്ഥാനങ്ങളിൽ ചെന്ന് പഠനം നടത്തണം. താഴേത്തട്ടിലെ ജീവനക്കാരും സിവിൽ സർവ്വീസും ഇല്ലാതായാൽ എങ്ങനെ ഭരണനിർവ്വഹണം ഇല്ലാതാവുമെന്ന് അപ്പോൾ മനസിലാവും.
ധ്രുവ് റാഠിയുടെ പുതിയ വീഡിയോ കാണണം. ഇന്ത്യയിൽ മധ്യവർഗം ഇല്ലാതായി. സ്ഥിരം വരുമാനം കിട്ടുന്നവർ ഇല്ലാതായി. ഇവരാണ് സമൂഹത്തിലെ ഏറ്റവും മുകൾത്തടിലുള്ളവർക്കും താഴേത്തട്ടിലുള്ളവർക്കും ഇടയിൽ നിൽക്കുന്നവർ.
ഇവർക്ക് കിട്ടുന്ന പണമാണ് അങ്ങോട്ടുമിങ്ങോട്ടും ഒഴുകി സാമ്പത്തിക ഘടനയെ നിലനിർത്തുന്നത്. അവരില്ലാതായി. കേരളത്തിലെ സർക്കാർ ജീവനക്കാർ ഇല്ലാതായാൽ മധ്യവർഗം ഇല്ലാതാവും.
ഈ ഉപദേശകർ ഇതിനെ അങ്ങനെ കാണുന്നില്ല. അവർ 'ലെസ് ഗവൺമെന്റ് മോർ ഗവേണൻസ് 'എന്ന് കേന്ദ്ര ധനകാര്യ കമ്മീഷൻ പറയുന്നത് പോലത്തെ നടപടി വേണമെന്ന് ശഠിക്കുന്നവരാണ്. ജീവനക്കാർക്ക് നൽകുന്നത് കൂടിപ്പോകുന്നുവെന്ന് നിരന്തരമായി ഭരണകർത്താക്കളെ പഠിപ്പിക്കുകയാണ്.
?. സർവ്വീസ് സംഘടനാ രംഗത്തും പൊതു രാഷ്ട്രീയ മണ്ഡലത്തിലും ബി.ജെ.പിയടക്കമുള്ള സംഘപരിവാർ സംഘടനകളുടെ വളർച്ച ആശങ്കപ്പെടുത്തുന്നുണ്ടോ ? സർവ്വീസ് സംഘടനാ രംഗത്ത് ഇതിനെ എങ്ങനെ നേരിടും
കേരളത്തിൽ അവർക്ക് ഒരുതരത്തിലും അടുക്കാൻ പറ്റാത്ത മേഖലയാണ് സിവിൽ സർവ്വീസ് എന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുേമഖലാ സ്ഥാപനങ്ങളിൽ അവരുടെ ശക്തി തെളിയിച്ചു. സിവിൽ സർവ്വീസ് രംഗത്ത് ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രതിരോധ രാഷ്ട്രീയത്തിൽ അഭിമാനമുണ്ട്. ഇതില്ലാതായാൽ അവിടെ ബി.ജെ.പി വളരും.
ഞങ്ങൾ വല്ലാത്ത ധർമ്മ സങ്കടത്തിലാണ്. സ്വന്തം കണ്ണാടിയിൽ നോക്കി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. എന്നിരുന്നാലും ഞങ്ങൾ അത് നിർവ്വഹിക്കുന്നുണ്ട്.
ഭരണമുന്നണിയിൽ നിന്നുകൊണ്ട് അതിനെതിരെ സംസാരിക്കുമ്പോൾ പാലിക്കേണ്ട ഒരു ലക്ഷ്മണ രേഖ വളരെ കടുപ്പം പിടിച്ചതാണ്. അതിനിടയിൽ നിന്ന് ഞങ്ങൾ ഈ പോരാട്ടം നടത്തുന്നത് സംഘപരിവാറിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാൻ കൂടിയാണ്.